മുട്ടം : ശക്തമായ സാന്നിധ്യമായി ബിജെപി രംഗത്ത് എത്തിയതോടെ മുട്ടം പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് രംഗം കൊഴുത്തു. യുഡിഎഫിന്റെ ഭരണത്തിനെതിരെ ശക്തമായ ജനവികാരമാണ് ഉയര്‍ന്നുവരുന്നത്. 13 വാര്‍ഡുകളാണ് പഞ്ചായത്തില്‍ ഉള്ളത്. മൃഗീയ ഭൂരിപക്ഷവുമായി പഞ്ചായത്ത് ഭരിച്ചിട്ടും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഭരണസമിതി പരാജയായിരുന്നു.
എല്‍ഡിഎഫ്-3, യുഡിഎഫ് 10 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. എല്‍ഡിഎഫില്‍ സിപിഎമ്മിന് ഒരു സീറ്റ് മാത്രമാണ് പഞ്ചായത്തില്‍ ഉള്ളത്. രണ്ട് സീറ്റ് സിപിഐയ്ക്കാണ്. കേരള കോണ്‍ഗ്രസ് (എം)ഉം കോണ്‍ഗ്രസും പ്രസിഡന്റ് സ്ഥാനം വീതം വച്ചാണ് ഭരിച്ചുകൊണ്ടിരുന്നത്. നിലവില്‍ കോണ്‍ഗ്രസിലെ ബീന ജോര്‍ജ്ജാണ് പ്രസിഡന്റ്. പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ച് പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരെ സ്ഥാനാര്‍ത്ഥിയാക്കുവാനുള്ള സിപിഎം നീക്കം പാര്‍ട്ടി അണികളെ നിരാശരാക്കിയിട്ടുണ്ട്. സഹകരണ ബാങ്ക് ഭരണത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഉണ്ടായ അന്തഃഛിദ്രങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്ന ആശങ്കയിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍. മുട്ടത്തെ അറിയപ്പെടുന്ന മഹിളാ കോണ്‍ഗ്രസ് നേതാവായ കെ.എന്‍ ഗീതാകുമാരി അടുത്തിടെ ബിജെപിയില്‍ എത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരു വാര്‍ഡില്‍ പോലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാതെ വേഷപ്പകര്‍ച്ചയില്‍ സിപിഎം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത് ഗതികേടാണ് സൂചിപ്പിക്കുന്നത്.
8 വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയേയും 5 വാര്‍ഡില്‍ രാഷ്ട്രീയ സാഹചര്യമനുസരിച്ച് സ്ഥാനാര്‍ത്ഥികളേയും അവതരിപ്പിക്കാനാണ് ബിജെപി തീരുമാനം. 3 വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. 4-ല്‍ കവിത സാബു ഇവലുങ്കല്, 5ല്‍ ലളിത കേശവന്, 13ല്‍ ബിന്ദു ബിനോയി എന്നിവരാണ് ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍. നിലവിലെ പ്രതിപക്ഷ നേതാവായ സിപിഐയിലെ സജി വിജയസാധ്യതയുള്ള സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുവാന്‍ സാധ്യതയുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ശക്തമായ സാന്നിധ്യമാകുവാനുള്ള പ്രവര്‍ത്തനത്തിലാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: