സ്വന്തം ലേഖകന്‍
കണ്ണൂര്‍: പാനൂര്‍ ചൊക്ലി പോലീസ്സ്റ്റേഷന് പരിധിയില്‍ ഇന്നലെ നാല് നാടന്‍ബോംബുകള്‍ കൂടി പോലീസ് പിടികൂടി. അണിയാരത്തെ പൂതിയേടത്ത് മുസ്തഫയുടെ ഉടമസ്ഥതയിലുളള പറമ്പില്‍ നിന്നുമാണ് ഉഗ്രസ്ഫോടന ശേഷിയുളള ബോംബുകള്‍ കണ്ടെടുത്തത്. നേരത്തെ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം നടന്ന മേഖലയാണ് അണിയാരം. ബോംബുകള്‍ നിര്‍വീര്യമാക്കി.
കഴിഞ്ഞ ദിവസം കൂത്തുപറമ്പിലെ സിപിഎം കേന്ദ്രത്തില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തിയതും തുടര്‍ സംഭവങ്ങളും ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വ്യാപകമായ ആക്രമണം നടത്താന്‍ സ്വരൂപിച്ചതെന്ന് പോലീസിന് വ്യക്തമായി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ആസൂത്രിത നീക്കത്തിന്റെ ഭാഗം കൂടിയാണ് ആയുധ ശേഖരം എന്ന് വ്യക്തമാവുകയാണ്.
കഴിഞ്ഞദിവസം കൂത്തുപറമ്പ് പഴയനിരത്തിലെ സിപിഎം കേന്ദ്രത്തില്‍ നിന്നുമാണ് നിരവധി ബോംബുകളും വാളുകളും പിടികൂടിയത്. ജില്ലയിലെ സിപിഎം കേന്ദങ്ങളിലെല്ലാം തന്നെ ഇത്തരത്തില്‍ ബോംബുകളും ആയുധങ്ങളും സംഭരിച്ചിട്ടുണ്ടെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ കേന്ദ്ര സേനയെ നിയോഗിക്കണണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഭിന്നമായി ബിജെപി ജില്ലയില്‍ നാലിരട്ടി വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപി ജില്ലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയാണ്സിപിഎം നേതൃത്വം ബിജെപിയുടെ മുന്നേറ്റത്തെ തടയിടാന്‍ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. നാടിനെ വീണ്ടും കലുഷിതമാക്കാനുളള സിപിഎം നീക്കത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: