കുട്ടനാട്: മുട്ടാര്‍ പഞ്ചായത്തില്‍ ഒരാഴ്ചയായി കുടിവെള്ള വിതരണ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനായി നടക്കുന്ന പണികള്‍ ജനങ്ങളെ ദുരിതത്തിലാക്കി. മുട്ടാറിലും സമീപ പഞ്ചായത്തുകളിലും ഒരാഴ്ചയായി കുടിവെള്ള വിതരണം നിലച്ചതോടെ ശുദ്ധജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്.
ഒരു മുന്നറിയിപ്പുമില്ലാതെ ആരംഭിച്ച പണികള്‍ എന്ന് പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ക്ക് പോലും ധാരണയില്ല. വീതികുറഞ്ഞ റോഡിന്റെ ഇരുവശവും വെട്ടിപ്പൊളിച്ചതോടെ പ്രദേശത്തെ കെഎസ്ആര്‍ടിസി സര്‍വീസും നിലച്ചത് ജനങ്ങള്‍ക്ക് ഇരട്ടിദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. തിരുവല്ലയ്‌ക്കും ആലപ്പുഴയ്‌ക്കും പോകേണ്ട യാത്രക്കാര്‍ ഇരുചക്ര വാഹനങ്ങളെയും ഓട്ടോറിക്ഷകളെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ ബുദ്ധിമുട്ടുന്നു.മുട്ടാര്‍ വഴി പോകുന്ന നീരേറ്റുപുറംകിടങ്ങറ റോഡ് ഒരു വര്‍ഷത്തോളമായി തകര്‍ന്ന് കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ചക്കുളത്ത്കാവ് പൊങ്കാലയ്‌ക്ക് മുമ്പായി നികത്തിയ റോഡിലെ കുഴികള്‍ മഴ പെയ്തതോടെ വീണ്ടും താറുമാറായി. പൈപ്പുപൊട്ടി രൂപപ്പെട്ട വലിയ കുഴികള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. നാട്ടുകാര്‍ കല്ല് പാകി റോഡുകള്‍ ഒരുവിധം സഞ്ചാരയോഗ്യമാക്കിയെങ്കിലും അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും വെട്ടി പൊളിച്ചു.
ഗതാഗതവും കുടിവെള്ളവും മുടങ്ങിയതോടെ ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ തീര്‍ത്തും നിസ്സഹായരായിരിക്കുകയാണ്. വിഷയം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനും ശക്തമായ സമര പരിപാടികള്‍ക്കും നേതൃത്വം നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.
















