കൊച്ചി സര്‍വ്വകലാശാലയുടെ വലിയ ചുവരുകള്‍ക്കുള്ളില്‍ ശാസ്ത്രം കളിക്കോപ്പാണെന്ന് കുട്ടികളെ പഠിപ്പിക്കുന്ന ഒരു ഇടമുണ്ട്, അതിന് ചുക്കാന്‍ പിടിക്കുന്നതാവട്ടെ പ്രായത്തെ തോല്‍പ്പിച്ചുകൊണ്ട് ഡോ.കെ.ജി. നായര്‍ എന്ന ശാസ്ത്ര അദ്ധ്യാപകനും. കളിച്ചും ചിരിച്ചും ശാസ്ത്രത്തെ പുണരാന്‍ കുട്ടികളെ പഠിപ്പിക്കുന്ന ഈ സങ്കേതത്തിന്റെ പേര് സി-സിസ് (ഇലിൃേല ളീൃ ടരശലിരല ശി ടീരശല്യേ), ശാസ്ത്രസമൂഹ കേന്ദ്രം.
ഒരര്‍ത്ഥത്തില്‍ സി-സിസ് പഴയ ഗുരുകുല സമ്പ്രദായത്തിന്റെ നന്മകളുടെ തുടര്‍ച്ചയാണ്. ശാസ്ത്രം കാണാപ്പാഠം പഠിക്കാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട വഴിയിലൂടെ അറിഞ്ഞും അനുഭവിച്ചും ശാസ്ത്രം പഠിക്കാന്‍ അരങ്ങാകുകയാണ് സി-സിസ്.
കൊച്ചി സര്‍വ്വകലാശാലയില്‍ 1991ല്‍ ആണ് സി-സിസ് തുടങ്ങിയത്. 1990ല്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ 77-ാമത് വാര്‍ഷിക സമ്മേളനം കുസാറ്റില്‍ നടന്നിരുന്നു. അന്നത്തെ പ്രധാനമന്ത്രി വി.പി സിങ് ആയിരുന്നു ഉദ്ഘാടകന്‍. സമൂഹത്തില്‍ ശാസ്ത്രം എന്നതായിരുന്നു അന്നത്തെ വിഷയം. ഈ ചിന്തയില്‍ നിന്നാണ് സി-സിസ് ഉണ്ടാകുന്നത്. യുജിസിയും കൊച്ചിന് റിഫൈനറിയും(ഭാരത് പെട്രോളിയം കോര്പ്പറേഷന്) ആണ് സാമ്പത്തികമായി സഹായിച്ചത്. ഇന്ന് സി-സിസിന് പുതിയ കെട്ടിടം ലഭിച്ചു. മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ ഇങ്ങോട്ടേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഡോ.കെ.ജി. നായര്‍ക്കൊപ്പം, ഇന്‍സ്ട്രക്ടര്‍ ആയ സജ്നയും ഇരുപതോളം വരുന്ന ജീവനക്കാരുമാണ് ശാസ്ത്ര സമൂഹ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍.
കേന്ദ്രം തുടങ്ങി ഇതുവരെ രണ്ട് ലക്ഷത്തിനടുത്ത് വിദ്യാര്‍ത്ഥികളാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്. ക്ലാസ് മുറികളിലെ വിരസമായ പഠനത്തില്‍ നിന്ന് ശാസ്ത്രം നേരിട്ട് രുചിച്ചറിയാനാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തുന്നതെന്നാണ് കേന്ദ്രത്തിന്റെ മേധാവി ഡോ.കെ.ജി. നായര്‍ പറയുന്നത്. ക്ലാസ് റൂമുകളിലെ സയന്‍സ് പഠനം പിന്നോട്ടാണ് പോകുന്നതെന്ന് അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ സ്കൂളുകളിലടക്കം നമ്മുടെ ശാസ്ത്ര പഠനത്തിന് വഴി തെറ്റുന്നുണ്ട്. ഇതിനെല്ലാം കാരണം ശാസ്ത്രം നേരിട്ട് പഠിക്കാന്‍ കഴിയാതെ പോകുന്നതാണ്. നമ്മുടെ കുട്ടികള്‍ക്ക് ശാസ്ത്രം രസകരമായി പഠിക്കാന്‍ കഴിയണം. അതിന് പാഠപുസ്തകങ്ങള്‍ക്കപ്പുറം അവര്‍ക്ക് സഞ്ചരിക്കാന്‍ കഴിയണം. സി-സിസ് അതിനാണ് ശ്രമിക്കുന്നത് – ഡോ.കെ.ജി. നായര്‍ പറയുന്നു.
സി-സിസിലെ ജോലി തനിക്ക് മറ്റ് ഏതെങ്കിലും ജോലി പോലെയല്ലെന്ന് ഇന്‍സ്ട്രക്ടര്‍ സജ്ന പറയുന്നു. എട്ട് വര്‍ഷമായി ഇവിടെ ജോലിക്ക് കയറിയിട്ട്. ഒരു ദിവസം പോലും ജോലി ചെയ്യുകയാണെന്ന ചിന്ത ഉണ്ടായിട്ടില്ല. ശാസ്ത്രം കുട്ടികള്‍ക്ക് കളിപോലെ പറഞ്ഞുകൊടുക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതുവരെ വിദ്യാര്‍ത്ഥികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്- സജ്ന പറയുന്നു.
ശാസ്ത്രസമൂഹ കേന്ദ്രം നടത്തുന്ന പ്രധാന പരിപാടിയാണ് ഏകദിന സമ്പര്‍ക്ക പരിപാടി. കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ ആരംഭിച്ച ഈ പരിപാടിയാണ് സി-സിസിന് ദേശീയ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തത്. കേരളത്തിലുടനീളമുള്ള സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഏകദിന പരിപാടിക്കായി ഇവിടെ ദിനംപ്രതി എത്തുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ഈ പരിപാടി ഇപ്പോഴും ആവേശത്തോടെയാണ് വിദ്യാര്‍ത്ഥികളും സ്കൂളുകളും സ്വീകരിക്കുന്നത്.
രാവിലെ 9 മുതല്‍ വൈകിട്ട് 3 മണിവരെയാണ് സി-സിസ് ഏകദിന സമ്പര്‍ക്ക പരിപാടി. വിവിധ ബാച്ചുകളായി വിദ്യാര്‍ത്ഥികളെ തിരിച്ച് കേന്ദ്രത്തിലെ വിവിധ ലാബുകളിലും മറ്റ് പരീക്ഷണങ്ങള്‍ക്കും അവസരം നല്‍കുന്നതാണ് പരിപാടി.
ശാസ്ത്ര സാങ്കേതിക പാര്‍ക്ക്
കളിച്ചു കൊണ്ട് പഠിക്കുക എന്നതാണ് ശാസ്ത്ര സാങ്കേതിക പാര്‍ക്കിന്റെ ലക്ഷ്യം. സങ്കീര്‍ണ്ണമായ ശാസ്ത്രതത്ത്വങ്ങള്‍ ലളിതമായി വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഊര്‍ജ്ജത്തിന്റെ വിവിധ തലങ്ങള്‍ മനസ്സിലാക്കി തരുന്ന സര്‍ക്കസ് ഓഫ് എനര്‍ജി, പ്രകൃതി പ്രതിഭാസങ്ങളായ കൊടുങ്കാറ്റ്, ചുഴി എന്നിവ ശാസ്ത്രീയമായി വിശദമാക്കുന്ന വൊര്‍ട്ടെക്സ് മോഡല്‍, കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കാറ്റാടിയന്ത്രം, സൗരോര്‍ജ്ജ സെല്‍ എന്നിങ്ങനെ വിവിധ മാതൃകകളിലൂടെ ശാസ്ത്രത്തിന്റെ വിവിധ പ്രതിഭാസങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാക്കി നല്കുന്നു.
ഫിസിക്സ് ലാബ്
ഭൗതികശാസ്ത്രം പഠിപ്പിക്കുന്ന ഭാരതത്തിലെ തന്നെ മികച്ച പഠനകേന്ദ്രമാണ് സി-സിസ് എന്ന് ഇവിടുത്തെ അദ്ധ്യാപകര്‍ അഭിമാനത്തോടെ പറയും. സാമ്പ്രദായികമായ പഠനരീതികളില്‍ നിന്ന് വ്യത്യസ്തമായി ഫിസിക്സ് സിദ്ധാന്തങ്ങള്‍ നിത്യജീവിതത്തിലെ സാന്നിദ്ധ്യമാണെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയാണ് സി-സിസ് രീതി. ഫിസിക്സ് പരീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് ചെയ്തു നോക്കാന്‍ ഫിസിക്സ് കിറ്റും ഉണ്ട് സി-സിസില്‍.
കെമിസ്ട്രി ലാബ്
ഭൂരിഭാഗം സ്കൂളുകള്‍ക്കും അപ്രാപ്യമായ രസതന്ത്ര പരീക്ഷണങ്ങള്‍ക്ക് അവസരം നല്‍കുന്നതാണ് സി-സിസിലെ രസതന്ത്ര ലാബ്.
പാഠ്യഭാഗങ്ങളില്‍ വിവരിക്കുന്ന രസതന്ത്ര പരീക്ഷണങ്ങള്‍ സ്വയം ചെയ്തുനോക്കാന്‍ സി-സിസ് അവസരം നല്‍കുന്നുണ്ട്.
സി-സിസ് നല്കുന്ന കെമിസ്ട്രി കിറ്റ് ഉപയോഗിച്ച് വീട്ടില്‍ പോയി പരീക്ഷണങ്ങള്‍ക്കും അവസരം ഉണ്ട്.
ബയോളജി ലാബ്
സ്ഥിരം ബയോളജി ലക്ച്ചര്‍ ക്ലാസ്സുകളില്‍ നിന്നുള്ള മോചനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് സി-സിസ് ബയോളജി ലാബുകള്‍. രക്ത ഗ്രൂപ്പ് നിര്‍ണ്ണയം, ചുവന്ന രക്താണുക്കള്‍, ശ്വേത രക്താണുക്കള്‍ എന്നിവക്ക് അവസരമൊരുക്കുന്ന പരീക്ഷണങ്ങള്‍, സസ്യങ്ങളുടെ സൂക്ഷ്മഭാഗങ്ങള്‍ പരിശോധിക്കുന്ന പരീക്ഷണങ്ങള്‍ എന്നിവക്ക് അവസരം നല്‍കുന്നതാണ് ബയോളജി ലാബ്.
സംസ്ഥാന സര്‍ക്കാര്‍ ഗണിതശാസ്ത്ര വികസനത്തിനായി രൂപം കൊടുത്ത പ്രത്യേക പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് സി-സിസ് ആണ്. സ്കോളര്‍ഷിപ്പുകളിലൂടെ പ്രഗല്ഭരായ ഗണിത വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും ലക്ഷ്യം വയ്ക്കുന്നുണ്ട്. കുട്ടികളുടെ വായനലോകത്തെ കേന്ദ്രീകരിച്ച് കേരളത്തിലെ ഏറ്റവും വലിയ റഫറന്‍സ് ഗ്രന്ഥശാലയാണ് സി-സിസില്‍ ഉള്ളത്. സയന്റിഫിക് അമേരിക്കന്‍, നാഷണല്‍ ജിയോഗ്രഫിക്, റെസണന്‍സ്, സയന്‍സ് റിപ്പോര്‍ട്ടര്‍, എവരി മാന്‍സ് സയന്‍സ് എന്നിങ്ങനെ അന്താരാഷ്ട്ര മാസികകള്‍ ഇവിടുത്തെ ഗ്രന്ഥശാലയില്‍ ഉണ്ട്. 11,000 ത്തില്‍ പരം പുസ്തകങ്ങളും 500 ല്‍പരം സിഡികളും അടങ്ങുന്ന ഈ വന്‍ശേഖരത്തില്‍ കേരളത്തിലെ ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കസും ഉണ്ട്.
ഫിസിക്സ്, ബയോളജി, കെമിസ്ട്രി, സോഷ്യല്‍സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് വേണ്ടിയുള്ള എക്സിബിഷന് ഹാളുകള്‍ സി-സിസ്സില്‍ ഉണ്ട്. ശാസ്ത്ര ഉപകരണങ്ങള്‍, മോഡലുകള്‍ എന്നിവ കുട്ടികള്‍ക്ക് നേരിട്ട് പരിശോധിച്ച് മനസിലാക്കാന്‍ ഉതുകുന്ന വിധത്തിലാണ് പവലിയനുകള്‍.
ഐഎസ്ആര്‍ഒ പവലിയന് ആണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തെ പ്രധാന നേട്ടങ്ങളെല്ലാം അണിനിരത്തിയാണ് പവലിയന് സജ്ജമാക്കിയിട്ടുള്ളത്. ഐഎസ്ആര്‍ഒയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ അത്യാധുനീക പവലിയന് ഇവിടെ സജ്ജമായത്. ജിഎസ്എല്‍വിയുടെ കൂറ്റന്‍ മാതൃക ഉള്‍പ്പെടെ ഭാരതം വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെയും ബഹിരാകാശ പേടകങ്ങളുടെയും മാതൃകകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇവിടെയുണ്ട്.
സി-സിസ് കേന്ദ്രത്തിലെ ഏറ്റവും പുതിയതും നവീനവുമായ പവലിയന് ആണ് ഇ-സയന്‍ഷ്യ ഐഇഇഇ പവലിയന്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ നേരിട്ടുള്ള താല്പര്യത്തിലാണ് ഇ-സയന്‍ഷ്യ പവലിയന്. സി-സിസ് ഏറ്റെടുത്ത് നടത്തുന്ന ശാസ്ത്രത്തെ സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ദൗത്യത്തിന് പ്രോത്സാഹനമായാണ് പവലിയന് ലഭിച്ചത്.ഐഇഇഇയുടെ കേരളത്തിലെ ആദ്യത്തെ കേന്ദ്രം കൂടിയാണ് കുസാറ്റിലേത്.
വംശനാശം നേരിടുന്ന ഔഷധ സസ്യങ്ങളെ പരിപാലിക്കാന്‍ ഒരു ഔഷധ സസ്യ ഉദ്യാനവും സി-സിസില്‍ ഉണ്ട്. 161 ല്‍ അധികം ഔഷധ സസ്യങ്ങള്‍ ഉണ്ട് ഇവിടെ. പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തുന്നതിനോടൊപ്പം ചിത്രശലഭങ്ങള്‍ക്ക് ഒരു ഉദ്യാനം കൂടി സൃഷ്ടിച്ചിട്ടുണ്ട് ഇവിടെ. നാട്ടുശലഭങ്ങള്ക്കൊപ്പം അപൂര്‍വ്വ ഇനം ചിത്രശലഭങ്ങളും ഇവിടെക്കാണാം.
ശാസ്ത്രസമൂഹ കേന്ദ്രത്തിലെ മുഴുവന്‍ കെട്ടിടങ്ങളും പരസ്പരം ബന്ധപ്പെടുത്തി മഴവെള്ള സംഭരണിയും ഉണ്ടാക്കിയിട്ടുണ്ട്. ഒപ്പം കാടു പിടിച്ച് കിടന്ന സ്ഥലം ഒരുക്കിയെടുത്ത് കൃഷിയും നടത്തി. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അദ്ധ്യാപകരിലെ ശാസ്ത്ര അവബോധം വളര്‍ത്താന്‍ ശാസ്ത്ര പോഷിണി എന്ന പരിപാടിയും നടത്തുന്നുണ്ട്. സര്‍ക്കാര്‍ നടത്തുന്ന ഈ ത്രിദിന പരിപാടിക്ക് വേദിയാകുന്നതും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും സി-സിസ് ആണ്. പ്രതിവര്‍ഷം 50നും 70നും ഇടക്ക് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്ധ്യവേനല്‍ അവധിക്കാലത്ത് ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ പ്രത്യേകം പരിശീലനപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: