ഒറ്റപ്പാലം: ജില്ലാ പോലീസ് മേധാവിയുടെ പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഷാപ്പുംപടി വിട്ടാമ്പാറ ചെരപറമ്പില്‍ ഫൈസല്‍(35)നെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. തോട്ടക്കര സ്വദേശിനിയായ സ്ത്രീയില്‍ നിന്നുമാണ് പോലീസുകാരന് ചമഞ്ഞ് എസ്.പിക്ക് കൊടുക്കാനെന്ന് പറഞ്ഞ് ഇയാള്‍ 50,000 രൂപ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.
കണ്ണനെന്ന വ്യക്തി എസ്.പി ഓഫീസില്‍ സ്ത്രീക്കെതിരായി പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ ഫൈസല്‍ എസ്.പി ഓഫീസിലെ ആളാണെന്ന വ്യാജേനയാണ് ഫോണ്‍ വഴി ബന്ധപ്പെട്ടത്. പരാതി തീര്‍പ്പാക്കാനെന്ന പേരില്‍ പണം ആവശ്യപ്പെടുകയായിരുന്നു. ഭയം തോന്നിയ സ്ത്രീ ഫൈസല്‍ പറഞ്ഞ നഗരത്തിലെ സ്ഥാപനത്തില്‍ പണം ഏല്പിക്കുകയായിരുന്നു. തോട്ടക്കര സ്വദേശിനി, അയല്‍വാസിയായ കണ്ണന് പണം കൊടുക്കാനുണ്ടായിരുന്നു. കണ്ണന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഫൈസല്‍ ഇക്കാര്യങ്ങള്‍ മനസിലാക്കിയാണ് തട്ടിപ്പ് നടത്തിയത്.
രണ്ടാം തവണ ഫോട്ടോ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ് ഫൈസല്‍ നേരിട്ട് പോയി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പിന്നീട് ഇതിനു പിന്നില്‍ ആരെന്ന് മനസിലായതോടെ തോട്ടക്കര സ്വദേശിനി ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഫൈസലിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഒറ്റപ്പാലം എസ്.ഐ മുരുകന്, സി.പി.ഒമാരായ ആര്. കിഷോര്‍, ഷിബു നെന്മാറ, എം. ജ്യോതികുമാര്‍, പി.ഡി. ദേവസി, ശിവദാസന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: