ലക്ഷ്മണന്‍ ജ്യേഷ്ഠ സമീപത്തിലെത്തി വന്ദിച്ച് വിജയവാര്‍ത്ത അറിയിച്ചു. സന്തോഷപുളകിതനായ രാമന്‍ അനുജനെ മടിയിലിരുത്തി ആശ്ലേഷിച്ച് നെറുകയില്‍ മുകര്‍ന്നു. ലക്ഷ്മണന്‍ ചെയ്ത ദുഷ്‌കരകര്‍മ്മത്തെ പ്രശംസിച്ചു. ഇതോടുകൂടി രാവണവധം സുനിശ്ചിതമായിത്തീര്‍ന്നെന്ന് രാമന്‍ ആശ്വസിച്ചു. രാവണന് മക്കളോടുള്ള സ്‌നേഹം വളരെ വലുതും വികാരഭരിതവുമാണ്. അതുകൊണ്ടാണ് ഇന്ദ്രജിത്തിന്റെ മരണത്തോടെ രാവണന്റെ മരണവും ആസന്നമായെന്ന് രാമന്‍ പറഞ്ഞത്. എന്നാല്‍ പുത്രശോകം രാവണന്റെ കോപം വര്‍ദ്ധിപ്പിക്കുമെന്നും സംഹാരരുദ്രനെപ്പോലെ ഇനി രാവണന്‍ യുദ്ധത്തിനായി എത്തുമെന്നും രാമന്‍ പറയാന്‍ മടിച്ചില്ല. സുഷേണന്‍ സൗമിത്രിയേയും പരിക്കേറ്റ വാനരവീരന്മാരേയും മുറിവുകളില്‍ മരുന്നു പുരട്ടി ശുശ്രൂഷിച്ചു.
മകന്‍ മരിച്ച വാര്‍ത്തയറിഞ്ഞ് രാവണന്‍ മൂര്‍ച്ഛിച്ചുവീണു. ഏറെ നേരം അങ്ങനെ കിടന്ന് ബോധം വീണ്ടുകിട്ടിയപ്പോള്‍ രാവണന്റെ മനസ്സില്‍ ഇടക്കിടെ മിന്നലാട്ടം പോലെ തന്റെ കര്‍മ്മദോഷങ്ങളെപ്പറ്റിയുള്ള ചിന്ത ഉടലെടുത്തു. ജന്മം നിഷ്ഫലമായിരിക്കുന്നു എന്ന വ്യര്‍ത്ഥതാബോധം ഉടലെടുക്കുമ്പോഴും ദേവന്മാരും, ദ്വിജന്മാരും, മുനിമാരും തന്റെ ശത്രുക്കളാണെന്ന ചിന്തയും രാവണ മനസ്സില്‍ പ്രതികാരദാഹത്തിന്റെ ആക്കം കൂട്ടിക്കൊണ്ടിരുന്നു. ആ പ്രതികാരചിന്ത സീതയെ കൊന്ന് ചോരകുടിച്ചാലല്ലാതെ തന്റെ ദുഃഖത്തിന് ശമനം കൈവരികയില്ല എന്ന ചിന്തയിലേക്ക് രാവണനെ നയിച്ചു.
അടങ്ങാത്ത കോപത്താലും കെട്ടടങ്ങാത്ത പ്രതികാരാഗ്നിയാലും പ്രചോദിതനായ രാവണന്‍ വാളുമായി സീതയെ വെട്ടിനുറുക്കാന്‍ പുറപ്പെട്ടു. പലരും തടഞ്ഞു. പക്ഷെ രോഷവും സങ്കടവും അടങ്ങാത്ത അവന്‍ പിന്‍മാറിയില്ല. അവന്റെ വരവ് കണ്ട് സീത ഭയവിഹ്വലയായി. ജാനകി ഭയംകൊണ്ട് വിറച്ച് നിലവിളിക്കാന്‍ തുടങ്ങി. ആ ദീനവിലാപം കേട്ട് രാവണന്റെ മന്ത്രിയായിരുന്ന പ്രഹസ്തന്റെ സഹോദരന്‍ സുപാര്‍ശ്വന്‍ ഓടിച്ചെന്ന് രാവണനെ തടഞ്ഞുകൊണ്ട് രാവണന്റെ പൈതൃകത്തേയും പ്രശസ്ത ഗുണങ്ങളേയും കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് പറയാന്‍ തുടങ്ങി.
അങ്ങ് ബ്രാഹ്മണകുലത്തില്‍ ജനിച്ചവനാണ്. പ്രജാപതിയായ പുലസ്ത്യന്റെ മകനായ വിശ്രവസ്സാണ് അങ്ങയുടെ പിതാവ്. അങ്ങ് നിര്‍മ്മലനും ജഗത്രയസമ്മതനുമാണ്. കുബേരന്റെ സഹോദരനാണ്. വേദവിദ്യയിലും വൃതചര്യയിലും ഏകാഗ്രശ്രദ്ധയുള്ളവനാണ്. ഇങ്ങനെയുള്ള ഒരാള്‍ സ്ത്രീവധത്തിന്നൊരുമ്പെടുന്നത് ചിന്തിക്കാന്‍പോലും യോഗ്യതയുള്ളതല്ല. മറിച്ച് അത് ദുഷ്‌കീര്‍ത്തിയെ വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായകരമാക്കുകയുള്ളു. അതുകൊണ്ട്
വേദവിദ്യാവ്രതസ്‌നാതഃ
സ്വകര്‍മ്മനിരതസ്തഥാ
സ്ത്രീയഃ കസ്മാദ് വധം വീര
മന്യസേ രാക്ഷസേശ്വര?
(യുദ്ധം 92:64)
ഹേ രാക്ഷസേശ്വര, ക്രോധം മൂലം അങ്ങ് ധര്‍മ്മം വെടിഞ്ഞ് സ്ത്രീവധം ചെയ്യുകയോ? വേദവിദ്യാ വ്രതസ്‌നാതനും സ്വകര്‍മ്മനിരതനുമായ അവിടന്ന് എന്തുകൊണ്ടാണ് സ്ത്രീവധത്തിനൊരുമ്പെടുന്നത്. ഞങ്ങളോടൊത്ത് യുദ്ധത്തിനു വന്ന് അങ്ങയുടെ കോപം ശത്രുക്കളുടെ മേല്‍പൊഴിക്കുക. രാമനെ കൊന്ന് ഭവാന് സീതയെ പ്രാപിക്കാം.
അഭ്യുത്ഥാനം ത്വമരെദ്യവ
കൃഷ്ണപക്ഷ ചതുര്‍ദ്ദശീം
കൃത്വാ നിര്യാഹ്യമാവസ്യാം
വിജയായ ബലൈര്‍വൃതഃ
(യുദ്ധം 93:63)
ഇന്ന് കറുത്തപക്ഷത്തിലെ പതിനാലാം രാവാണ്. അതിനാല്‍ ഇന്നേ യുദ്ധത്തിന്നൊരുക്കങ്ങള്‍ ചെയ്ത് നാളെ വിജയ യാത്ര തുടങ്ങിയാലും.
സുപാര്‍ശ്വന്റെ വാക്കുകള്‍ രാവണകോപത്തിന് സ്വല്പം ശമനം വരുത്തി. പിറ്റേദിവസം ബ്രഹ്മാസ്ത്രവും ബ്രഹ്മ കവചവുമണിഞ്ഞ് രഥത്തില്‍ കയറി അവശിഷ്ട സൈന്യത്തെ കൂടുതല്‍ സജ്ജീകരണങ്ങള്‍ നല്‍കി ശക്തിസമ്പന്നമാക്കി അവരോടൊപ്പം രാവണന്‍ യുദ്ധക്കളത്തിലെത്തി ശക്തമായ ആക്രമണം നടത്തിക്കൊണ്ട് വാനരസേനയില്‍ പരിഭ്രാന്തി പരത്തി.
വാനരസൈന്യങ്ങളെ അരിഞ്ഞുവീഴ്‌ത്തിക്കൊണ്ട് രാവണന്‍ രാമലക്ഷ്മണന്മാരുടെ മുമ്പിലെത്തി. താമസാസ്ത്രം പ്രയോഗിച്ച് വാനരസേനയില്‍ പലരേയും ദഹിപ്പിച്ചു. ഇതിനിടയില്‍ കോപിഷ്ഠനായ ലക്ഷ്മണന്‍ അസ്ത്രം പ്രയോഗിച്ച് രാവണരഥത്തിലെ കൊടിമരം മുറിച്ചുകളഞ്ഞു. രാവണന്റെ വില്ലും മുറിച്ചു. സാരഥിയെ വധിച്ചു. വിഭീഷണന്‍ രാവണരഥത്തില്‍ പൂട്ടിയിരുന്ന നാലു കുതിരകളേയും കൊന്നു. രഥത്തില്‍ നിന്നും താഴെയിറങ്ങിയ രാവണന്‍ വിഭീഷണന്റെ നേര്‍ക്ക് ശക്ത്യായുധം പ്രയോഗിച്ചു. ആ ശക്തി വിഭീഷണന്റെ നേര്‍ക്ക് അടുക്കുന്നതു കണ്ട് ലക്ഷ്മണന്‍ പാഞ്ഞെത്തി ഇടക്കുനിന്നു.
ആ ശക്ത്യായുധം ലക്ഷ്മണന്റെ ശരീരത്തെ തുളച്ച് മറുപുറമെത്തി. ലക്ഷ്മണന്‍ ചേതനയറ്റ് നിലത്തുവീണു. ഈ അവസ്ഥ കണ്ട് ശ്രീരാമന്‍ അമ്പരന്നു. സുഗ്രീവനേയും ഹനുമാനേയും വിളിച്ച് ലക്ഷ്മണന്റെസംരക്ഷണ ചുമതല അവരെയേല്പിച്ചു. രാഘവന്‍ ലങ്കേശ്വരനെ നേരിട്ടു. രണ്ടുപേരും അത്ഭുതപരാക്രമങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് ഘോരഘോരം യുദ്ധം ചെയ്തു.
രാമന്റെ ശരവര്‍ഷമേറ്റ് ഗത്യന്തരമില്ലാതെ രാവണന്‍ യുദ്ധക്കളത്തില്‍നിന്നും പിന്മാറി. ലക്ഷ്മണന്റെ ദയനീയാവസ്ഥ കണ്ട് ദുഃഖിതനായി സൗമിത്രിയുടെ മാറുതുളച്ച് മറുപുറം എത്തിയിരുന്ന വേല് പറിച്ചെടുക്കാന്‍ വാനരന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. രാമന്‍ വേല് വലിച്ചൂരി അത് ഒടിച്ച് ദൂരെയെറിഞ്ഞു. ലക്ഷ്മണനെ നോക്കി വിലപിക്കാന്‍ തുടങ്ങി.
കിംമേ രാജ്യേന പ്രാണൈര്യുദ്ധേ കാര്യം ന വിദ്യതേ
യത്രായം നിഹിതഃ ശേതേ
രണമൂര്‍ധ്‌നി ലക്ഷ്മണഃ
ദേശേ ദേശേ കളത്രാണി
ദേശേ ദേശേ ച ബാന്ധവാഃ
തം തു ദേശം ന പശ്യാമി
യത്രഭ്രാതാ സഹോദരഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: