പത്തനംതിട്ട: വികസനത്തെയല്ലാ വിവാദങ്ങളെയാണ് സിപിഎമ്മും കോണ്‍ഗ്രസും കൂട്ടുപിടിയ്ക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി രമേശ്. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ തദ്ദേശീയം 2015 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനോന്മുഖ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനാണ് വികസന അജണ്ട ഉയര്‍ത്തിക്കാട്ടി ബിജെപി ജനങ്ങളുടെ മുന്നിലെത്തുന്നത്. നിര്‍ഭാഗ്യവശാല്‍ പരമ്പരാഗത ഇടതുവലതു മുന്നണികള്ക്ക്വികസന അജണ്ട ചര്‍ച്ച ചെയ്യാന്‍ താല്പര്യം ഇല്ല. വിവാദങ്ങളെ കൂട്ടുപിടിക്കുകയാണവര്‍. കേരളവുമായി വിദൂരബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരികയാണവര്‍. സമുദായിക ചേരിതിരിവുണ്ടാക്കി സംഘടിത മത ന്യൂനപക്ഷത്തിന്റെ വോട്ട് സമാഹരിക്കാനാണ് സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ശ്രമം. ചില മത സംഘടനാ നേതാക്കള്‍ പറയുന്നതിനെ വിമര്‍ശിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറാകുന്നില്ല. ബിജെപി കേരളത്തില്‍ ഉയര്‍ത്തിയ നിലപാടുകളോട് ഹിന്ദു സമൂഹത്തിലെ പാര്ശ്വവല്ക്കരിക്കപ്പെട്ടവര് ഐക്യപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സാമുദായിക സംഘടനകളുടെ നിലപാട് അതാണ് വ്യക്തമാക്കുന്നത്. ബിജെപിയെ രാഷ്ട്രീയ അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തേണ്ട കാര്യം ഇല്ലെന്ന് എസ്എന്‍ഡിപി നേതൃത്വം നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എസ്എന്‍ഡിപി രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സമീപനത്തില്‍ സംശയിക്കേണ്ട കാര്യമില്ലെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന പാര്‍ട്ടി ബിജെപിയാണ്. പതിനെണ്ണായിരത്തോളം വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ ഇക്കുറി ബിജെപി മത്സരിപ്പിക്കുന്നു. ഇതിന് പുറമേ എന്‍ഡിഎ സഖ്യകക്ഷികളുടെ സ്ഥാനാര്‍ത്ഥികളുമുണ്ട്.
ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപി മൂന്നാം ശക്തിയായി കേരളത്തിലുയര്ന്നുവരുമെന്നും സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: