ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുരിശിലേറ്റാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിനെതിരായ സുപ്രീം കോടതി വിധി. മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ഉന്നത ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും ചേര്‍ന്ന് അമിത്ഷാ അടക്കമുള്ള 2002ലെ ഗോധ്ര കലാപകാരികളെ രക്ഷിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ഭട്ടിന്റെ ആരോപണം പൂര്‍ണ്ണമായും തള്ളിയ സുപ്രീം കോടതി ഭട്ടിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 76 പേജ് വരുന്ന വിധിയില്‍ കോടതി ഭട്ടിനെ കടന്നാക്രമിച്ചിരിക്കുകയാണ്. കളങ്കമുള്ള കൈകളുമായാണ് ഭട്ട് കോടതിയെ സമീപിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.
ഭട്ടിന്റെ പെരുമാറ്റത്തെ അപലപിച്ച കോടതി ഇത് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ചേര്‍ന്നതല്ലെന്നും വ്യക്തമാക്കി. 2002ലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഭട്ട് മോദിയുടെ പ്രധാന രാഷ്ട്രീയ എതിരാളികളുമായി അടുത്തബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും കോടതി കണ്ടെത്തി. അന്നത്തെ ഗുജറാത്ത് സര്‍ക്കാരിനെ ആക്രമിക്കാന്‍ അവര്‍ ആസൂത്രണം ചെയ്തവയാണ് ഭട്ട് നടപ്പാക്കിയത്. പരാതിക്കാരനായ ഭട്ട് താനൊരു മുതിര്‍ന്ന ഐപിഎസ് ഓഫീസറാണെന്നത് മറന്നു. ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തു, ജസ്റ്റീസ് അരുണ്‍ മിശ്ര എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമായി.
ഭട്ട് എല്ലാ രാഷ്ട്രീയത്തില്‍ നിന്നും സമ്മര്‍ദ്ദതന്ത്രങ്ങളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായിരുന്നു. ഭട്ട് മാധ്യമങ്ങളെ ഉപയോഗിച്ചു, ഗോധ്രകലാപക്കേസുകള് നിരീക്ഷിച്ചിരുന്ന സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിനെ ആപല്‍ക്കരമാംവിധം സമ്മര്‍ദ്ദത്തിലാക്കി, കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കി, കോടതിയെ സഹായിക്കാന്‍ നിയോഗിച്ച അഭിഭാഷകനെ(അമിക്കസ് ക്യൂറി) സമ്മര്‍ദ്ദത്തിലാക്കി. കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരനായ ഭട്ട് രാഷ്ട്രീയ എതിരാളികളായ (ഗുജറാത്ത് സര്‍ക്കാരിന്റെ) നേതാക്കളുമായും സര്‍ക്കാരിതര സംഘടനകളുമായും കൂടിയാലോചിച്ചാണ് പ്രവര്‍ത്തിച്ചത്. പരാതിക്കാരന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടും ഗുജറാത്തിലെ പ്രതിപക്ഷ നേതാക്കളുമായി കൂടിയാലോചിച്ചു. അവരുമായി ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറി. സര്‍ക്കാരിതര സംഘടനകളുടെ അഭിഭാഷകനും അവയുടെ പ്രവര്‍ത്തകരുമാണ് ഭട്ടിനെ പഠിപ്പിച്ചത് (വിഷയം കൈകാര്യം ചെയ്യേണ്ട വിധം) ജസ്റ്റീസ് നാനാവതി കമ്മീഷനില്‍ എന്തു പറയണമെന്ന് ഇവരാണ് പഠിപ്പിച്ചത്. ഇതിനുള്ള ചോദ്യോത്തരങ്ങള്‍ വരെ തയ്യാറാക്കിയിരുന്നു.
വിധി എഴുതിയ അരുണ്‍ മിശ്ര പറഞ്ഞു.59 പേര് കൊല്ലപ്പെട്ട ഗോധ്ര കൂട്ടക്കൊലയ്ക്കു ശേഷം 2002 ഫെബ്രുവരി 27ന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നുവെന്ന ഭട്ടിന്റെ വാദം വിശ്വസനീയമല്ല. ആ യോഗത്തില്‍ ഭട്ട് പങ്കെടുത്തില്ലായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുമുണ്ട്. കോടതി വ്യക്തമാക്കി.ഈ മീറ്റിംഗില്‍ താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായി പങ്കെടുത്തിരുന്നുവെന്നും മോദി പറഞ്ഞ ചില കാര്യങ്ങള്‍ കേട്ടിരുന്നുവെന്നുമാണ് ഭട്ട് അവകാശപ്പെട്ടിരുന്നത്.
ഇത് നുണയാണ്. കോടതി പറഞ്ഞു. ഒന്‍പതു വര്‍ഷം നിശബ്ദനായിരുന്ന ശേഷമാണ് ഭട്ട് ചിലരുമായി ഇമെയിലുകള്‍ കൈമാറിത്തുടങ്ങിയതും അന്നത്തെ ആ രാത്രിയിലെ അവരുടെ നീക്കങ്ങള്‍ പുനസൃഷ്ടിച്ചതും. 2002 ഫെബ്രുവരി 27ന്റെ മീറ്റിംഗില്‍ താന്‍ പങ്കെടുത്തുവെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. സൊറാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസില്‍ മുതല്‍ കലാപക്കേസുകളില്‍ വരെ
ഗുജറാത്ത് സര്‍ക്കാരിലെ ഉന്നതരും പ്രോസിക്യൂഷനുമായി ഒത്തുകളിച്ചെന്നും ഇതിന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അന്നത്തെ ഗുജറാത്ത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ തുഷാര്‍ മേത്ത, മുതിര്‍ന്ന ഉദ്യോഗസ്ഥരായ ജിസി മുര്‍മു, പ്രണവ് ബദേഖ, പ്രമുഖ പത്രപ്രവര്ത്തകന് എസ് ഗുരുമൂര്‍ത്തി എന്നിവരെ ഉത്തരവാദികളക്കണമെന്നുമുള്ള ഭട്ടിന്റെ ആവശ്യവും കോടതി തള്ളി.
മേത്തയുടെ പേഴ്സണല്‍ മെയിലില്‍ നിന്ന് നിരവധി രേഖകള്‍ പ്രതിഭാഗത്തിന് അയച്ചു
നല്‍കിയെന്നും അവയെല്ലാം താന്‍ പുറത്തു കൊണ്ടുവന്നെന്നും പറഞ്ഞ് ഭട്ട് നിരവധി ഇമെയില്‍ സന്ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. വളരെ പ്രധാനപ്പെട്ട രേഖകള്‍ ഗുരുമൂര്ത്തിയെപ്പേലെ പുറത്തുള്ളവര്‍ക്ക് കൈമാറിയെന്നും ഭട്ട് ആരോപിച്ചിരുന്നു. രേഖ കൈമാറിയതു കൊണ്ടുമാത്രം ഇതില്‍ കുറ്റകരമായ ഗൂഡാലോചന നടന്നെന്ന് പറയാനാവില്ല. കോടതി വ്യക്തമാക്കി. കേസുകാര്യത്തില് അഭിപ്രായം ചോദിച്ചത് ക്രിമിനല്‍ ഗൂഡാലോചനയൊന്നുമല്ല. വിലയേറിയ അഭിപ്രായം എപ്പോഴും പറയാന്‍ കഴിയുന്നവരുണ്ട്. അവരോട് ചോദിച്ചതില്‍ തെറ്റൊന്നുമില്ല.
കോടതി പറഞ്ഞു.
ഭട്ടിനെതിരായ കേസുകള്‍ തുടരാം
ഭട്ടിനെതിരെ എടുത്തിട്ടുള്ള രണ്ടു ക്രിമിനല്‍ കേസുകള്‍ തുടരാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്ദേ്ുശവും നല്കി. ഇവ രണ്ടും നിയമാനുസൃതം തുടരാം. കോടതി വ്യക്തമാക്കി. ഇവയിലെ നടപടി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
മേത്തയുടെ ഇ മെയില്‍ ഹാക്ക് ചെയ്ത് വളരെ പ്രധാനപ്പെട്ട ചില ഇമെയിലുകള്‍ ചോര്‍ത്തിയെന്നും ഗൂഡാലോചന നടത്തിയെന്ന് സ്ഥാപിക്കാന്‍ ഇവ ഉപയോഗിച്ചെന്നുമാണ് ഭട്ടിനെതിരായ ഒരു കേസ്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ഭട്ടിന്റെ ആവശ്യം തള്ളിയ കോടതി കേസ് ഗുജാത്തിനു പുറത്തേക്ക് മാറ്റണമെന്ന ആവശ്യവും തള്ളി. നിങ്ങള്‍ എത്ര ഉന്നതനാണെങ്കിലും നിയമം നിങ്ങള്‍ക്കു മുകളിലാണ്. കോടതി ഭട്ടിനോട് പറഞ്ഞു.
2002 ഫെബ്രുവരി 27ന് മീറ്റിംഗ് നടന്നെന്ന് സ്ഥാപിച്ചെടുക്കാന്‍ കെഡി പന്തെന്ന കോണ്സ്റ്റബിൡനെക്കൊണ്ട് വ്യാജ സത്യവാങ്ങ്മൂലത്തില്‍ ബലമായി ഒപ്പിടീച്ചെന്നാണ് രണ്ടാമത്തെ കേസ്.
കലാപത്തിന്റെ പേരില്‍ മോദിക്കും ബിജെപിക്കും എതിരെ ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നവര്‍ക്ക്, പ്രത്യേകിച്ച് മുന്‍പോലീസ് ഓഫീസര്‍ ശ്രീകുമാര്‍, ടീസ്റ്റ സെതല്‍വാദ് തുടങ്ങിയവര്‍ക്ക് കനത്ത ക്ഷീണമമാണ് കോടതി ഉത്തരവ് ഉണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: