ശിവാകൈലാസ്
പൂവച്ചല്‍: എല്ലാ മേഖലയിലും അഴിമതിയും കെടുകാര്യസ്ഥതയും നടമാടുന്ന ഗ്രാമമായി പൂവച്ചല്‍ പഞ്ചായത്ത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ അഴിമതിക്കായി ഭരണം വിനിയോഗിച്ചവരുടെ കൂട്ടായ്മയായിരുന്നു പഞ്ചായത്ത് ഭരണസമിതി. കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ച്ചയായി ഭരണം ലഭിച്ചിട്ടും യുഡിഎഫിനു ചൂണ്ടിക്കാണിക്കാന്‍ ഒരു വികസന പദ്ധതി പോലും പൂവച്ചലില്‍ ഇല്ല. പഞ്ചായത്തിലെ പൊതുപരിപാടികള്‍ക്ക് ഉപയോഗപ്രദമാകുമെന്നു കരുതി സ്ഥാപിച്ച കമ്മ്യൂണിറ്റി ഹാള്‍ നവീകരിക്കാനെന്നു പറഞ്ഞ് അടച്ചിട്ടശേഷം പൊതുപരിപാടികള്‍ സ്വകാര്യ മണ്ഡപങ്ങളില്‍ വച്ച് നടത്തുകയെന്നതായിരുന്നു പൂവച്ചല്‍ പഞ്ചായത്തിന്റെ ശൈലി. ഇതിനെതിരെ ജനശബ്ദമുയര്ന്നപ്പോള് 2013ല്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ഹാള്‍ നവീകരിക്കാനായി ഇടിച്ചു നിരത്തി. ഇന്നേവരെ ഈ കമ്മ്യൂണിറ്റി ഹാള്‍ പുനര്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞില്ല.
കാട്ടാക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. താലൂക്ക് പദവി കൈവന്നിട്ടും ആശുപത്രിക്ക് യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കാന്‍ പഞ്ചായത്ത് സമിതിക്ക് സാധിച്ചില്ല. പൂവച്ചലില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ല, ഇവിടെ കിടത്തി ചികിത്സയുമില്ല, ആശുപത്രി പ്രവര്‍ത്തനം അവതാളത്തിലാണ് തുടങ്ങിയ ജനങ്ങളുടെ പരാതികള്‍ക്ക് ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ എന്ന മറുപടിയാണ് പഞ്ചായത്തിനുള്ളത്. വീരണകാവ് സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല. ആകെയുള്ള ഒരു ഡോക്ടര്‍ വല്ലപ്പോഴും വരുന്നതൊഴിച്ചാല്‍ ഈ ആശുപത്രികൊണ്ട് സാധാരണക്കാരന് യാതൊരു പ്രയോജനവുമില്ല. കിടത്തി ചികിത്സ നടപ്പിലാക്കുമെന്ന പഞ്ചായത്ത് ഭരണക്കാരുടെ പ്രഖ്യാപനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കുടിവെള്ളപദ്ധതിക്ക് പൂവച്ചല്‍ പഞ്ചായത്തില്‍ മിക്ക കുന്നിന്‍പ്രദേശങ്ങളിലും ഉയര്‍ന്ന വിലയ്ക്ക് ഭൂമി വാങ്ങി അഴിമതി നടത്തിയതൊഴിച്ചാല്‍ ഒരു പദ്ധതിപോലും വെളിച്ചം കണ്ടിട്ടില്ല. നാടുകാണി, പാറമുകള്‍ തുടങ്ങിയ മലയോര മേഖലകളില്‍ കുടിവെള്ള പദ്ധതി സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല. ഏക ശുദ്ധജല പദ്ധതിയായ കല്ലാമം കുടിവെള്ള വിതരണ കേന്ദ്രം നവീകരിക്കാനും പഞ്ചായത്ത് ഇന്നുവരെ തയ്യാറായിട്ടില്ല. ഇവിടുത്തെ പമ്പിംഗ് സംവിധാനങ്ങളുടെ തകരാര്‍ പരിഹരിക്കാനും പഞ്ചായത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരു രൂപ പോലും നീക്കിവച്ചില്ല.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പഞ്ചായത്തിലുടനീളം ഫഌക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രചാരണം നടത്തിയ കാട്ടാക്കട ചന്തയ്ക്കുള്ളില്‍ മൂക്കുപൊത്താതെ കയറാന്‍ കഴിയാത്ത സ്ഥിതിയാണ്. ചന്തയുടെ നവീകരണത്തിന് വിശദമായ പഠനം നടത്താനെന്ന വ്യാജേന 15ലക്ഷം രൂപ പ്രതിപക്ഷ എതിര്‍പ്പുകള്‍ മറികടന്ന് പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്നു വകമാറ്റിയിരുന്നു. കാട്ടാക്കട ചന്തയുടെ നിലവാരം ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഒരു കോടി രൂപ പ്രഖ്യാപിച്ചുവെന്ന് പറയുന്നു. എന്നാല്‍ ചന്തയുടെ വികസന പദ്ധതിക്ക് പഠനച്ചെലവായി 15 ലക്ഷം പഞ്ചായത്ത് മുടക്കുന്നതെന്തിനെന്ന ചോദ്യത്തിന് മറുപടി നല്കാന് അധികൃതര്‍ക്ക് കഴിയുന്നില്ല.
മൈലോട്ടുമൂഴിയെ ആനക്കോടുമായി ബന്ധിപ്പിക്കുന്ന ഒരുപാലം എന്ന ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിനും പഞ്ചായത്ത് മൗനം പാലിക്കുകയാണ്. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കാല്‍നടയാത്രപോലും ദുസ്സഹമായ ഗ്രാമമായി പൂവച്ചല്‍ മാറിയിരിക്കുന്നു. പത്തുവര്‍ഷം ഭരണം കൈയാളിയ കോണ്‍ഗ്രസ്സിനും ഭരണക്കാരുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കൂട്ടുനിന്ന ഇടതുപക്ഷത്തിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. പൂവച്ചല്‍ പഞ്ചായത്ത് വിഭജനം എന്നത് നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നായിരുന്നു. ഇടതു-വലതു മുന്നണികള്‍ ഒത്തുചേര്‍ന്ന് പൂവച്ചല്‍ പഞ്ചായത്ത് വിഭജനം അട്ടിമറിച്ചു. 23 വാര്‍ഡുകളും രണ്ട് വില്ലേജും ഉള്‍പ്പെടുന്ന പൂവച്ചല്‍ വിഭജിച്ച് വീരണകാവ് പഞ്ചായത്ത് രൂപീകരിക്കുവാന്‍ ജനങ്ങള്‍ ഇവിടെ പ്രത്യക്ഷ സമരത്തിലാണ്. വിഭജനം അട്ടിമറിച്ച തീരുമാനത്തിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: