ന്യൂദല്‍ഹി: ക്ഷേത്ര നഗരിയായ ഗുരുവായൂര്‍, കണ്ണൂര്‍ നഗരങ്ങളെക്കൂടി അമൃത് നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്രനഗരവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ പ്രധാന നഗരങ്ങള്‍ക്കൊപ്പമാണ് ഗുരുവായൂരും കണ്ണൂരും ഇടം പിടിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് തുറന്ന മനസ്സാണുള്ളതെന്ന് വെങ്കയ്യ നായിഡു മുഖ്യമന്ത്രിയെ അറിയിച്ചു. കേരള സര്‍ക്കാര്‍ വിശദമായ പദ്ധതി രൂപരേഖ (ഡിപിആര്‍) സമര്‍പ്പിച്ചാല്‍ കേന്ദ്രമന്ത്രിസഭ ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുക്കും. ഒരാഴ്ചയ്ക്കകം ഡിപിആര്‍ സമര്‍പ്പിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെങ്കയ്യ നായിഡുവിന് ഉറപ്പ് നല്കി.
ലൈറ്റ് മെട്രോയുടെ കാര്യത്തിലും കൊച്ചി മെട്രോ പദ്ധതി നീട്ടുന്ന കാര്യത്തിലും കേന്ദ്രസര്‍ക്കാരിനോട് സഹായം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കൊച്ചി മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരന്, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യു.എ.ഇ അംബാസിഡര്‍ സയ്യിദ് മുഹമ്മദ് അല്മെഹ്രിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പദ്ധതി അനന്തമായി നീളുന്നതിലുള്ള യു.എ.ഇയുടെ ആശങ്ക അംബാസിഡര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
കോട്ടയത്തെ തെക്കുംതലയില്‍ സ്ഥാപിച്ച കെ.ആര്. നാരായണന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്ടിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിനായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: