വേദവ്യാസന്റെ ശ്രീമദ് ദേവീ ഭാഗവതത്തിലെ പതിനെണ്ണായിരം ശ്ലോകങ്ങള്‍ക്ക് ലളിതവും വിശദവുമായ പുതിയ ഗദ്യപരിഭാഷയുമായി ഭാഗവതദൂതന് കെ.കെ.ചൂളിയാട് മാസ്റ്റര്‍. കണ്ണൂര്‍ ജില്ലയിലെ പട്ടാന്നൂരിടുത്ത് കുന്നോത്ത് സ്വദേശിയായ ഇദ്ദേഹം കെപിസി ഹയര്‍സെക്കണ്ടറി സ്കൂളിലെ മുന്‍ ചിത്രകലാ അധ്യാപകനും ഉത്തരമലബാറിലെ ദേവീഭാഗവത നവാഹയജ്ഞവേദിയിലെ നിറസാന്നിധ്യവുമാണ്.
ആയിരക്കണക്കിന് വേദികളില്‍ ഭാഗവത യജ്ഞങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ ഭാഗവത പാരായണത്തിലെയും അര്ത്ഥവിവരണത്തിലെയും കഴിവുകള്‍ കണക്കിലെടുത്ത് കണ്ണൂരിലെ നായിക്കാലി ദുര്‍ഗ്ഗാഭഗവതി ക്ഷേത്രാധികാരികള്‍ ഭാഗവത ദൂതന് എന്ന സ്ഥാനം നല്കി ആദരിക്കുകയുണ്ടായി.
സംസ്കൃത ശ്ലോകങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുള്ള സാധാരണക്കാരായ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന രീതിയില്‍ ലളിതമായാണ് മൂലഗ്രന്ഥമായ ശ്രീമദ് ദേവീ ഭാഗവതത്തിലെ ശ്ലോകങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേവീഭാഗവതത്തിന്റെ പദാനുപദവും കാവ്യരൂപത്തിലുള്ളതുമായ പരിഭാഷ പ്രശസ്ത എഴുത്തുകാരന് ടി.എസ്.തിരുമുമ്പ് നിര്‍വ്വഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കാവ്യപരിഭാഷയിലെ ആകര്‍ഷണീയതയാണ് തന്നെ ദേവീഭാഗവതത്തിന്റെ പുതിയ പരിഭാഷയ്ക്ക് പ്രേരിപ്പിച്ചതെന്ന് കെ.കെ.ചൂളിയാട് പറഞ്ഞു.
മഹാഭാഗവതം, ദേവീഭാഗവതം എന്നിങ്ങനെ രണ്ട് ഭാഗവതങ്ങളാണ് ഉള്ളത്. മഹാഭാഗവതത്തില്‍ ശ്രീകൃഷ്ണ കഥയും ദേവീഭാഗവതത്തില്‍ ദേവീസ്തുതിയുമാണുള്ളത്. ശ്രീകൃഷ്ണ ക്ഷേതങ്ങളില്‍ 7 ദിവസത്തെ വായനയിലൂടെ (സപ്താഹം) മഹാഭാഗവതവും ദേവീഭാഗവതം 9 ദിവസം (നവാഹം) കൊണ്ടുമായിരുന്നു പാരായണം നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് സപ്താഹവും നവാഹവുമായി യജ്ഞവേദികളില്‍ ഭാഗവതം പാരായണം നടത്തിവരുന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
2000 ത്തില്പരം പേജുകളിലായി രണ്ട് വാല്യങ്ങളായിട്ടാണ് ദേവീഭാഗവതത്തിന്റെ സംസ്കൃതമൂലവും പരിഭാഷയും ഗ്രന്ഥത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. രണ്ടുവര്‍ഷം കൊണ്ടാണ് പരിഭാഷ നടത്തിയതെന്ന് ചൂളിയാട് മാസ്റ്റര്‍ പറഞ്ഞു. സംസ്കൃത ഭാഷയില്‍ കേരളത്തിലെ ജനങ്ങള്‍ക്കുള്ള അവഗാഹക്കുറവാണ് പല ആത്മീയ ഗ്രന്ഥങ്ങളുടെയും പാരായണത്തിന് മലയാളികള്‍ക്ക് തടസ്സമാവുന്നത്. അതിനാല്‍ തന്നെ ദേവീഭാഗവത പാരായണം ആഗ്രഹിക്കുന്നവര്‍ക്ക് വളരെ എളുപ്പം വായിച്ചെടുക്കാന്‍ ഇദ്ദേഹത്തിന്റെ രചന ഏറെ പ്രയോജനപ്രദമാകുമെന്ന് ഉറപ്പ്.
നവാഹയജ്ഞവേദികളിലെ പാരായണത്തിലും ശ്ലോകങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കുന്നതിലും ഇത് ഭക്തജനങ്ങളുടെ മനസ്സിലേക്കിറങ്ങുന്ന തരത്തില്‍ അവതരിപ്പിക്കാനുള്ള കഴിവുകൊണ്ടും ശ്രദ്ധേയനായ ഇദ്ദേഹം വേദികളില്‍നിന്ന് വേദികളിലേക്ക് ഭാഗവത പാരായണവുമായി വിശ്രമമില്ലാതെ ദിനംതോറും കണ്ണൂര്‍ ജില്ലക്കകത്തും പുറത്തും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
വരുമാനമെന്നനിലയില്‍ കാണാതെ സ്വയം ജ്ഞാനം നേടുകയും അതോടൊപ്പം ഭക്തജനങ്ങളില്‍ ആത്മീയജ്ഞാനവും വെളിച്ചവും പകര്ന്നുനല്കുമ്പോള് കിട്ടുന്ന ആത്മനിര്‍വൃതിയും ദൈവാനുഗ്രഹവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കെ.കെ.കരുണാകരന് എന്ന ചൂളിയാട് മാസ്റ്റര്‍ 70ന്റെ നിറവിലും ഭാഗവതയജ്ഞം സപര്യയാക്കി പൂര്‍ണ്ണമായും ആത്മീയ അന്വേഷണത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ്.
1970കളുടെ പകുതിവരെ വിപ്ലവ രാഷ്ട്രീയത്തിന്റെ പന്ഥാവിലൂടെ സഞ്ചരിച്ച ഇദ്ദേഹം കമ്മ്യൂണിസം ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനങ്ങളുടെ മുഖ്യധാരയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയാണ്.
ശ്രീകണ്ഠാപുരം നിടുവാലൂര്‍ സോമേശ്വര ക്ഷേത്ര അധികൃതര്‍ ഭാഗവത രത്നം പുരസ്കാരവും നടുവില്‍ ചുഴലി ഭഗവതി ക്ഷേത്രം അധികൃതര്‍ ഭാഗവത വാചസ്പദി പുരസ്കാരവും നല്കി ആദരിച്ചിട്ടുണ്ട്. എ.പി.ചന്ദ്രമതിയാണ് ഭാര്യ. മക്കള്‍: കെ.കെ.ബീന, കെ.കെ.ജ്യോതിബാസു. കെ.കെ.ജോഷി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: