പേട്ട: നഗരവികസനം അധികൃതര്‍ കൊട്ടിഘോഷിക്കുമ്പോഴും പേട്ട വാര്‍ഡിന്റെ വികസനം മരവിച്ച നിലയിലാണ്. ആനയറ പമ്പ് ഹൗസ് മുതല്‍ ഈശാലയം, ഭഗത്സിംഗ് റോഡ്, പള്ളിമുക്ക്, അമ്പലത്ത്മുക്ക്, പേട്ട പ്രദേശങ്ങളുള്‍പ്പെടുന്ന പേട്ട വാര്‍ഡില്‍ പതിനായിരത്തോളം വോട്ടര്‍മാരാണുള്ളത്.
വര്‍ഷങ്ങളായി കുടിവെള്ളം, ഡ്രെയിനേജ് തുടങ്ങിയ പ്രാഥമിക അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്‍ പ്രദേശവാസികള്‍ പ്രതിസന്ധി നേരിടുന്നു. പേട്ടയിലെ റോഡുകളുടെ സ്ഥിതിയും ദയനീയമാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പലയിടത്തും റോഡുകള്‍ ടാര്‍ ചെയ്തെങ്കിലും ഉറപ്പില്ലാത്ത നിര്‍മ്മാണമാണ് നടത്തിയതെന്ന ആക്ഷേപമാണ് ജനങ്ങള്‍ക്കുള്ളത്. ചായക്കുടി റോഡ്, പേട്ട റെയില്‍വേ സ്റ്റേഷന്- മുത്താരമ്മന്‍ കോവില്‍ റോഡ്, പള്ളിമുക്ക്- റെയില്‍വേ പാലത്തിന്റെ അടിഭാഗത്തുള്ള ഇടറോഡ് എന്നിവ പൊളിഞ്ഞുകിടക്കുകയാണ്.
അതേസമയം തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ലക്ഷങ്ങളുടെ ചെലവില്‍ തട്ടിക്കൂട്ട് വികസനങ്ങളുടെ നടുവിലാണ് വാര്‍ഡ് കൗണ്‍സിലര്‍. കാലങ്ങളായി നവീകരണം തിരിഞ്ഞുനോക്കിയിട്ടില്ലാത്ത പേട്ട മാര്‍ക്കറ്റില്‍ 30 ലക്ഷത്തിന്റെ നവീകരണം നടത്തിയതായിട്ടാണ് പറയുന്നത്. മാര്‍ക്കറ്റിനുള്ളിലെ ഷെഡ്ഡില്‍ ഫൈബര്‍ ഷീറ്റ് ഇടുന്നതിനും ടൈല്‍സ് പാകുന്നതിനും കടകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ഇത്രയും തുക ചെലവിട്ടിരിക്കുന്നത്. എന്നാല്‍ 10 ലക്ഷത്തിന്റെ നവീകരണംപോലും ഇവിടെ നടത്തിയിട്ടില്ലെന്നാണ് മാര്‍ക്കറ്റിനുള്ളിലെ കടയുടമകള്‍ പറയുന്നത്.
ജൈവമാലിന്യങ്ങള്‍ കുന്നുകൂടുന്ന ഇവിടെ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഇതുവരെ കൗണ്‍സിലര്‍ തയ്യാറായിട്ടില്ല. അതേസമയം പേട്ട പാര്‍ക്കിനു സമീപം കെ. ബാലകൃഷ്ണന് ചില്‍ഡ്രന്‍സ് പാര്‍ക്കിനെ ഇടിച്ചുനിരത്തി 40 ലക്ഷത്തിന്റെ അടങ്കല്‍ തുകയില്‍ ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം നിര്‍മ്മിക്കാനാണ് കച്ചകെട്ടിയിരിക്കുന്നത്.
ഇത്തരത്തില്‍ പേട്ട വാര്‍ഡ് വികസനിമല്ലായ്മയില് ദുരിതങ്ങളുടെ കാഴ്ചയൊരുക്കുമ്പോള്‍ വാര്‍ഡ് വികസന പ്രവര്‍ത്തനങ്ങളുടെ പൂര്ണതയിലാണെന്നാണ് ഇടതു കക്ഷികള്‍ അവകാശപ്പടുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി വാര്‍ഡ് കൗണ്‍സിലറെ ബിനാമിയാക്കി പാര്‍ട്ടി ഭരിക്കുന്ന സാഹചര്യമാണ് പേട്ടയിലുള്ളതെന്നാണ് ജനസംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: