ചേര്‍ത്തല: പൂജവെയ്‌പ്പ് സമയത്ത് ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, രണ്ട് പേര്‍ക്ക് പരിക്ക്. ഉഴുവ പുതിയകാവ് ദേവീക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. പൂജവെയ്‌പ്പ് ചടങ്ങ് നടക്കുന്നതിനിടെയാണ് ഒരു കൂട്ടം യുവാക്കള്‍ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ കയറി അക്രമം അഴിച്ചുവിട്ടത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. കരച്ചിലും ബഹളവും കേട്ട് ഓടിയെത്തിയ ദേവസ്വം കമ്മിറ്റിയംഗങ്ങളെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ രാജേന്ദ്രബാബു(50), രതീഷ്(40) എന്നിവര്‍ തുറവൂര്‍ സര്‍ക്കാരാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് അക്രമികളെ വിരട്ടിയോടിച്ചത്. ചേര്‍ത്തല പോലീസ് കേസെടുത്തിട്ടുണ്ട്.
കുറച്ചുനാളുകളായി ക്ഷേത്രപരിസരത്ത് മയക്കുമരുന്നു വില്‍പ്പനയും ഉപയോഗവും നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ ക്ഷേത്രക്കുളത്തിന് സമീപത്ത് കൂട്ടമായിരുന്നു മദ്യപിക്കുന്നതും ലഹരി ഉപയോഗിക്കുന്നതും പതിവായിട്ടുണ്ട്. ലഹരി തലയ്‌ക്ക് പിടിച്ചാല്‍ സംഘാംഗങ്ങള്‍ തമ്മില്‍ വഴക്കുകളുണ്ടാകുന്നതും നിത്യസംഭവമാണ്. ഭയം കാരണം ആരും അടുക്കാറില്ല. ക്ഷേത്രത്തിനു സമീപത്തുള്ള കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്നാണ് സൂചന.
മയക്കുമരുന്നു സംഘത്തില്‍ പെട്ട യുവാക്കളാണ് ക്ഷേത്ര മതില്‍കെട്ടിനുളളില്‍ കയറി അക്രമമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശത്തെ ചില രാഷ്‌ട്രീയനേതാക്കളുടെ ഒത്താശയോടെയാണ് യുവാക്കള്‍ അഴിഞ്ഞാടുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മകനുള്‍പ്പെടെയുള്ള കോണ്‍ഗ്രസ്, സിപിഐ പ്രവര്‍ത്തകരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധയോഗം നടത്തി. ദേവസ്വം പ്രസിഡന്റ് ശശികുമാര്‍, കരയോഗം സെക്രട്ടറി കെ.എസ്. ഹരി, ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റിയംഗം ഡി. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















