പത്തനംതിട്ട:ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രവാസികളുടെ സഹകരണത്തോടെ മധ്യതിരുവിതാംകൂറില്‍ പുതിയ എയര്‍പോര്‍ട്ട് പദ്ധതിക്ക് ശ്രമം ആരംഭിച്ചതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അതിനായി പ്രവാസികളുടെ നേതൃത്വത്തില്‍ തുടക്കംകുറിച്ച പുതിയ എയര്‍പോര്‍ട്ട് കമ്പനിയുടെ ഓഫീസ് 19 ന് രാവിലെ 11 ന് പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യും.
സാധാരണക്കാരായ പതിനായിരക്കണക്കിന് പ്രവാസികളാണ് ഈ ജനകീയ പദ്ധതിയുടെ വിജയത്തിനായി സ്വന്തം സമ്പാദ്യത്തില്‍ നിന്ന് പണം ചിലവാക്കുന്നത്. പൊതുജനങ്ങള്‍ക്കും പരിസ്ഥിതിയ്ക്കും പൈതൃകത്തിനും ജാതിമത വിശ്വാസങ്ങള്‍ക്കും യാതൊരുവിധ പോറലുകളും ഏല്ക്കാതെ അന്താരാഷ്ട്ര വിമാനത്താവളം മധ്യതിരുവിതാംകൂറില്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ നിരവധി സ്ഥലങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
ചെങ്ങറതോട്ടം, കല്ലേലി തോട്ടം,ചെറുവള്ളി എസ്റ്റേറ്റ്എന്നിവാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. ഈ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിക്കും. പ്രഥമിക പഠനത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ അനുമതി തരുന്ന സ്ഥലം വിമാനത്താവളത്തിനായി വാങ്ങിക്കും. സ്ഥലം വാങ്ങിക്കുവാനും വിമാനത്താവളം പണിയുന്നതിനുമായി 2000 കോടി രൂപയാണ് ബജറ്റ് ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന്റെ സാധ്യതാപഠനത്തിനായി സിങ്കപ്പൂര്‍ ആസ്ഥാനമായ മെയിന്‍ ഹാര്‍ട്ട് എന്ന കമ്പിനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
എയര്‍പോര്‍ട്ട് പദ്ധതിയോടൊപ്പം പ്രവാസികളുടെ യാത്രാദുരിതം പരിഹരിക്കുന്ന എന്ന ലക്ഷ്യത്തോടെ പുതിയ ബജറ്റ് എയര്‍ലൈന്‍സ് ആരംഭിക്കാനുള്ള ശ്രമങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന് (ജിഐഎ) ഇന്റര്‍നാഷണല്‍ പ്രസിഡന്റും പുതിയ എയര്‍പോര്‍ട്ട് കമ്പനി ചെയര്‍മാനുമായ രാജീവ് ജോസഫ്, ജിഐഎ ഇന്റര്‍നാഷണല്‍ സെക്രട്ടറിമാരായ എയര്‍പോര്‍ട്ട് കമ്പനി ഡയറ്ടറുമായ കോശി കുരുവിള, ജ്യോതിഷ് തങ്കച്ചന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: