രാമപുരം: രാമപുരം ഗ്രാമപഞ്ചായത്തിലെ കുറിഞ്ഞി വാര്‍ഡിലെ നിരവധി ജനങ്ങളുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് സ്ത്രീകളടക്കമുള്ള ജനങ്ങള്‍ പഞ്ചായത്ത് ഓഫീസിന്റെ ടെറസിന് മുകളില്‍ കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുവാനായി സെക്രട്ടറി കൂട്ടുനില്‍ക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
നിരവധി പേരുടെ പേരുകള്‍ അനധികൃതമായി നീക്കം ചെയ്യുകയും മറ്റുചിലരുടെ പേരുകള്‍ വാര്‍ഡുകള്‍ മാറ്റി പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു. പേരുകള്‍ നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാര്‍ നിയമാനുസൃതമായി പരാതി നല്‍കുകയും ആവശ്യമായ രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടും സെക്രട്ടറി തെറ്റു തിരുത്തുവാന്‍ തയ്യാറായില്ലെന്ന് പറയുന്നു.
ഇന്നലെ രാവിലെ 10നാണ് പ്രതിഷേധക്കാര്‍ കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ നിലയുറപ്പിച്ചത്. രാമപുരം എസ്.ഐ കെ.ജെ.തോമസ് പ്രതിഷേധക്കാരുമായി പ്രശ്‌നം ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രണ്ടരയോടെ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു. തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ പഞ്ചായത്തധികൃതരും വിവിധ രാഷ്്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു. സംഭവത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച പഞ്ചായത്തധികൃതര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജനങ്ങളുടെ തീരുമാനം.
















