കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ ഒന്നു ശ്രദ്ധിച്ചുനോക്കൂ. ബിജെപിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഒരു മൂന്നാംമുന്നണിക്ക് അരങ്ങൊരുങ്ങുന്നു എന്നുബോദ്ധ്യമായതോടെ സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും നേതാക്കന്മാര് കേരളസമൂഹത്തിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ എന്തൊക്കെയാണ്.
നുണകളും വ്യാജപ്രചാരണങ്ങളുംകൊണ്ട് അവര്‍ മതവിദ്വേഷം പടര്‍ത്തുന്നു. യുപിയിലെ ഒരുഗ്രാമത്തിലുണ്ടായ വെറുമൊരു സ്വാഭാവിക സംഭവത്തെ പെരുപ്പിച്ച് കേരളത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ഇവര്‍ ഒഴുക്കിയ വിയര്‍പ്പ് ചില്ലറയാണോ. ഹൈന്ദവ ആരാധനായലങ്ങളുടെ മുന്നില്‍പോലും ഹിന്ദുക്കള്‍ വിശുദ്ധമൃഗമായിക്കാണുന്ന പശുവിനെക്കൊന്ന് കറിവെച്ചുവിളമ്പുകയാണ്. കേരളം ഭരിക്കുന്ന കോണ്‍ഗ്രസുകാര്‍ അതിനു ചൂട്ടുപിടിക്കുകയും ചെയ്യുന്നു. ബിജെപിക്ക് ഭരണംപോലുമില്ലാത്ത യുപിയില്‍ നടന്ന ഒരുസംഭവത്തില്‍ പ്രധാന മന്ത്രി എന്തുകൊണ്ടിടപെട്ടില്ല എന്നാണ് നുണകളുടെ ഈ തമ്പുരാക്കന്മാര് ചോദിക്കുന്നത്.
യുക്തിഹീനമായ ഇത്തരം ആരോപണങ്ങളാണ് ഇവര്‍ ഇവിടെ പ്രചരിപ്പിക്കുന്നത്. ഇന്ത്യയിലെ എതു മുക്കിലും മൂലയിലുമുണ്ടാകുന്ന ഏത് അനിഷ്ടസംഭവങ്ങളുടേയും ഉത്തരവാദിത്തം ബിജെപിയുടേയും പ്രധാനമന്ത്രിയുടേയും തലയില്‍ കെട്ടിവെച്ച് ജനക്ഷേമകരമായൊരു ഭരണത്തെ ഇവര്‍ ചെളിവാരിയെറിയുകയാണ്.
ഇതാണ് ഫാസിസത്തിന്റെ രീതികള്‍. നുണകളാണ് അവരുടെ ആയുധങ്ങള്‍. നുണകള്‍ സംഘടിതമായി പ്രചരിപ്പിക്കുകയും തങ്ങളുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങാത്തവരെ എങ്ങനെയും ഇല്ലാതാക്കുകയുമാണ് ഫാസിസത്തിന്റെ രീതി. അതിനുദാഹരണമല്ലേ എസ്എന്‍ഡിപി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനു നേരെ സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ട് ഇപ്പോള്‍ നടത്തുന്ന സംഘടിത ആക്രമണം. പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ച് അദ്ദേഹത്തെ ഇവര്‍ വളഞ്ഞിട്ടാക്രമിക്കുന്നു. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഒരു മൂന്നാം മുന്നണിയുണ്ടായാല്‍ കാലാകാലങ്ങളായി ഭരണം പങ്കിട്ടെടുക്കുന്ന ഇടതുവലതു കക്ഷികളുടെ നിലനില്പ് തകര്ന്നടിയുമെന്നുറപ്പാണ്.
ആ സൗഭാഗ്യം കളഞ്ഞുകുളിക്കാന്‍ ഈ നേതാക്കന്മാര് തയ്യാറാകുമോ?, ജനങ്ങള്‍ മറുപടി കൊടുക്കുന്നതുവരെ. വാസ്തവത്തില്‍ കേരളത്തില്‍ ഭരണം കയ്യാളുന്ന ചില രാഷ്ട്രീയ പര്‍ട്ടികളുടെ ബീജവാപം നടന്നത് മത സാമുദായിക സംഘടകളിലാണന്ന യാഥാര്‍ത്ഥ്യം പലരും മറക്കുകയാണ്. ഇതിനുദാഹരണമല്ലേ കേരളാ കോണ്‍ഗ്രസും ലീഗുമെല്ലാം. പിന്നെന്തിന് എസ്എന്ഡിപിയോടിത്ര അസഹിഷ്ണുത!
അശോക് കുമാര്‍ പിളള, ചെങ്ങന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: