തിരുവനന്തപുരം: നട്ടെല്ലില്‍ അപൂര്വ്വമായുണ്ടാവുന്ന അണുബാധ മൂലം ദുരിതത്തിലായ വീട്ടമ്മ സഹായം തേടുന്നു. കല്ലയം മഞ്ചാംകോട് കോളനി എല്‍ ആര് ഭവനില്‍ ജയദേവിന്റെ ഭാര്യ അശ്വതിയാണ് ചികിത്സയ്ക്കായി സഹായം തേടുന്നത്.
നട്ടെല്ലിലെ സുഷുമ്നാ നാഡിയിലുണ്ടായ കടുത്ത അണുബാധ മൂലം ആഴ്ചയില്‍ പതിനായിരം രൂപ ചെലവു വരുന്ന കുത്തിവയ്പ്പെടുത്താണ് ജീവന് പിടിച്ചു നിര്‍ത്തുന്നത്. ഇതു രണ്ടുവര്‍ഷത്തേക്ക് തുടരണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ചാലയില്‍ പൂക്കടയിലെ ജീവനക്കാരനായ ജയദേവിന് ഇതു താങ്ങാനാകുന്നതിലും അപ്പുറത്താണ്.
രണ്ടുവര്‍ഷം മുമ്പ് ഇടതു കണ്ണിന് കാഴ്ച മങ്ങിയതാണ് തുടക്കം. അന്നു കണ്ണിന് ചികിത്സ തേടി മടങ്ങി. പിന്നീട് കൈ വിരലുകള്‍ മരവിച്ചു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മള്‍ട്ടിപ്പിള്‍ സ്കീറോസിസ് എന്ന രോഗമാണെന്ന് തിരിച്ചറിഞ്ഞത്. ക്രമേണ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം തകരാറിലാകുന്ന രോഗമാണിതെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട്സ് ജോലിക്ക് പിന്നീട് പോയിട്ടില്ല. ഏഴ് വയസ്സുള്ള മകളുണ്ട്. സ്വന്തം നിലയ്ക്കു ജോലിയൊന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ മാതാവിന്റെ വീട്ടിലാണ് താമസം. അശ്വതിയുടെയോ ഭര്‍ത്താവിന്റെയോ പേരില്‍ ഒരു തുണ്ടുഭൂമിപോലും ഇല്ല. സന്മനസ്സുകള് സഹായിക്കുമെന്ന് പ്രതീക്ഷയില്‍ കാനറ ബാങ്കിന്റെ മുക്കോലയ്ക്കല്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ 2966101012912 ഐഎഫ്എസ്ഇ കോഡ്: CNRB 0002966, ഫോണ്‍ : 8089268575.
പ്രതികരിക്കാൻ ഇവിടെ എഴുതുക: