നേരം പരപരാ വെളുക്കും മുമ്പ് പ്രതിപക്ഷമില്ലാത്ത പഞ്ചായത്തില്‍ നിന്ന് വിളിച്ച മ്മടെ കണാരേട്ടന് പെരുത്ത് സന്തോഷം. ഒന്നും പറേണ്ടടോ, ഞാന്‍ വിചാരിച്ചു ഇനിയുള്ള കാലം പിള്ളാരൊക്കെ തേരാപാരയാവുംന്ന്. ന്നാല്‍ ക്ലച്ച് പിടിക്കുന്നതിന്റെ സകല ലക്ഷണവുമുണ്ട്. അതും പറഞ്ഞ് കണാരേട്ടന്‍ ആര്‍ത്തുചിരിക്കുകയാണ്. പ്രതിപക്ഷമില്ലാത്ത പഞ്ചായത്തിലെ സകലവ്യാകുലതകളും ഉള്‍പ്പിരിവുകളും വഴിപ്പിരിവുകളും നല്ലോണം നിശ്ചയമുള്ളയാളാണ് കണാരേട്ടന്‍.
ഇത്രയ്‌ക്കങ്ങ് സന്തോഷിക്കാനുള്ള വകുപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പാര്‍ട്ടിക്കൊടിയല്ലാതെ ആ ഗ്രാമത്തില്‍ മറ്റൊന്നും നേരത്തെ കണ്ടിരുന്നില്ല. എന്തിനധികം 70കളില്‍ പാര്‍ട്ടിക്കാരല്ലാത്ത ഏതെങ്കിലും വിദ്വാന്മാരുടെ വീടാണെങ്കില്‍ തെരഞ്ഞെടുപ്പുകാലത്ത് വോട്ടേഴ്‌സ് സ്ലിപ്പും അഭ്യര്‍ത്ഥനയുമൊക്കെ അവിടേക്ക് കല്ല്‌കെട്ടി എറിയുകയായിരുന്നു രീതി. അത്രയ്‌ക്കായിരുന്നു പാര്‍ട്ടിയുടെ ‘സഹിഷ്ണുത!’ അങ്ങനെ ഏറെ അനുഭവിച്ചും ആവികൊണ്ടും കഴിഞ്ഞിരുന്ന കണാരേട്ടന്റെ ഗ്രാമത്തില്‍ മാറ്റമൊക്കെയുണ്ടായിരുന്നു. നടന്നു മാത്രം പോകാന്‍ പറ്റിയ വഴികളില്‍ കാളിമപൂണ്ട റോഡൊക്കെ ഉണ്ടായി എന്നത് സത്യം. പക്ഷേ, ഇത്രകണ്ട് ആഹ്ലാദിക്കാനുള്ള കാരണമെന്ത്?
അതിന് കണാരേട്ടന്‍ തന്ന വിശദീകരണം ഇത്തിരി സംസ്‌കരിച്ച് (അതങ്ങനെയാണല്ലോ. സ്‌നേഹത്തോടെ നാട്ടുകാരന്‍പറയുന്നത് ഇത്തിരി വ്യാജന്‍ ചേര്‍ത്ത് പറഞ്ഞില്ലെങ്കില്‍ പരിഷ്‌കാരത്തിന് ഉടവു തട്ടിയാലോ) പറയാം. കോളേജായ കോളജും സര്‍വകലാശാലയും അതിനു മുകളിലുള്ള വഹകളും ഒട്ടുവളരെ നാട്ടിലുണ്ടെങ്കിലും അതില്‍ നിന്ന് പുറത്തുവരുന്ന ചുള്ളന്മാര്‍ക്ക് (ചുള്ളത്തികള്‍ക്കും) വിശപ്പടക്കാന്‍ പോരുന്ന പണിയൊന്നും കിട്ടിയിരുന്നില്ല. കണാരേട്ടന്റെ മൂന്നു പിള്ളാര്‍ മേപ്പടി സ്ഥാപനങ്ങളില്‍ നിന്നെടുത്ത ബിരുദ-ബിരുദാനന്തര കടലാസുമായി നടന്ന് മടുത്തപ്പോള്‍ പാരമ്പര്യവഴിയിലേക്കു തന്നെ തിരിയുകയാണുണ്ടായത്. അതാണെങ്കിലോ സാമാന്യം ടെക്കിയുടെ കീശയില്‍ കൊള്ളാവുന്നത്രയും റുപ്പിയ വീഴുന്നുണ്ട്. പക്ഷേ, ഒരിത് കിട്ടുന്നില്ല. കാല്‍ശരായിയും കണ്ഠകൗപീനവും ധരിച്ച് ഠിം ഠിം നടന്ന് അത്യാവശ്യം റുപ്പിയ കൈകാര്യം ചെയ്യുന്നതിലെ ആ ഗമയുണ്ടല്ലോ, അത് ഇല്ല. അങ്ങനെ വിഷാദമേഘങ്ങളുടെ യാത്രയും നോക്കിയിരിക്കുമ്പോഴാണ് കോരിത്തരിപ്പുള്ള കാഴ്ചകാണുന്നത്.
നേരത്തെ സൂചിപ്പിച്ച കലാലയങ്ങളിലൊക്കെയതാ പുതു ഉത്സവങ്ങള്‍ അരങ്ങേറുന്നു. നല്ല സ്വയമ്പന്‍ ബീഫും കപ്പയും നൈസ്പത്തിരിയും പൊറോട്ടയും… എന്റെ കല്ലിടാംകുന്ന് ഭഗവതീ എന്താകഥ. എന്തെന്തൊക്കെ സാധ്യതകളാണ് മുമ്പില്‍ തുറന്നു തരുന്നത്. ഇനി നാലുംകൂടിയ വഴിയില്‍ ഈച്ചയാര്‍ക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് ഇറച്ചി വാങ്ങി പോകേണ്ട. അഢ്യത്വവും പാരമ്പര്യവും ഓളംവെട്ടുന്ന കലാലയങ്ങളില്‍ പ്രത്യേക ഇടങ്ങള്‍. ശീതീകരിച്ച അറവുമാടങ്ങള്‍. ബിരുദ-ബിരുദാനന്തര യോഗ്യതയുള്ള ചുള്ളന്മാര്‍ മട്ടത്രികോണവും കോമ്പസും ത്രിമാനസമവാക്യങ്ങളുമായി മണിമണിയായി ഇറച്ചി മുറിച്ചു തരുന്നു.
അതുകൊണ്ടുപോയി പാകം ചെയ്തു കഴിക്കാം. അതുപോരെങ്കില്‍ തൊട്ടപ്പുറത്ത് നോക്കൂ. ബീഫ് ഡിപ്പാര്‍ട്ടുമെന്റ്. വകുപ്പുമേധാവിയുടെ നേതൃത്വത്തില്‍ ചൂടുള്ള വിഭവങ്ങള്‍ റെഡി. പാര്‍സല്‍ വേണമെങ്കില്‍ അങ്ങനെ. അതല്ല അവിടെയിരുന്ന് കഴിക്കാനാണെങ്കില്‍ അങ്ങനെ. പശ്ചാത്തലത്തില്‍ മേഘസന്ദേശം, ഉണ്ണുനീലി ചരിതം, മണിപ്രവാളം, കിങ്‌ലിയര്‍, മാക്ബത്ത്…. തുടങ്ങി ലോകപ്രശസ്തങ്ങളായ നാടകങ്ങളുെട, കാവ്യങ്ങളുടെ അവതരണം. വെറും ഇറച്ചിവെട്ടുകാരനില്‍ നിന്ന് ഒരാള്‍ ബീഫ് സ്‌പെഷലിസ്റ്റിലേക്ക് പരകായ പ്രവേശം ചെയ്യുന്നു. ഇതില്‍പരം തൊഴില്‍ സാധ്യതയും മാന്യതയും മറ്റെന്തിലുണ്ട്? ഇതാണ്‍ടോ പറയുന്നുത് മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്നും പറഞ്ഞ് കണാരേട്ടന്‍ ഉച്ചത്തിലുച്ചത്തില്‍ പൊട്ടിച്ചിരിക്കുന്നു.
ഒരു നിഷ്‌കളങ്ക ഗ്രാമീണന്റെ വ്യഥകളും അസ്വസ്ഥതകളും അതില്‍ അടങ്ങിയിരുന്നോ എന്നു ചോദിച്ചാല്‍ തല്‍ക്കാലം മറുപടിയില്ല പ്രിയപ്പെട്ടവരേ. ഏതായാലും തലങ്ങും വിലങ്ങുംവെട്ടി മനുഷ്യമാംസം ചിതറിച്ചത് ശാസ്ത്രീയമായി വെട്ടുന്നത് അറിയാത്തതിനാലാണെന്ന പ്രയാസം ഇതോടെ തീരുകയാണ്. ക്ലാസ് മുറിയില്‍ അധ്യാപകനെ ശാസ്ത്രീയമായി വെട്ടിപ്പിളര്‍ത്താന്‍ കഴിയാത്തതിന്റെ വിഷമം പൊളിറ്റ് ബ്യൂറോയ്‌ക്ക് ഇനിയും തീര്‍ന്നിട്ടില്ല. ബീഫ് ഫെസ്റ്റിവലും തുടര്‍നടപടിയും അതിന് മറുമരുന്നാകും എന്ന ആശ്വാസത്തോടെ മ്മടെ കണാരേട്ടന് ഒരു ബിഗ് സല്യൂട്ട് നല്‍കി തല്‍ക്കാലം വിടവാങ്ങുന്നു.
***********
ആദരണീയനായ പ്രൊഫ. എസ്. രാജശേഖരന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അര്‍ത്ഥഗര്‍ഭവും കാലികവുമായ ഒരു പോസ്റ്റ്. അതിലെ പ്രസക്തമായ വരികളിലേക്ക്: വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, സര്‍വ്വകലാശാലകള്‍… എല്ലാം പ്രാഥമികമായും വിദ്യാഭ്യാസത്തിനു വേണ്ടിയുള്ളവയാണ്. പറഞ്ഞു പഴകിയ ക്ലീഷെ ഇനിയും കാലഹരണപ്പെട്ടിട്ടില്ല; അവിടെയാണ് നാടിന്റെ ഭാവി ഉരുവംകൊള്ളുക. അതുകൊണ്ട്, വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും കരുത്തുറ്റ തലമുറയെ രൂപപ്പെടുത്തിയെടുക്കുക വിദ്യാലയങ്ങളും കലാലയങ്ങളും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട എല്ലാവരുടെയും പ്രാഥമികമായ കടമയുമാണ്.
പത്തു മുപ്പത്തഞ്ചു കൊല്ലം മുമ്പ് എറണാകുളം മഹാരാജാസിലെ പിരിയന്‍ ഗോവണിയുടെ മുകളിലെ ക്ലാസ് മുറിയില്‍ പതിഞ്ഞ ശബ്ദത്തില്‍ പ്രിയപ്പെട്ട പ്രൊഫസര്‍ ക്ലാസെടുക്കുന്ന അതേ അനുഭവം. ഡോ. എം. ലീലാവതി, പ്രൊഫ. തോമസ് മാത്യു, പ്രൊഫ. എം.കെ. സാനു, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, സി.ആര്‍. ഓമനക്കുട്ടന്‍, ചന്ദ്രബോസ്, പ്രൊഫ. ജോസഫ് ഐവി, ശര്‍മിഷ്ഠ, ഇന്ദിര… അനുഗൃഹീത ഗുരുപാരമ്പര്യത്തിന്റെ മഹാമേരുവിലേക്ക് ഇടക്കിടെ ഓര്‍മകള്‍ തലയുയുര്‍ത്തി നോക്കുമ്പോള്‍ കോരിത്തരിപ്പ്.
സഹസ്രകോടി സൂര്യന്മാരുടെ പ്രകാശം. അതിന്റെ ഏതെങ്കിലും വഴിയില്‍ നില്‍ക്കാന്‍ നമ്മുടെ കേരളവര്‍മ്മ കോളജിലെ ദീപനിശാന്തിന് കഴിയുമോ എന്ന ചോദ്യം മറ്റൊരു ചോദ്യത്തില്‍ തട്ടിനില്‍ക്കുകയാണ്. ബിജെപി, ഹിന്ദു ഐക്യവേദി തുടങ്ങിയ നേതാക്കളെ കാണുമ്പോഴുള്ള ചാനല്‍ ആംഗര്‍മാരുടെ ആംഗ്രി എന്നുതീരും എന്ന ചോദ്യത്തില്‍. മാതൃഭൂമിയിലെ വേണുവും ഏഷ്യാനെറ്റിലെ ബിനുവും പിന്നെ നിത്യഗര്‍വിതന്‍ നികേഷും സമയംകിട്ടുമ്പോള്‍ ബിബിസി ആംഗര്‍മാരെയൊന്നു കാണണം. കോട്ട്-സ്യൂട്ട് കെട്ടുകാഴ്ചക്കുള്ളില്‍ മര്യാദ വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ, അല്ലേ. അല്ലല്ല…. അല്ലല്ല… അല്ലല്ല എന്നാണെങ്കില്‍ നൊ കമന്റ്‌സ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: