തലക്കെട്ടു വായിക്കുമ്പോള്‍ തന്നെ നാട്ടാര്‍ക്ക് പിടികിട്ടിക്കാണും ആരെക്കൊണ്ട് എന്തു പറയുന്നുവെന്ന്. കാരണം മറ്റൊന്നുമല്ല, സ്വയം കൃതാനര്‍ത്ഥം പോലെ കഴിഞ്ഞ കുറച്ചു കാലമായി കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ ശ്വസം നിലയ്ക്കാന്‍ പോകുമ്പോള്‍ നിലനില്‍പ്പിനായി പല കോമാളിത്തരങ്ങളും കെട്ടിയാടുകയാണ്. സിപിഎമ്മെന്ന ‘മഹാ’ പ്രസ്ഥാനത്തെക്കുറിച്ച് ഈ നാട്ടാര്‍ക്ക് ഒരു ചുക്കുമറിയില്ലെന്ന് ആ പാര്‍ട്ടിയുടെ നേതാക്കള്‍ ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങിയിട്ട് കാലമെറെയായി. ഓരോ ദിവസവും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വിവാദങ്ങള്‍ ഇത് ശരിയാണെന്ന് നാട്ടാര്‍ക്ക് പലപ്പോഴായി ബോധ്യപ്പെട്ടിട്ടുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊലക്കേസ് പ്രതികളായവരെ സ്ഥാനാര്‍ഥികളാക്കാനുള്ള തീരുമാനത്തോടെ നേതാക്കളുടെ ‘തിരുവാമൊഴി’ ഒരിക്കല്‍ക്കൂടി ശരിവെയ്ക്കുകയാണ്.
ഒന്നല്ല, നാലു പ്രതികളെയാണു വോട്ടര്‍മാര്‍ക്കു മുന്നില്‍ പാര്‍ട്ടി നിര്‍ത്താന്‍ പോകുന്നത്. വധക്കേസില്‍ കുറ്റാരോപിതര്‍ മാത്രമാണ് ഇവരെന്നും കള്ളക്കേസില്‍ കുടുക്കിയാണ് ഇവരെ പ്രതികളാക്കിയതെന്നും പാര്‍ട്ടിയുടെ ‘ജനസമ്മതിയുളള’ (അപമതിയുളവാക്കുന്ന)നേതാക്കളായ ഇവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരമൊരുക്കേണ്ടതു പാര്‍ട്ടിയുടെ കടമയാണെന്നാണ് ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുളള ചഖാക്കളുടെ ന്യായം. ഇതിനൊക്കെ ഇറങ്ങിതിരിക്കുന്നവര്‍ ഒന്ന് ഓര്‍ക്കുന്നത് നന്നെന്ന് തോന്നുന്നു. കാലം പഴയതല്ല, ഒരുപാട് മാറി വോട്ടര്‍മാരായ പൊതുജനം …..അല്ല. എല്ലാ കാലത്തും എല്ലാരേയും പറ്റിക്കാന്‍ സാധിക്കില്ലെന്നും മനസ്സിലാക്കിയാല്‍ നല്ലത്.
പാര്‍ട്ടിയുടെ വിശദീകരണത്തില്‍ അത്ഭുത കൂറുകയാണ് നാട്ടുകാര്‍. ജയിലില്‍ കിടന്നു മത്സരിക്കുകയും ജയിച്ചു നാട് ഭരിക്കുകയും ചെയ്തിട്ടുള്ള മഹാന്മാരും മഹാന്മാരല്ലാത്തവരുമുള്ള നാട്ടില്‍ കൊലപാതകക്കേസിലെ പ്രതികള്‍ മത്സരരംഗത്തെത്തുന്നത് ഇതാദ്യം. കുറേക്കാലമായി നിങ്ങള്‍ കാട്ടികൂട്ടുന്ന ഈ കോപ്രായങ്ങള്‍ കണ്ടു മടുത്ത ജനം പ്രതികരിച്ചാല്‍ കുറ്റം പറയാനാവില്ല.
ഫസല്‍, മനോജ് വധക്കേസുകളിലെ പ്രതികളെയാണു കണ്ണൂരില്‍ സ്ഥാനാര്‍ഥികളാക്കുന്നത്. രണ്ടു കേസുകളും രാജ്യത്തെ പ്രബല അന്വേഷണ ഏജന്‍സിയായ സിബിഐയാണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഫസല്‍വധക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കുകയാണ്. മനോജ് വധക്കേസില്‍ ഗൂഢാലോചനയുള്‍പ്പെടെ അന്വേഷിച്ചു കൊണ്ടിരിക്കുകയുമാണ്.
മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതികളാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചവരാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന കാരായിമാരും പാട്യത്തെ സഖാക്കളും ഉല്‍പ്പെടെയുളള നാലുപേരും. അറസ്റ്റിലും റിമാന്‍ഡിലുമായി ഏറെക്കാലം ജയിലിലായിരുന്നു ഇവര്‍. ഇപ്പോള്‍ ജാമ്യത്തിലാണെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ വിലക്കും നിലനില്‍ക്കുന്നുണ്ട്.
കോടതി കുറ്റക്കാരനാണെന്നു വിധിക്കും വരെ കുറ്റാരോപിതര്‍ മാത്രമാണ് പ്രതികളെന്ന ന്യായമുന്നയിക്കുന്നത് ഒട്ടും ഉചിതമല്ല. ബീഹാറിലും ഉത്തര്‍പ്രദേശിലും മറ്റും കേട്ടുകേള്‍വിയുളള ക്രിമിനലുകള്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നെന്ന ആരോപണം ആദ്യമായി നമ്മുടെ നാട്ടിലും, അതും കമ്മ്യൂണിസ്റ്റ് പുരോഗമനവാദികളെന്നവകാശപ്പെടുന്ന ഏറെപ്പേരുളള കണ്ണൂരിലും ഈ തെരഞ്ഞെടുപ്പോടെ യാഥാര്‍ത്ഥ്യമാവുകയാണ്. എല്ലാകാലത്തും വൈരുദ്ധ്യത്മിക ഭൗതിക വാദം പ്രസംഗിക്കുകയും നേര് വിപരീതം പ്രവര്‍ത്തിക്കുകയും, ഏതാനും നാളുകളായി ആത്മീയാഥിഷ്ഠിത ഭാതിക വാദം അനുഷ്ഠിക്കുകയും കൊണ്ടു നടക്കുകയും ചെയ്യുന്ന കണ്ണൂരിലെ പാര്‍ട്ടിതന്നെ ഇത് നാട്ടാര്‍ക്ക് കാട്ടിക്കൊടുത്തത് നന്നായി. വേണമെങ്കില്‍ കൊടിസുനിയും നാളെ സ്ഥാനാര്‍ത്ഥിയായാല്‍ അത്ഭുതപ്പെടാനില്ല.
കൊലക്കേസില്‍ പ്രതികളായവരെ സ്ഥാനാര്‍ത്ഥികളാക്കാനും ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാക്കുവാനുമുള്ള സിപിഎമ്മിന്റെ നീക്കം ഏതായാലും ജില്ലയിലെ സമാധാനകാംക്ഷികളായ ജനങ്ങളോടുള്ള വെല്ലുവിളിയല്ലാതെ മറ്റൊന്നുമല്ല. നേതൃത്വത്തിന്റെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രകടമായ തെളിവാണിത്. കളങ്കിതരെന്ന് ആരോപിക്കപ്പെട്ടവരെ വരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി കൊലക്കേസില്‍ പ്രതിയായവരെപ്പോലും സ്ഥാനാര്‍ത്ഥികളാക്കുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റൊന്നുമല്ല.കൊലക്കേസിലെ പ്രതികളെ വിജയിപ്പിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞെന്ന് വരാം. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ പാര്ട്ടിക്കതീതരായ വലിയൊരു ജനസമൂഹവും നീതിപീഠവും ഒരിക്കലും നിങ്ങള്‍ക്ക് മാപ്പുതരില്ല.
സമാധാനത്തെക്കുറിച്ചും നീതിയെക്കുറിച്ചും അസഹിഷ്ണുതയെക്കുറിച്ചും നാഴികക്ക് നാല്‍പ്പതുവട്ടം വാതോരാതെ നാടുനീളെ നടന്നു പ്രസംഗിക്കുന്ന സഖാക്കളുടെ തനിനിറം ഇതോടെ പുറത്തു വന്നിരിക്കുകയാണ്. ഈ പാര്‍ട്ടിയെക്കുറിച്ച് ഇനിയും ഒരുപാട് അറിയാനുണ്ടെന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും ഇപ്പോള്‍ ഏതാണ്ട് ബോധ്യപ്പെട്ടു കാണും. കാത്തിരുന്നു കാണാം ഇനി ഇതിലും വലിയ തോന്ന്യവാസങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: