മുട്ടം: നാമനിര്‍ദ്ദേശപത്രിക നല്കാന് ഒരു ദിവസം മാത്രം അവശേഷിക്കുമ്പോള്‍ ചര്‍ച്ചകളും കൂടിയാലോചനകളും തകൃതി . മുന്നണി സംവിധാനത്തില്‍ മത്സരിക്കുന്നവര്‍ക്കാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയാകുന്നത്. പഞ്ചായത്ത് തലത്തില്‍ തര്‍ക്കങ്ങള്‍ ഇല്ലാതെ മുന്നണികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുക എന്നതുതന്നെ ഭഗീരഥപ്രയത്നമാണ്. എങ്ങിനെയെങ്കിലും സീറ്റ് വിഭജനം പൂര്‍ത്തിയാക്കി കഴിയുമ്പോഴാണ് പറ്റിയ സ്ഥാനാര്‍ത്ഥികളെ കിട്ടാനില്ലാത്ത അവസ്ഥ വരുന്നത്. തങ്ങള്‍ കണ്ടുവെച്ചിട്ടുള്ള ജനകീയനായവരെ മറ്റുള്ളവര്‍ റാഞ്ചാതിരിക്കാന്‍ പിന്നെ നെട്ടോട്ടമായി. ടാക്സി വിളിച്ച് സ്ഥാനാര്‍ത്ഥിയാക്കുവാന്‍ ഉദ്ദേശിക്കുന്ന ആളിന്റെ വീട്ടുപടിക്കല്‍ എത്തുമ്പോഴാണ് എതിര് മുന്നണിക്കാര്‍ അതേ വീട്ടുമുറ്റത്ത് തങ്ങള്‍ നോക്കി വെച്ച സ്ഥാനാര്‍ത്ഥിയുടെ സമ്മതത്തിനായി കാത്തിരിക്കുന്നത് കാണുന്നത്. പ്രതിഛായ്ക്ക് വലിയവില ഉള്ളതിനാല്‍ പോസ്റ്ററൊട്ടിക്കാനും, മുദ്രാവാക്യം വിളിക്കാനും എന്നും കൂടെ ഉള്ളവരെ സ്ഥാനാര്‍ത്ഥിയാക്കുവാന്‍ മുന്നണികള്‍ ശ്രമിക്കാറില്ല. നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ റാഞ്ചാതിരിക്കാന്‍ കഴുകന് കണ്ണുമായി കാത്തിരിക്കണം. ഇന്ന് വൈകിട്ടോടെ മുന്നണി സ്ഥാനാര്‍ത്ഥികളുടെയും വിമതരുടെയും ചിത്രം തെളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: