വര്‍ക്കല: ടൂറിസം സീസണ് ലാക്കാക്കി വര്‍ക്കല പാപനാശം കുന്നുകളില്‍ വീണ്ടും അനധികൃത നിര്‍മാണം. നിര്‍മാണവും നവീകരണവും തടഞ്ഞുകൊണ്ടുള്ള കളക്ടറുടെ ഉത്തരവ് പ്രാബല്യത്തിലുള്ളപ്പോഴാണ് അനധികൃത നിര്‍മാണം തുടരുന്നത്. ഇക്കാര്യത്തില്‍ ജനപ്രതിനിധികളുടെയും ഉന്നതതല ഉദ്യോഗസ്ഥരുടെയും ഒത്താശ ഉള്ളതായി ആക്ഷേപമുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതു സംബന്ധിച്ച് സ്ഥലം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അടിയന്തിര നടപടി ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും ഇനിയും ഉണ്ടായില്ല. സീസണ് മുന്നോടിയായുള്ള മിനുക്കു പണികളെന്ന് നിസ്സാരവത്ക്കരിക്കുകയാണ് അധികൃതര്‍. വരുന്ന തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ട് പ്രാദേശിക തലത്തിലുള്ള പ്രബല മുന്നണി നേതാക്കളും നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നില്ല.
ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ വര്‍ക്കല ഫോര്മേഷനോടനുബന്ധിച്ചുള്ള പാപനാശം കുന്നുകളെ ജിയോ ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണട്. തുടര്‍ന്ന് യുനസ്കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം തേടാനുള്ള ശ്രമത്തിനിടെയാണ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപിടിച്ചു തുടരുന്നത്. കുന്നുകളുടെ സംരക്ഷണത്തിനും, തകര്‍ച്ചയുടെ ആക്കം കുറയ്ക്കുന്നതിനുമായി ജില്ലാകളക്ടര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നിര്‍മ്മാണങ്ങള്‍ നിരോധിച്ചുകൊണ്ട് 144 പ്രഖ്യാപിച്ചിരുന്നു. കളക്ടറുടെ വിലക്ക് ഇപ്പോഴും പ്രാബല്യത്തിലുണ്ടത്രേ.
24.5 ലക്ഷം വര്‍ഷം പഴക്കമുള്ളതാണ് പാപനാശം കുന്നുകള്‍. 4. കിലോമീറ്റര്‍ നീളത്തില്‍ അര്‍ദ്ധവൃത്താകൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കുന്നിന് നിരകളുടെ പരമാവധി ഉയരം 30 മീറ്ററാണ്. മൂന്നു ക്ലിഫുകളായാണ് കുന്നുകള്‍ നീളുന്നത്. വിവിധ ഇനം മണ്ണടരുകള്‍ കൊണ്ട് രൂപീകൃതമായ കുന്നുകള്‍ക്ക് സ്വാഭാവികമായ തകര്‍ച്ചയ്ക്കൊപ്പം മനുഷ്യന്റെ അനാവശ്യമായ ഇടപെടലും നാശത്തിന് വഴിവയ്ക്കുന്നു.
നിര്‍മാണവും നവീകരണവും പാടില്ലെന്ന് മാത്രമല്ല; റിസോര്‍ട്ടുകളിലെ മലിനജലം കുന്നിന് ചെരുവിലേക്ക് ഒഴുക്കി വിടരുതെന്നും, മുകള്‍പരപ്പിലൂടെ വാഹനഗതാഗതം പാടില്ലെന്നുമുള്ള വിലക്കുകളും ഇവിടെ പരസ്യമായി ലംഘിക്കപ്പെടുകയാണ്. പൈതൃക പട്ടികയില്‍ ഇടം നേടാന്‍ ശക്തമായ ഇടപെടലുകളാണ് ജിഎസ്ഐ നടത്തിവരുന്നത്.
വരുന്ന വേള്‍ഡ് ജിയോളജിക്കല്‍ കോണ്‍ഗ്രസ്സില്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. പൈതൃക പട്ടികയില്‍ സ്ഥാനം ലഭിച്ചാല്‍ യുനസ്കോയുടെ അംഗീകാരവും, പ്രത്യേക വികസന ഫണ്ടും, വിവിധ പദ്ധതികളും പാപനാശത്തിന് ലഭിക്കുമെന്നിരിക്കെയാണ് അപ്രതീക്ഷിതമായി കുന്നുകള്‍ വ്യാപകമായി അടി തകരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: