കണ്ണൂര്‍: പൈപ്പ്ലൈന് സ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേരളത്തില്‍ വാതകക്കുഴല്‍ യാഥാര്‍ഥ്യമാക്കുന്നതെന്ന് ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ് അറിയിച്ചു. ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ ലോകം മുഴുവന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് അമേരിക്കന്‍ സ്റ്റാന്റേര്‍ഡ് ഫോര്‍ മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ് 31.8 കോഡും അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ട് 1104 കോഡും അനുസരിച്ചാണ്. ഇതേ മാനദണ്ഡങ്ങള്‍ ഗെയിലും കര്‍ശനമായി ഉറപ്പുവരുത്തുന്നു. രാജ്യത്ത് നിലിവുള്ള പെട്രോളിയം ആന്‍ഡ് മിനെറല്‍ പൈപ്പ്ലൈന്‍സ് (പിഎംപി) ആക്റ്റിലെ നിര്‍ദേശങ്ങളെല്ലാം വിട്ടുവീഴ്ചയില്ലാതെ ഗെയില്‍ പാലിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് എല്ലാവിധത്തിലുള്ള സുരക്ഷയും ഉറപ്പുവരുത്തിക്കൊണ്ടാണ് പൈപ്പ്ലൈന് സ്ഥാപിക്കുന്നതെന്നും ഗെയില്‍ അധികൃതര്‍ അറിയിച്ചു. 31.8 കോഡ് അനുസരിച്ച് ഒരു മൈല്‍ നീളത്തില്‍ കാല് മൈല്‍ വീതിയില്‍ പൈപ്പ് കടന്നുപോകുന്ന സ്ഥലത്തെ വീടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി ജനസാന്ദ്രത അളക്കുകയാണ് പതിവ്. വീടുകളുടെ എണ്ണം പത്തില്‍ താഴെയാണെങ്കില്‍ ജനസാന്ദ്രത ഇന്‍ഡെക്സ് ക്ലാസ് 1 ആയി കണക്കാക്കി അതനുസരിച്ച് പൈപ്പിന്റെ കനം നിശ്ചയിക്കും. വീടുകളുടെ എണ്ണം 11 നും 25നും ഇടയ്ക്കാണെങ്കില്‍ ജനസാന്ദ്രത ഇന്‍ഡെക്സ് ക്ലാസ് 2 ആയി കണക്കാക്കി പൈപ്പിന്റെ കട്ടി കൂട്ടും. എണ്ണം 26നും 45നും ഇടയിലാണെങ്കില്‍ ജനസാന്ദ്രത ഇന്‍ഡെക്സ് ക്ലാസ് 3 ആയും 46 നു മുകളിലോ ആരാധനാലയങ്ങള്‍, സ്കൂള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലോ ആണെങ്കില്‍ ഇന്‍ഡെക്സ് 4 ആയും പരിഗണിച്ച് കട്ടികൂടിയ ക്ലാസ് 3, 4 പൈപ്പുകളും ഉപയോഗിക്കും. ഇതാണ് ജനസാന്ദ്രത പരിഗണിച്ച് പൈപ്പിടുന്നതിന്റെ ശാസ്ത്രീയവശം. ഇതേ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഗെയില്‍ പൈപ്പ്ലൈനുകള് സ്ഥാപിക്കുന്നതും.
പൈപ്പ്ലൈനുകള് വിന്യസിക്കാനായി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമമാണ് പി എം.പി ആക്റ്റ്. ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്ന് ഇതില്‍ പ്രത്യേകം നിഷ്കര്‍ഷിക്കുന്നില്ല. കേരളത്തേക്കാള്‍ ജനസാന്ദ്രതേയറിയ നഗരങ്ങളില്‍ ഉള്‍പ്പെടെ പൈപ്പ്ലൈനുകള് കടന്നുപോകുന്നുണ്ട്. രാജ്യത്ത് നിലവില്‍ 16 സംസ്ഥാനങ്ങളിലായി 77 നഗരങ്ങളില്‍ അതീവ സുരക്ഷാ മേഖലയില്‍പ്പോലും പൈപ്പ്ലൈന് കടന്നുപോകുന്നുണ്ട്. അവിടെയൊന്നും പ്രകൃതിവാതകമോ സിഎന്‍ജിയോ ഇതുവരെ അപകടം വരുത്തിയിട്ടില്ല. വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജിയെ അപേക്ഷിച്ച് താരതമ്യേന അപകടം ഒട്ടുമില്ലാത്ത വാതകമാണ് പ്രകൃതി വാതകം. ഇതേപ്പറ്റി ചിലര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ അസ്ഥാനത്താണെന്നും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സമൂഹത്തിന്റെയും പൊതുപുരോഗതിക്ക് പൈപ്പ്ലൈന് പദ്ധതിയുമായി സഹകരിക്കണമെന്നും ഗെയില്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: