അമ്പലപ്പുഴ: മദ്യപിച്ചു ബഹളമുണ്ടാക്കിയ യുവാവിനെ പിടുകൂടിയ പുന്നപ്ര പോലീസിന് അറസ്റ്റു ചെയ്യാനായത് വന്‍ ചാരായ വാറ്റുകാരനെ. രണ്ടു കന്നാസുകളില്‍ നിറച്ച എഴുപതു ലിറ്റര്‍ ചാരായവും കോടയുമായി പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കരിമ്പാവളവു തോപ്പില്‍ വീട്ടില്‍ മഹാദേവനെ(55)യാണ് പുന്നപ്ര എസ്‌ഐ പ്രതാപ് ചന്ദ്രന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇന്നലെരാവിലെ 11 ഓടെ പുന്നപ്രയില്‍ മദ്യപിച്ചു ബഹളം വെച്ച യുവാവിനെ പിടികൂടിയിരുന്നു. താന്‍ വാറ്റു ചാരയമാണ് കഴിച്ചിരിക്കുന്നതെന്നും ഇത് മഹാദേവനാണ് തനിക്ക് നല്‍കിയതെന്നും ഇയാല്‍ വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് മഹാദേവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നും താന്‍ വാറ്റുന്നത് പുന്നപ്ര വടക്കു പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പൂന്തിരം പാടശേഖരത്തിനു സമീപത്തെ ചെറുപുരക്കല്‍ തൊമ്മിച്ചന്റെ ചിറയിലാണെന്നും മഹാദേവന്‍ വെളിപ്പെടുത്തി. പിന്നീട് ഇയാളുമായി പോലീസ് പറവൂര്‍ പനയകുളങ്ങര സ്‌കൂളിനു കിഴക്കു ഭാഗത്തെത്തി ഇവിടെ നിന്നും തോട്ടിറമ്പിലൂടെ ഒരു മണിക്കൂര്‍ കാല്‍ നടയായി മൂന്നു കിലോമീറ്റര്‍ അകലെയുളള ചിറയില്‍ എത്തുകയായിരുന്നു.
ചിറ ഭാഗത്ത് കുറ്റി കാട്ടില്‍ ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടു കന്നാസുകളിലായി ശേഖരിച്ചു വെച്ചിരുന്ന എഴുപതു ലിറ്റര്‍ കോടയും, ചരായവും, പാചക വാതക സിലിണ്ടര്‍, കലം, ചരുവം ഉള്‍പ്പെടെയുള്ള വാറ്റുപകരണങ്ങളും കോടയും കണ്ടെത്തുകയായിരുന്നു. ഈ ഭാഗത്ത് ആള്‍പാര്‍പ്പില്ലാത്തതും വാഹന ഗതാഗത സൗകര്യവും ഇല്ലാത്തതിനെ തുടര്‍ന്ന് ഇവിടേയ്‌ക്ക് ആരും എത്താറില്ലെന്ന് മനസിലാക്കിയ മഹാദേവന്‍ തുടര്‍ച്ചയായി ചാരായം വാറ്റി ഡ്രൈഡേ ദിവസങ്ങളില്‍ വിതരണം ചെയ്യുവാനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു.
എസ്‌ഐയ്‌ക്കൊപ്പം സിവില്‍ പോലീസ് ഓഫീസര്‍മാരായ ബൈജു, സിദ്ദിഖ്, സന്തോഷ്,ഉണ്ണികൃഷ്ണന്‍,പ്രദീപ്, ദേവസ്യ,പി. സന്തോഷ് എന്നിവരുല്‍പ്പെട്ട പത്തോളം പോലീസുകാരും സംഘത്തില്‍ ഉണ്ടായിരുന്നു. ഈ ഭാഗത്തു കൂടിയാണ് അച്ചന്‍ കോവിലാറുമായി ബന്ധിപ്പിക്കുന്ന പള്ളാത്തുരുത്തി പൂകൈത ആറൊഴുകുന്നത്. ഇവിടെ എത്തുന്ന ചെറു വള്ളങ്ങളിലും ഹൗസ് ബോട്ടുകളിലും ഇയാള്‍ പതിവായി ചാരായം എത്തിച്ചു കൊടുത്തിരുന്നു.
പ്രതിയെ അമ്പലപ്പുഴ മജിസ്റ്റേറ്റു കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
















