കൊച്ചി: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയും പദവികള്‍ രാജിവച്ചും പ്രതിഷേധിക്കുന്നവര്‍ കേന്ദ്രത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ് ഭരണകാലത്ത് മതത്തിന്റെ പേരില്‍ ഒരു മലയാള സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് മൗനം പാലിക്കുന്നു. ‘കളിയാട്ട’ത്തിന്റെ തിരക്കഥാകൃത്തായ ബല്‍റാം മട്ടന്നൂര്‍ തിരക്കഥയെഴുതി ടി.ദീപേഷ് സംവിധാനം ചെയ്ത ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന സിനിമയ്‌ക്ക് മൂന്ന് വര്‍ഷത്തോളമായിട്ടും പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല.
2013 ലാണ് ചിത്രം സെന്‍സറിങ്ങിന് അയച്ചത്. സിനിമ കണ്ടുകഴിഞ്ഞശേഷം അഞ്ചംഗ സെന്‍സറിങ് കമ്മറ്റി ബല്‍റാമിനെയും മറ്റും ചര്‍ച്ചയ്‌ക്ക് വിളിച്ചു. ഈ സിനിമ പുറത്തിറങ്ങിയാല്‍ മതവികാരം വ്രണപ്പെടുമെന്നും അനുമതി നല്‍കാനാവില്ലെന്നും അറിയിച്ചു. എല്‍സിറ്റ, ജസീന്ത എന്നീ പേരുകളുള്ള രണ്ട് കന്യാസ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി നന്മതിന്മകളുടെ കഥ പറയുന്നതാണ് സെന്‍സറിങ് കമ്മറ്റിയെ പ്രകോപിപ്പിച്ചത്. ”ഈ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ കലാപമുണ്ടാകും” എന്നാണ് അനുമതി നിഷേധിക്കാന്‍ കാരണമായി പറഞ്ഞത്. ”കേരളത്തിലെ ക്രൈസ്തവര്‍ കലാപകാരികളാണ് എന്നല്ലേ നിങ്ങള്‍ പറയുന്നതിന് അര്‍ത്ഥം” എന്ന് ബല്‍റാം തിരിച്ചുചോദിച്ചപ്പോള്‍ മറുപടിയുണ്ടായില്ല.
മതവികാരത്തിന്റെ പേര് പറഞ്ഞ് സിനിമയ്‌ക്ക് അനുമതി നല്‍കാത്തതിനെ ചോദ്യം ചെയ്തപ്പോള്‍ ‘നിങ്ങള്‍ക്ക് റിവൈസിങ് കമ്മറ്റിയില്‍ പോകാം’ എന്നായിരുന്നുവത്രെ മറുപടി. തുടര്‍ന്ന് സിനിമ റിവൈസിങ് കമ്മറ്റിക്കയച്ചു. സിനിമ കണ്ട പതിനഞ്ചംഗ റിവൈസിങ് കമ്മറ്റിയും അനുമതി നിഷേധിച്ചു. ട്രിബ്യൂണലില്‍ പോകാനാണ് അവര്‍ നിര്‍ദ്ദേശിച്ചത്. സിനിമയ്‌ക്ക് അനുമതി നിഷേധിക്കുന്നതിനു പിന്നില്‍ മതപക്ഷപാതമാണെന്ന് അറിഞ്ഞതിനാല്‍ ലീലാ സാംസണ്‍ സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷയായിരിക്കെ ട്രിബ്യൂണലില്‍ പോകുന്നതുകൊണ്ടും ഫലമില്ലെന്ന് മനസ്സിലാക്കി സിനിമയുടെ പ്രവര്‍ത്തകര്‍ നിരാശയോടെ പിന്‍വാങ്ങുകയായിരുന്നു.
ശ്രദ്ധേയമായ ഇതിവൃത്തവും ശക്തമായ കഥാപാത്രങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സ്ത്രീപക്ഷ സിനിമയായിരുന്നിട്ടുകൂടി ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ അനുമതി നിഷേധിക്കപ്പെട്ടതിനോട് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ മൗനം തുടരുകയാണ്. കലാസംവിധായകനായ സാബു സിറിള്‍ ക്രിസ്തുവിനെ അവതരിപ്പിക്കുകയും സംവിധായകന്‍ വി.കെ.പ്രകാശ്, ശാരി, ശാന്തകുമാരി, സത്താര്‍ തുടങ്ങിയവര്‍ അഭിനേതാക്കളുമായ ചിത്രത്തിന്റെ തിരക്കഥ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: