കൊച്ചി: സംസ്ഥാനത്ത് പുതുതായി 28 നഗരസഭകള്‍ രൂപീകരിച്ചത് ഹൈക്കോടതി ഡിവിഷന്‍ബഞ്ച് ശരിവച്ചു. ഇതുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്.
കൊടുവളളി, മുക്കം, പാനൂര്‍, നീലേശ്വരം എന്നിവ പഞ്ചായത്താക്കി മാറ്റണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ തെറ്റില്ലെന്നും പുതിയ മുന്‍സിപാലിറ്റികളുടെ ക്രമത്തില്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് നടത്താമെന്നും കോടതി വ്യക്തമാക്കി.
നേരത്തേ ഗ്രാമ പഞ്ചായത്തുകളായിരുന്ന പ്രദേശങ്ങളെ മുനിസിപ്പാലിറ്റികളാക്കി ഉയര്‍ത്തുന്നത് കേരള മുനിസിപ്പല്‍ ആക്ടിനു വിധേയമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവും ഡിവിഷന് ബെഞ്ചും അംഗീകരിച്ചു. പാനൂര്‍, പെരിങ്ങളം, കരിയാട് ഗ്രാമപഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് പാനൂര്‍ മുനിസിപ്പാലിറ്റി രൂപീകരിച്ചത്.
കണ്ണൂര്‍ കോര്പ്പറേഷന് രൂപീകരണവും ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. കണ്ണൂര്‍ മുനിസിപ്പാലിറ്റിക്കു പുറമേ പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്, പുഴാതി ഗ്രാമപഞ്ചായത്ത്, എടക്കാട് ഗ്രാമപഞ്ചായത്ത്, എളയാവൂര് ഗ്രാമപഞ്ചായത്ത്, ചേലോറ ഗ്രാമപഞ്ചായത്ത് എന്നിവ ചേര്‍ത്താണ് കണ്ണൂര്‍ കോര്പറേഷന് നിലവില്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: