ന്യൂദൽഹി : ഫോൺ കോൾ മുറിഞ്ഞാൽ ഉപഭോക്താക്കൾക്ക് ജനുവരി ഒന്ന് മുതൽ ടെലികോം കമ്പനികൾ നഷ്ടപരിഹാരം നൽകണമെന്ന് ട്രായ് നിർദ്ദേശം. ഒരു രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് നിർദ്ദേശം. പ്രതിദിനം പരമാവധി മൂന്ന് വിളികൾക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകുന്നത്.
നാല് മണിക്കൂറിനകം എസ്എംഎസ് അല്ലെങ്കിൽ യുഎസ്എസ്ഡി മുഖേന ഫോൺ കോൾ മുറിഞ്ഞ വിവരവും അക്കൗഡിൽ ഷ്ടപരിഹാരമെത്തിയ വിവരവും ഉപഭോക്താവിനെ അറിയിക്കണമെന്നും കമ്പനികൾക്ക് ട്രായ് നിർദ്ദേശം നൽകി. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളാണെങ്കിൽ അടുത്ത ബില്ലിൽ വിശദവിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കണം.
മോശം സേവനം നൽകുന്ന ടെലികോം കമ്പനികൾക്കുള്ള പിഴ ഉയർത്താനും തീരുമാനമുണ്ട്. ഒരു ടെലികോം സർക്കിളിലെ മൊത്തം ട്രാഫികിന്റെ രണ്ട് ശതമാനത്തിൽ കൂടുതൽ കോളുകൾ ഡ്രോപ്പായാൽ രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം
.തീരുമാനം നടപ്പിലാകുന്നതോടെ തുടർച്ചയായി കോൾ ഡ്രോപ്പ് സംഭവിക്കുന്നതിൽ നിന്നും ഉപഭോക്താക്കൾക്ക് ആശ്വാസം ലഭിക്കുമെന്നാണ് ട്രായിയുടെ കണക്കുകൂട്ടൽ. കോൾ ഡ്രോപ്പാകുന്നതിന്റെ ദുരിതം ഇല്ലാതാക്കാനും സേവനം മെച്ചപ്പെടാനും പുതിയ നിർദ്ദേശങ്ങൾ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ(ട്രായ്) വ്യക്തമാകുന്നു.
പുതിയ തീരുമാനം ടെലികോം കമ്പനികൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് ട്രായ് നിരീക്ഷിക്കും. ആറ് മാസത്തിന് ശേഷം അവലോകനം നടത്തുമെന്നും ട്രായ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: