രവീന്ദ്രന് കൊട്ടോടി
കാഞ്ഞങ്ങാട്:’വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ ഇത്തവണ ബിജെപി നിര്‍ണാക ശക്തിയാകും. അതിനുള്ള ചിട്ടയാര്‍ന്ന നിശബ്ദ പ്രവര്‍ത്തനങ്ങള്‍ ബിജെപി നടത്തിക്കഴിഞ്ഞു. ഉദുമ, അജാനൂര്‍, മടിക്കൈ, പള്ളിക്കര, പുല്ലൂര്‍-പെരിയ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. 1995ലാണ് കാഞ്ഞങ്ങാട് ബ്ലോക്ക് രൂപീകൃതമായത്. നിലവില്‍ ഉദുമ, കരിപ്പൊടി പനയാല്‍, പാക്കം, പുല്ലൂര്‍, മടിക്കൈ, അമ്പലത്തുകര, വെളളിക്കോത്ത് വാര്‍ഡുകള്‍ സിപിഎം പ്രതിനിധീകരിക്കുന്നു. പെരിയ, പാലക്കുന്ന്-കോണ്‍ഗ്രസ് ഐ, അജാനൂര്‍ സിഎംപി, ചിത്താരി സിപിഐ, പള്ളിക്കര, ഐഎന്‍എല്‍-പാലക്കുന്ന് എന്നിങ്ങനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആരംഭകാലം മുതല്‍ സിപിഎം കയ്യടക്കിയിരുന്ന ബ്ലോക്ക് പഞ്ചായത്തില്‍ ഇത്തവണ ബിജെപി പ്രാതിനിധ്യം ഉറപ്പാക്കുന്നതിനനുയോജ്യമായ ഘടകമാണുളളത്. വിവിധ വാര്‍ഡുകളില്‍ ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും ശക്തമായ സാന്നിധ്യമുണ്ട്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഗ്രൂപ്പ് പോരും പരസ്പര പ്രസ്താവന യുദ്ധങ്ങളും അണികളില്‍ തന്നെ മടുപ്പുണ്ടാക്കിയിരിക്കുന്നു. പ്രത്യക്ഷത്തില്‍ ബിജെപിയാണെന്ന് പറഞ്ഞ് മുന്നോട്ട് വരാന്‍ മടിക്കുന്ന ബിജെപി അനുഭാവമുള്ളവരുടെ കണക്കുകളെടുത്താല്‍ കാഞ്ഞങ്ങാട് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ ബിജെപിക്ക് ഇത്തവണ വന്‍ വോട്ട് വര്‍ധനയുണ്ടാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.
ശ്രീനാരായണഗുരുവിനോട് സിപിഎം കാണിച്ച നെറികേട് നെഞ്ചില്‍ കനലായി കൊണ്ടു നടക്കുന്ന നല്ലൊരു വിഭാഗം സിപിഎം ഈഴവ സമുദായ അംഗങ്ങള്‍ പല വാര്‍ഡുകളിലുമുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെയുള്ള വോട്ടാക്കി മാറ്റാനുള്ള തന്ത്രമാണ് ബിജെപി അവിഷ്കരിച്ചിരിക്കുന്നത്. ഉദുമ പഞ്ചായത്തില്‍ സജീവ സാന്നിധ്യമാകാന്‍ സാധിക്കാതിരുന്ന ബിജെപിക്ക് ഇത്തവണ ആറു വാര്‍ഡുകളില്‍ ശക്തിയാകാന്‍ സാധിക്കുമെന്ന് നേതൃത്വം പറയുന്നു. പഞ്ചായത്തിനകത്ത് തന്നെ സിപിഎം നടത്തിയ അഴിമതി ബിജെപി ആയുധമാക്കും. അഞ്ച് വര്‍ഷക്കാലം അഴിമതിക്ക് സിപിഎം നേതൃത്വം കുടപിടിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ നിലവില്‍ അഞ്ച് ശക്തമായ സീറ്റുകളാണ് ബിജെപിക്കുള്ളത്. ഇത്തവണ മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ സിറ്റിംഗ് സീറ്റായ അരയി വാര്‍ഡ് നേടിയെടുക്കാനുള്ള അനുകൂല സാഹചര്യം ബിജെപിക്കുണ്ട്. വാര്‍ഡിലെ വികസനമില്ലായ്മ ജനങ്ങളെ പുതിയ നേതൃത്വത്തിനെ സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്താനാണ് ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നത്. അലാമിപ്പള്ളി ബസ്റ്റാന്റ്, ബാര്‍ വിവാദം തുടങ്ങിയ പ്രശ്നങ്ങളില്‍ തമ്മില്‍ തല്ലിയും അംഗങ്ങളെ പുറത്താക്കിയും അകത്താക്കിയും കളിച്ച് വികസനം മറന്ന കോണ്‍ഗ്രസ്-ലീഗ് ഭരണത്തിന്റെ കെടുകാര്യസ്ഥതയായിരിക്കും തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിക്കാട്ടുക. ഗതാഗതപ്രശ്നങ്ങളില്‍ നിന്ന് കാഞ്ഞങ്ങാട് നഗരത്തിനെ മോചിപ്പിക്കാന്‍ അലാമിപ്പള്ളി ബസ്റ്റാന്റ് യാഥാര്‍ത്ഥ്യമാക്കാന്‍ അഞ്ച് വര്‍ഷക്കാലത്തെ ഭരണം കൊണ്ട് നഗരസഭയ്ക്കായിട്ടില്ല.
കാഞ്ഞങ്ങാട്ടെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ധൈര്യം കാണിക്കാത്ത ഭരണ നേതൃത്വം പരസ്പരം പോരടിച്ചും ചെയര്‍പേഴ്സനെ മാറ്റിയും അഞ്ച് വര്‍ഷം തികയ്ക്കുകയായിരുന്നു. സാധാരണക്കാരുടെ പെ ന്ഷന് തുകപോലും നല്കാന് ഭരണസംവിധാനത്തിന് കഴിഞ്ഞിട്ടില്ല. 2013 മുതലുള്ള പെന്ഷന് തുകയാണ് ഫയലില്‍ കെട്ടിക്കിടക്കുന്നത്. നഗരത്തിലെ മാലിന്യ പ്രശ്നം ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. കാലാവധി കഴിയാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കെ നടന്ന നഗരസഭ യോഗം പോലും കയ്യാങ്കളിയിലാണ് അവസാനിച്ചത് എന്നത് വികസന മുരടിപ്പ് വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ കുത്തകയായ മടിക്കൈ പഞ്ചായത്തില്‍ ബിജെപിക്ക് ലഭിച്ച ഒരു സീറ്റില്‍ നിന്ന് രണ്ടിലേക്ക് കടക്കാനുള്ള അനുകൂലസാഹചര്യം നിലവിലുണ്ട്. ഇത് നേടിയെടുക്കുമെന്ന ഉറച്ച വിശ്വസവും നേതൃത്വത്തിനുണ്ട്. പ്രകൃതി ചൂഷണത്തിനെതിരെ വാതോരാതെ പ്രസംഗിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുള്ള സിപിഎമ്മിന് മടിക്കൈ പഞ്ചായത്തില്‍ നടന്നു വരുന്ന കുന്നിടിക്കല്‍ തടയാന്‍ സാധിച്ചിട്ടില്ല. ഇത് തെരഞ്ഞെടുപ്പില്‍ പ്രതികൂല ഘടകമാകും. വ്യാപക ജനരോഷമാണ് അണികളില്‍ തന്നെയുള്ളത്. മാസങ്ങള്‍ക്ക് മുമ്പേ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ബിജെപി പ്രാദേശിക നേതൃത്വങ്ങള്‍ മുഴുവന്‍ സ്ഥലങ്ങളിലെയും സ്ഥാനാര്‍ത്ഥി പട്ടിക അതാതു മണ്ഡലം നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും നല്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: