അടുത്ത മണ്ഡലകാലം വരവായി. ഭക്തജനങ്ങളും സന്നദ്ധസംഘടനകളും ജാഗ്രത പാലിക്കുക. തീര്‍ത്ഥയാത്രയ്ക്ക് എത്തുന്ന അയ്യപ്പന്മാര്ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതോടൊപ്പം അവര്ക്കെതിരേയുണ്ടാവുന്ന ഉപദ്രവങ്ങളെയും മനഃപ്പൂര്‍വ്വമായ അവഹേളനങ്ങളെയും പ്രതിരോധിക്കാനും നമുക്ക് കഴിയണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന് തെളിയിച്ചതാണ്. കെഎസ്ആര്‍ടിസി അര്‍ഹവും ആവശ്യവുമായ എല്ലാ സൗകര്യങ്ങളും അയ്യപ്പന്മാര്ക്ക് ഒരുക്കാന്‍ സന്നദ്ധമാവുന്നില്ലയെങ്കില് സമാന്തരസര്‍വ്വീസുകള്‍ നടത്തണം. അധിക പണം വാങ്ങി നടത്തുന്ന സര്‍വ്വീസുകളില്‍ അയ്യപ്പന്മാരുടെ സൗകര്യം തന്നെയാണ് പരിഗണിക്കേണ്ടത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ മനഃപ്പൂര്‍വ്വമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇത്തവണയും തല്‍പ്പര കക്ഷികള്‍ ഉണ്ടാവാതിരിക്കില്ല.
സീസണ് മുതലാക്കി കൊള്ളലാഭം കൊയ്യുന്ന അവശ്യസാധന കച്ചവടക്കാരെ കരുതിയിരിക്കേണ്ടതുണ്ട്. ആഹാരം തുടങ്ങിയവ മിതമായ നിരക്കിലും നിലവാരത്തിലും നല്‍കുന്നതിനായി സംഘടനകള്‍ മുന്‍കൈ എടുത്ത് സ്റ്റാളുകള്‍ തുടങ്ങുന്നതും സ്വാഗതാര്‍ഹമാണ്. പൂങ്കാവനത്തില്‍ പണംകൊയ്യാനുള്ള സൗകര്യങ്ങളല്ല, ഭക്തര്‍ക്ക് സമാധാനത്തോടെയും സുരക്ഷിതമായും ദര്‍ശനം നടത്താനുതകുന്ന സൗകര്യങ്ങളാണുണ്ടാവേണ്ടത്. പൂങ്കാവനത്തിലും പമ്പയിലും പരിസരപ്രദേശങ്ങളിലും തോന്നിയതുപോലെ മലമൂത്രവിസര്‍ജ്ജനവും മലിനീകരണവും നടത്തുന്നവരെ തിരഞ്ഞുപിടിച്ച് മാതൃകാപരമായി ശിക്ഷിക്കുവാന്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പണ ബുദ്ധിയോടെ മുന്നോട്ടുവരണം. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം.
അപ്പം, അരവണ തുടങ്ങിയവ ദേവസ്വം ബോര്‍ഡിന്റെ വരുമാനമാര്‍ഗ്ഗം മാത്രമാണെന്നും, അത് സന്നിധാനം കാണുന്നു പോലുമില്ലെന്നും വ്രതശുദ്ധിയുള്ള പൂജാരി ഉണ്ടാക്കി വിധിയാംവണ്ണം നേദിക്കുന്ന ഭഗവദ്പ്രസാദം അല്ലെന്നും ഭക്തജനങ്ങളെ ബോധവത്ക്കരിക്കേണ്ടതുണ്ട്. അത് ഒരു വന്‍ ചൂഷണത്തിനു തടയിടാനും, അനാവശ്യ തിരക്കുകള്‍ ഒഴിവാക്കാനും സഹായിക്കും. മകരവിളക്ക് കൃത്രിമമാണെന്ന് വിളിച്ചു കൂവുന്നവര്‍ ഇത്തരം നഗ്നമായ ചൂഷണത്തിനെതിരെ പ്രതികരിക്കുന്നില്ല.
തീര്‍ത്ഥാടകര്‍ക്കാവശ്യമായ ആചാരപരവും, പെരുമാറ്റപരവുമായ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സന്നദ്ധസേവകര്‍ നല്കാന് ശ്രമിക്കണം. അവരെ ഉപദ്രവിക്കാനും അലോസരപ്പെടുത്താനും ആര് ശ്രമിച്ചാലും അവരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
കാവാലം ജയകൃഷ്ണന്
വിവരംകെട്ട കമ്മീഷന്
കേരള സംസ്ഥാന വിവരാവകാശ കമ്മീഷന് കൊണ്ടു ജനത്തിനു കാര്യമായ പ്രയോജനമില്ല. ആറംഗകമ്മീഷന് ചുരുങ്ങിച്ചുരുങ്ങി ഒരംഗ കമ്മീഷന് ആയാലും കമ്മീഷന് തന്നെ ഇല്ലാതായാലും സര്‍ക്കാരിനു അതു നേട്ടമാണ്. വലിയൊരു തുക കമ്മീഷന് അംഗങ്ങളുടെ ശമ്പളത്തിനും മറ്റുമായി നല്‍കുന്നത് ലാഭിക്കാം.
പതിനായിരത്തോളം വിവരാവകാശ അപ്പീലുകള്‍ കമ്മീഷന് ആസ്ഥാനത്തു കെട്ടിക്കിടക്കുന്നുവെന്നു പറയുന്നു. കഥയറിയാതെ ഈ കുടുക്കില്‍ വന്നു പെട്ട പുതിയ അപേക്ഷകരാകും ഇത്രയും പേര്. മുന്‍പ് അപേക്ഷിച്ചവരാരും തന്നെ പുതിയ പരാതിയുമായി കമ്മീഷനെ സമീപിക്കാന്‍ സാധ്യതയില്ല. ആവശ്യപ്പെട്ട വിവരങ്ങള്‍ യഥാസമയത്തു കിട്ടില്ലെന്നു മാത്രമല്ല, വിവരം നല്കാന് മടിക്കുന്നവരില്‍ നിന്നു പിഴ ഈടാക്കാന്‍ കമ്മീഷന് മടിക്കുന്നതും വിവരാവകാശ കമ്മീഷനില്‍ പരാതി കൊടുക്കുന്നതില്‍നിന്നു ജനത്തെ പിന്തിരിപ്പിക്കുന്നു. വിവരാവകാശ നിയമത്തിനു എങ്ങനെ തുരങ്കം വെയ്ക്കാമെന്നതാണ് കമ്മീഷനോടുള്ള സര്‍ക്കാര്‍ സമീപനം.
കമ്മീഷന് അംഗങ്ങളായി ജോലി നോക്കിയവരില്‍ ചിലര്‍ അഴിമതിക്കാരായിരുന്നുവെന്ന് കമ്മീഷന്റെ ശോഭ കെടുത്തുന്നു. കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ആവുന്നില്ലെങ്കില്‍ കമ്മീഷനെ പിരിച്ചുവിടുന്നതാവും ഉചിതം.ജനത്തിനു പ്രയോജനകരമല്ലാത്ത ഇത്തരമൊരു കമ്മീഷന് എന്തിന്?
കെ.എ. സോളമന്, എസ്.എല്‍.പുരം
ആന്റണിയുടെ അടവുകള്‍ വാലുപിടിച്ച് സുധീരനും
യൂത്ത് കോണ്‍ഗ്രസുകാര്‍ ആദ്യം ആന്റണിയെ ആദര്ശവാദിയെന്നു ചിത്രീകരിച്ചു നടന്നത് പതിവു രാഷ്ട്രീയ മാധ്യമ തന്ത്രം. ഇതുപോലെ പലരും ‘എളിയ വേഷവുമായി’ നടക്കുന്നുണ്ട്. ‘ആദര്‍ശം’ ആന്റണി കെ. കരുണാകരനുമായി ഏറ്റുമുട്ടി കമ്മ്യൂണിസ്റ്റ് പാളയത്തിലെത്തിയപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആദര്‍ശവാദിയും കോണ്‍ഗ്രസുകാര്‍ക്ക് യൂദാസുമായി. വീണ്ടും ആന്റണിയെ സോണിയാ ഗ്രൂപ്പ് കോണ്ഗ്രസിലെത്തിച്ചപ്പോള് വാദങ്ങള്‍ മറിച്ചായി.
നരസിംഹറാവു സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പഞ്ചസാര കുംഭകോണത്തിന്റെ കുരുക്കുമുറുകുമെന്നായപ്പോള് പദവി രാജിവെച്ചൊഴിഞ്ഞു. പിന്നെ സര്‍ക്കാര്‍ പഞ്ചസാര കുംഭകോണക്കേസ് വെള്ളത്തില്‍ കലക്കി. ആന്റണിയെ ഇടയന്മാര് അരിയിട്ടുവാഴിക്കാന്‍ തുടങ്ങിയപ്പോള്‍ ലീഡര്‍ സിപിഎം പാളയത്തിലെത്തി. പിന്നെ കരഞ്ഞുപിഴിഞ്ഞു തിരിച്ചെത്തിയത് പൊറാട്ടുനാടകം. പിന്നീട് ‘ലീഡര്‍ മകന്’ നടത്തിയത് എതിര്‍ഗ്രൂപ്പ് നടത്തിയ മറ്റൊരു നാടകം.
കേരളത്തില്‍ കോണ്‍ഗ്രസ് തമ്മിലടി തുടങ്ങിയപ്പോള്‍ അഴിമതിക്കു ഗിന്നസ് ബുക്കില്സ്ഥലം പിടിക്കാന്‍ അര്‍ഹതപ്പെട്ട ഇന്ദിര-സോണിയാസംഘം ‘ആദര്‍ശ’ ലേബലുള്ള ആന്റണിയെ രംഗത്തിറക്കി. തമ്മിലടി തുടര്‍ന്നപ്പോള്‍ ആന്റണി കണ്ടെത്തിയത് വി.എം. സുധീരനെയായിരുന്നു. സംസര്ഗദോഷമോ രാഷ്ട്രീയ കുതന്ത്രമോ സുധീരന്റെ ഇന്നത്തെ വിടുവായത്തങ്ങളില്‍ കാണാം. ആന്റണിയെപ്പോലെ സംഘപരിവാറിനെ കുറ്റം പറയുന്നു-വെള്ളാപ്പള്ളിയുടെ ‘പൂഴിക്കടകനടി’യില്‍ ശ്വാസംമുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതാവാം. എന്തായാലും പതിറ്റാണ്ടുകള്‍ നിരവധി അഴിമതികള്‍, ഭരണ അതിക്രമങ്ങള്‍ എല്ലാം നെഹ്റുവിന്റെ പിന്‍ഗാമികള്‍ നടത്തിയതിനെതിരെ ചെറുവിരലനക്കാന്‍ തയ്യാറാകാത്ത ആന്റണിയോ സുധീരനോ എങ്ങനെ ആദര്ശവാദികളാകും?
ആദര്ശമുണ്ടെങ്കിലല്ലേ തരംതാഴുന്ന പ്രശ്നമുദിക്കുന്നുള്ളൂ. അഴിമതിയുടെ പേരില്‍ നമ്മുടെ ഏതെങ്കിലും യുഡിഎഫ്, യുപിഎ പക്ഷ എംഎല്‍എയോ എംപിയോ കോണ്‍ഗ്രസ്-സഖ്യകക്ഷിക്കെതിരെ ശബ്ദിച്ച് അംഗത്വം രാജിവെച്ചോ?
സി.എല്‍.എന്‍.സ്വാമി, ചേലക്കര
ധനകാര്യവകുപ്പ് തരംതാഴുന്നു
ധനകാര്യവകുപ്പിന്റെ പരിശോധനാ വിഭാഗം കേരളാ പബ്ലിക് സര്‍വീസ് കമ്മീഷനിലെ അഴിമതി പരിശോധിക്കുന്ന തിരക്കിലാണിപ്പോള്‍! ഏറ്റവും കൂടുതല്‍ അഴിമതിക്കു സ്കോപ്പുള്ള സ്ഥാപനമാണത്രേ പിഎസ്സി! കണ്‍സ്യൂമര്‍ഫെഡും കശുവണ്ടി കോര്‍പ്പറേഷനും പൊതുമരാമത്ത്, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പിലെ അഴിമതികളും ഫണ്ടു വകമാറ്റലുമൊക്കെ കണ്ടെത്തി അവിടമൊക്കെ ശുദ്ധീകരിച്ചു കഴിഞ്ഞപ്പോഴാണത്രേ പിഎസ്സി അതിനേക്കാളൊക്കെ ഭീകര അഴിമതി കേന്ദ്രമാണെന്ന് ധനകാര്യവകുപ്പ് കണ്ടെത്തുന്നത്.
അസിസ്റ്റന്റ് എഞ്ചിനീയറായി സര്‍വീസില്‍ കയറിയപ്പോള്‍ തുടങ്ങിയ ഇറിഗേഷന്‍ പ്രോജക്റ്റുകള്‍ അതേ കക്ഷി ചീഫ് എഞ്ചിനീയറായി വിരമിച്ചിട്ടും പൂര്‍ത്തിയാക്കാത്തതില്‍ (ഇതിനിടെ അടങ്കല്‍ നൂറുകോടിയില്‍നിന്ന് ആയിരം കോടി ആയി ഉയര്‍ന്നിട്ടുണ്ടാകും) ധനകാര്യവകുപ്പ് കുഴപ്പമൊന്നും കണ്ടെത്തുന്നില്ല. കോടിക്കണക്കിന് രൂപ മുടക്കുന്ന റോഡ്/കെട്ടിടം പണിയലും എല്ലാം ഓക്കെ. കോടികള്‍ മുടക്കി പണിത ഓവര്‍ ഹെഡ് ടാങ്കുകള്‍, കുഴിച്ചിട്ട പൈപ്പുകള്‍ വെള്ളം കയറാതെ നോക്കുകുത്തിയാകുന്നതും പ്രശ്നമല്ല.
സഹസ്രകോടികള്‍ പാഴാക്കുന്ന മേല്‍പ്പറഞ്ഞ സംഗതികളൊക്കെ കണ്ടില്ലെന്നു നടിച്ച് പിഎസ്സിയിലെ കുഴപ്പം കണ്ടെത്താനുള്ള വ്യഗ്രത ദുരൂഹംതന്നെ. പിഎസ്സിയില് ഫണ്ടു ദുരുപയോഗത്തിനു സാധ്യതപോലും എത്രയോ പരിമിതം.അപ്പോള്‍ സംഗതി മറ്റെന്തോ ആകുന്നു.
കെ.വി.സുഗതന്, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: