കാട്ടാക്കട: ചിഹ്നം അനുവദിച്ചു കിട്ടാന്‍ ഡിസിസി ഓഫീസില്‍ നിന്ന് ലെറ്റര്‍ പാഡ് മോഷ്ടിച്ചുവെന്ന പ്രചാരണം കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ ഗ്രൂപ്പ് കളിയുടെ ഭാഗമെന്ന് ആരോപണവിധേയരായ വിമതര്‍. കാട്ടാക്കടയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികളുടെ പ്രതിനിധി സുബ്രഹ്മണ്യന്‍പിള്ള ഡിസിസി പ്രസിഡന്റിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
കഴിഞ്ഞദിവസം കാട്ടാക്കട പഞ്ചായത്തിലെ ആമച്ചല്‍, പള്ളിച്ചല്‍ പഞ്ചായത്തിലെ പൂങ്കോട്, വിളപ്പില്‍ പഞ്ചായത്തിലെ വിളപ്പില്‍ശാല എന്നീ ബ്ലോക്ക് ഡിവിഷനുകളില്‍ ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥികള്‍ക്കെതിരെ എ ഗ്രൂപ്പിലെ വിമതര്‍ കൈപ്പത്തി ചിഹ്നത്തിനായി വ്യാജകത്ത് നല്‍കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഐ ഗ്രൂപ്പുകാരായ കാട്ടാക്കട രാമു, ഭഗവതിപുരം ശിവകുമാര്‍, ജേക്കബ്ബ് എന്നിവരാണ് ഔദ്യോഗിക സ്ഥാനാര്‍ഥികളെന്ന് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ കരകുളം കൃഷ്ണപിള്ള കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. എന്നാല്‍ ചിഹ്നം അനുവദിക്കുന്നതിന് ഇവര്‍ക്ക് ജില്ലാ കമ്മറ്റി നല്കിയ കത്തുമായി വരണാധികാരിയെ സമീപിച്ചപ്പോള്‍ നേരത്തെ തന്നെ വിമതര്‍ ചിഹ്നവും തരപ്പെടുത്തി മുങ്ങിയതായാണ് അറിഞ്ഞത്. ഒറിജിനല്‍ കത്ത് തങ്ങളുടെ കയ്യിലാണെന്ന് എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളും ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥികളും ആരോപണ പ്രത്യാരോപണങ്ങളുമായി ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരേ ഡിവിഷനിലേക്ക് രണ്ട് സ്ഥാനാര്‍ഥികള്‍ ചിഹ്നത്തിനായി അവകാശവാദവുമായി എത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് ഇരുകൂട്ടരെയും ഹീയറിംഗിന് വിളിച്ചു. ആമച്ചല്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് സ്ഥാനാര്‍ഥി സുബ്രഹ്മണ്യന് പിള്ളയ്ക്ക് ടെലിവിഷനും ഐ ഗ്രൂപ്പുകാരനായ കാട്ടാക്കട രാമുവിന് ഓടക്കുഴലും ചിഹ്നമായി നല്കി.
പൂങ്കുളത്തെ വിമതര്‍ ഹീയറിംഗില്‍ നിന്ന് വിട്ടുനിന്നു. വിളപ്പില്‍ശാല ഡിവിഷനിലെ എ ഗ്രൂപ്പ് സ്ഥാനാര്‍ഥി വിനോദ് രാജിന് കിട്ടിയ കൈപ്പത്തിയുമായി മത്സരിക്കാം. എന്നാല്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഇവിടത്തെ ഔദ്യോഗിക സ്ഥാനാര്‍ഥി ജേക്കബ്ബിന് ടെലിവിഷനാണ് ചിഹ്നം.
ഡിസിസി പ്രസിഡന്റ് ഐ ഗ്രൂപ്പുകാര്‍ക്കു വേണ്ടി സീറ്റുകള്‍ കയ്യടക്കിയശേഷം എ ഗ്രൂപ്പുകാരെ മോഷ്ടാക്കളായി ചിത്രീകരിക്കുകയായിരുന്നെന്ന് വിമതര്‍ ആരോപിച്ചു. കരകുളം കൃഷ്ണപിള്ളയ്ക്കെതിരെ കെപിസിസി അധ്യക്ഷന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍പിള്ള പറഞ്ഞു. കോണ്‍ഗ്രസുകാര്‍ തന്നെ തമ്മില്‍ത്തല്ലും വിഴുപ്പലക്കലും ആരംഭിച്ചതോടെ നേരിയ വിജയസാധ്യതയെങ്കിലും ഉണ്ടായിരുന്ന മറ്റ് വാര്‍ഡുകളലെ യുഡിഎഫ് സ്ഥാനാര്‍ഥികളും ഇപ്പോള്‍ പരാജയഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: