പേട്ട: പാര്‍വതീ പുത്തനാറിന്റെ നവീകരണ വികസനത്തിനായി അനുവദിച്ച നൂറ് കോടിയുടെ പദ്ധതി അവതാളത്തില്‍. 1998ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആറ്റിലെ മാലിന്യ നിര്‍മാര്‍ജനത്തിനായി ലോകാരോഗ്യ സംഘടനയില്‍ നിന്ന് നൂറ് കോടി സംസ്ഥാനത്തിന് ലഭിച്ചത്. എന്നാല്‍ മാലിന്യ നിര്‍മാര്‍ജനത്തിന് പകരം മണല്‍ കടത്തിനാണ് പാര്‍വതീ പുത്തനാര്‍ വേദിയായത്. ചെളിനീക്കം ചെയ്യാനെന്ന വ്യാജേന വന്‍ തോതില്‍ ആറ്റില്‍ നിന്ന് മണല്‍ കടത്തി പദ്ധതി അട്ടിമറിക്കുകയാണ് ഉണ്ടായത്.
ചാക്കയിലാണ് നവീകരണങ്ങള്‍ക്ക് മുഖ്യമന്ത്രിയായിരുന്നു നായനാര്‍ തുടക്കം കുറിച്ചത്. ചെളിവാരാന്‍ കൊണ്ടുവന്ന ഡ്രെഡ്ജ്ജിംഗ് ബോട്ടിനെ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പൊളിച്ചടുക്കി സ്വകാര്യ മണല്‍ ലോബിയുടെ ജെസിബിക്ക് വരാനുള്ള അവസരം ഒരുക്കിക്കൊടുത്തുകൊണ്ടായിരുന്നു ക്രമക്കേടുകള്‍ക്ക് തുടക്കം. ചാക്കയില്‍ തുടങ്ങിയ ശുചീകരണം പൂര്‍ത്തിയാക്കാതെ ജെസിബിയടക്കമുള്ള യന്ത്രസാമഗ്രികള്‍ പൗണ്ട് കടവിലേക്ക് മാറ്റിയാണ് മണല്‍ക്കടത്ത് തുടങ്ങിയത്. നിയമാനുസൃതമുള്ള പാസ് പ്രകാരം ലോഡൊന്നിന് ആയിരം രൂപയാണ് ഇറിഗേഷന്‍ വകുപ്പ് ഈടാക്കിയത്. ഒരു പാസ്സ് ഉപയോഗിച്ച് പ്രതിദിനം പത്തോളം ടിപ്പറുകളില്‍ മണല്‍ കടത്തിവന്നു. അനുവദനീയമായ ഒന്നര മീറ്റര്‍ താഴ്ചയെക്കാള്‍ ആറ് മീറ്ററിലധികം ആഴത്തിലാണ് മണല്‍ ഖനനം നടത്തിയത്. സമീപത്തുണ്ടായിരുന്ന മണല്‍ കൂനവരെ വാരി ആറ്റിലിട്ട് കഴുകി വൃത്തിയാക്കി ടിപ്പറുകളില്‍ കടത്തി. അനധികൃതമായ മണലെടുപ്പില്‍ വിഎസ്എസ്സി മതില് തകര്‍ച്ചാഭീഷണിയിലായി. വിഎസ്എസ്സി അധികൃതരുടെ പരാതിയുടെ തുടര്‍ന്ന് കോടതി സ്റ്റേ പുറപ്പെടുവിച്ചതോടെയാണ് ഇവിടത്തെ മണല്‍ കടത്ത് നിലച്ചത്. മണലെടുപ്പിലുള്ള ക്രമക്കേടുകളെക്കുറിച്ച് പരാതികള്‍ വ്യാപകമായിരുന്നിട്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ഇ.കെ. നായനാര്‍ക്ക് ശേഷം എ.കെ. ആന്റണിയും വി.എസ്. അച്യുതാനന്ദനും ഉമ്മന്‍ചാണ്ടി രണ്ട് പ്രാവശ്യവും സംസ്ഥാനം ഭരിച്ചപ്പോഴും നൂറ് കോടി നിശബ്ദതയിലായിരുന്നു. ഫണ്ട് തട്ടിയെടുക്കാനുള്ള ഇടതുവലത് മുന്നണികളുടെ ആസൂത്രിതമായ നവീകരണമാണ് പാര്‍വതീ പുത്തനാറില്‍ നടന്നതെന്ന് പരക്കെയുള്ള ആക്ഷേപം. നൂറ് കോടിയുടെ പദ്ധതി നിലനില്ക്കുമ്പോള് 2011 ലും 12 ലുമായി കരിക്കകത്തും ചാന്നാങ്കരയിലും സ്കൂള്‍ വാന്‍ മറിഞ്ഞ് ദുരന്തമുണ്ടായപ്പോള്‍ ലക്ഷങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുവദിച്ചു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് മൂന്നാറ്റുമുക്ക് മുതല്‍ ആക്കുളം വരെയുള്ള ശുചീകരണത്തിന് 68 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഇത്തരത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ പാര്‍വതീ പുത്തനാറിന്റെ നവീകരണങ്ങള്‍ക്കായി ഒഴുക്കിയിട്ടും പുത്തനാര്‍ ഇന്നും ഡ്രെയിനേജ് മാലിന്യങ്ങളുടെ ചുഴിയില്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: