സ്വന്തം ലേഖകന്‍
പാനൂര്‍: പാട്യത്തിന് പറയാന്‍ രാഷ്ട്രീയ വിവേചനം മാത്രം. കൊലക്കേസ് പ്രതികള്‍ മൂന്നുപേര്‍ ജനവിധി തേടുന്നതും പാട്യം പഞ്ചായത്തിനെ ശ്രദ്ധാകേന്ദ്രമാക്കും. പതിറ്റാണ്ടുകളായി ഭരണസാരഥ്യം വഹിക്കുന്ന സിപിഎമ്മിന്റെ ഏകാധ്യപത്യ പ്രവണതയുടെ ബാക്കിപത്രമായി കിടക്കുന്നത് വികസന മുരടിപ്പ് മാത്രം. സ്വജനപക്ഷപാതപരമായി ജനങ്ങളെ വിഭജിച്ചു കാണുന്ന നിഷ്ഠൂരമായ രാഷ്ട്രീയം ജില്ലയില്‍ തന്നെ രൂക്ഷമായ പഞ്ചായത്തുകളിലൊന്നാണ് പാട്യം. സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്, ജില്ലാസെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രന് തുടങ്ങിയ പാര്‍ട്ടി നേതാക്കളുടെ തിട്ടൂരം നടപ്പാക്കാന്‍ വിധിക്കപ്പെട്ട ജനപ്രതിനിധികള്‍ ഭരിക്കുന്ന പഞ്ചായത്താണിത്. ഈ നേതാക്കളുടെ വീടുകള്‍ ഉള്‍പ്പെട്ട പാട്യത്ത് തന്നെയാണ് കതിരൂര്‍ മനോജ് വധത്തിലെ പ്രതികളായ മുച്ചിറിയന്‍ രാമന് എന്ന രാമചന്ദ്രനും ചപ്ര പ്രകാശനും മത്സരിക്കുന്നത്. പാട്യം ഡിവിഷനില്‍ നിന്ന് ജില്ലാപഞ്ചായത്തിലേക്ക് ഫസല്‍വധത്തിലെ പ്രധാനസൂത്രധാരന്‍ കാരായി രാജനും ജനവിധി തേടുന്നു. ഇത് ഈ പഞ്ചായത്തിനെ ഇപ്പോള്‍ തന്നെ കുപ്രസിദ്ധമാക്കിയിരിക്കുകയാണ്.
അപരിഷ്കൃതമായ ഭരണശൈലിയാണ് ഇവിടെ നടപ്പാക്കി വരുന്നത്. 18 അംഗ ഭരണസമിതിയില്‍ 14 അംഗങ്ങളുളള ശക്തമായ സ്വാധീനമാണ് സിപിഎമ്മിനുളളത്. യുഡിഎഫിന് മൂന്നും ബിജെപിക്ക് 1 അംഗവുമാണുളളത്. 14-ാം വാര്‍ഡായ പത്തായക്കുന്ന് വാര്‍ഡ് സിപിഎമ്മില്‍ നിന്നും ബിജെപി പിടിച്ചെടുത്തതായിരുന്നു. അതിനാല്‍ തന്നെ ഈ 5 വര്‍ഷം വികസനപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കാണിക്കാനും സിപിഎം ശ്രമിച്ചു. വീടു നിര്‍മ്മാണത്തിന് ഫണ്ടു ലഭ്യമാകാന്‍ മുഖ്യമന്ത്രി, കലക്ടര്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കേണ്ട അവസ്ഥയാണ് ഉണ്ടായതെന്ന് വാര്‍ഡ് മെമ്പര്‍ കെ.സരള പറയുന്നു. അങ്ങിനെ ഒരാള്‍ക്കു മാത്രമാണ് വീടു നല്കാന് കഴിഞ്ഞതെന്ന് വ്യസനപൂര്‍വ്വം ഇവര്‍ സമ്മതിക്കുന്നു. ഒരു വനിത മെമ്പറെന്ന പരിഗണന പോലും നല്‍കാതെ അവഗണന മാത്രമാണ് അഞ്ചുവര്‍ഷം കൊണ്ട് ലഭിച്ചതെന്ന് വെളിപ്പെടുത്തുമ്പോള്‍ വിവേചനരാഷ്ട്രീയം എത്ര വലുതായിരുന്നൂവെന്ന് വ്യക്തമാകും. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വീടിനായി അനുവദിക്കപ്പെട്ട ഫണ്ടുകള്‍ സിപിഎം അംഗങ്ങളുടെ വാര്‍ഡില്‍ മാത്രമാണ് വിനിയോഗിച്ചതെന്ന് യുഡിഎഫ് അംഗങ്ങളും പറഞ്ഞു.
രാഷ്ട്രീയ അസഹിഷ്ണുതയുടെ ക്രൂരതകള്‍ ഏറെ നടന്ന പ്രദേശമാണ് പാട്യം. സിപിഎമ്മിനെ എതിര്‍ക്കുന്ന രാഷ്ട്രീയക്കാരെ ഉന്മൂലനം ചെയ്യാന്‍ ജില്ലയില്‍ പടയൊരുക്കം നടക്കുന്നതും പാട്യത്താണ്. ചെറുവാഞ്ചേരി, ഓട്ടച്ചിമാക്കൂല്‍, കിഴക്കെകതിരൂര്‍ തുടങ്ങിയ പ്രദേശമുള്‍ക്കൊള്ളുന്ന ഭൂവിസ്തൃതിയില്‍ വലിപ്പമുളള പഞ്ചായത്താണ് ഇത്. ജലജ ടീച്ചറാണ് നിലവിലെ പ്രസിഡണ്ട്. സിപിഎം അസഹിഷ്ണുതയും വിവേചനശൈലിക്കുമെതിരെയുളള ശക്തമായ ജനവികാരമുയര്‍ന്നു വരുമെന്ന പ്രതീക്ഷയാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുളളത്. അതിനാല്‍ തന്നെ മുഴുവന്‍ വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. അക്രമരാഷ്ട്രീയത്തിനും വികസനമുരടിപ്പിനുമെതിരെ വോട്ടു ചോദിക്കാന്‍ ബിജെപി സാരഥികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. പി.ജയരാജനും കൂട്ടരും കൊലയാളികളെ പോലും മത്സരത്തിനിറക്കി നടത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറാവുമെന്ന പ്രതീക്ഷയാണ് സമാധാനകാംക്ഷികള്ക്കുളളത്. ഒപ്പം ജനാധിപത്യത്തിന്റെ പൊന്‍പുലരിയും പാട്യത്ത് പുലരുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: