തിരുവനന്തപുരം: കോട്ടയത്തെ ജുവലറിയില്‍ നിന്ന് പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയ ആദായനികുതി വകുപ്പിലെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരെയും ഇടനിലക്കാരനെയും സിബിഐ അറസ്റ്റു ചെയ്തു.
ഇന്‍കംടാക്സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ശൈലേന്ദ്ര മമ്മടി, ഓഫീസര്‍ ശരത്, ഇടനിലക്കാരനായ അലക്സ് എന്നിവരെയാണ് തിരുവനന്തപുരം സിബിഐ യൂണിറ്റ് അറസ്റ്റു ചെയ്തത്. ഏറ്റുമാനൂരിലെ ജൂവലറി ഉടമയില്‍ നിന്നാണ് ഇവര്‍ പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. ശൈലേന്ദ്ര മമ്മടിക്കു വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ശരത് ആണ്. പണം വാങ്ങി നല്കാന് ഇടനിലക്കാരനായത് അലക്സ് ആണെന്നും സിബിഐ വൃത്തങ്ങള്‍ പറയുന്നു. മൂന്നുമാസം മുമ്പാണ് ശൈലേന്ദ്ര മമ്മടി ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറി വന്നത്.
കോട്ടയത്തെ പവ്വത്തില്‍ ജുവലറിയുടെ ആദായനികുതി കുടിശ്ശിക തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടനിലക്കാരായ ശരത്തും അലക്സും മുഖേന ശൈലേന്ദ്ര മമ്മടി പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കോട്ടയത്തെ ഒരു ഫഌറ്റില്‍ വച്ചാണത്രെ തുക കൈമാറിയത്. ബുധനാഴ്ച വൈകീട്ടാണ് ശൈലേന്ദ്ര മമ്മടിയെ സിബിഐ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച വൈകിയും മമ്മടിയെ ചോദ്യം ചെയ്തുവരികയാണ് സിബിഐ. ഈ ജുവലറിയുടെ ആദായനികുതി കുടിശ്ശിക തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്യുന്ന മറ്റ് ആദായനികുതി ഉദ്യോഗസ്ഥരുടെ കോട്ടയത്തെയും തിരുവനന്തപുരത്തെയും വീടുകളിലും സിബിഐ പരിശോധന നടത്തുന്നുണ്ട്.
ബുധനാഴ്ച വൈകിട്ട് ശരത്തിന്റെ തിരുവനന്തപുരം പിടിപി നഗറിലെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് പത്തുവെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി. റെയ്ഡ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. അയല്‍വാസിയായ റിട്ട. കേണല്‍ നല്‍കിയതാണ് വെടിയുണ്ടകളെന്ന് ശരത് സിബിഐക്ക് മൊഴി നല്കി.
വെടിയുണ്ടകളും വിദേശമദ്യവും കണ്ടെടുത്തതിനാല്‍ വട്ടിയൂര്‍ക്കാവ് പോലീസും ശരത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്തിരുന്ന തിരുവനന്തപുരം പൗഡിക്കോണം പറയ്ക്കോട് സ്വദേശി കുമാര്‍ (39) മരിച്ചു. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അധികൃതര്‍ ബുധനാഴ്ച വൈകിട്ട് കുമാറിന്റെ വീട്ടിലെത്തിയിരുന്നു. ഇന്നലെ രാവിലെ കുമാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട സ്ഥലത്ത് ചെന്നിരുന്നു. വൈകിട്ട് വീട്ടിലെത്തിയ കുമാര്‍ മുറിക്കകത്ത് തൂങ്ങുകയായിരുന്നു. വിദ്യയാണ് ഭാര്യ. കാര്‍ത്തിക്, ലക്ഷ്മി എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: