തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തില്‍ 2015ലെ കരിക്കകത്തമ്മ നവരാത്രി സംഗീതോത്സവം 14 മുതല്‍ 23വരെ നടക്കും. പൂജവയ്പ്പ്, ആയുധപൂജ, മഹാനവമി, വിജയദശമി, വിദ്യാരംഭം എന്നീ പൂജകളും കര്‍ണാടക സംഗീതലോകത്തെ പ്രഗത്ഭരായ സംഗീതജ്ഞന്മാര് അണിനിരക്കുന്ന സംഗീതോത്സവവവും ഉണ്ടായിരിക്കും.
20ന് ദുര്‍ഗാഷ്ടമി ദിവസം വൈകിട്ട് 6നു ശേഷം ആയുധപൂജയോടെ പൂജവയ്ക്കും. ആയുര്‍വേദ വിധിപ്രകാരമുള്ള സാരസ്വതഘൃതം ക്ഷേത്രത്തില്‍ എത്തിച്ച് ദേവീസന്നിധിയില്‍ 11 ദിവസം പ്രത്യേകം പൂജിച്ച് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ജപിച്ചു കൊടുക്കുന്നതിനുള്ള ബുക്കിംഗ് ആരംഭിച്ചു. കരിക്കകത്തമ്മ നവരാത്രി സംഗീതോത്സവവും സാംസ്കാരിക സമ്മേളനവും കലാപരിപാടികളുടെ ഉദ്ഘാടനവും 14ന് വൈകിട്ട് 5.30ന് ട്രസ്റ്റ് ചെയര്മാന് എം. വിക്രമന്‍നായരുടെ അദ്ധ്യക്ഷതയില്‍ നടക്കും. നവരാത്രി സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. കരിക്കകത്തമ്മ നവരാത്രി സംഗീതോത്സവവും കലാപരിപാടികളുടെ ഉദ്ഘാടനവും സിനിമാ പിന്നണി ഗായകന് സുദീപ്കുമാര്‍ നിര്‍വഹിക്കും. ട്രസ്റ്റ് പ്രസിഡന്റ് സി. മനോഹരന്‍നായര്‍ സ്വാഗതം പറയും. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്, കരിക്കകം വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
കലാസാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത വ്യക്തികളെ ട്രസ്റ്റ് ആദരിക്കുന്ന ചടങ്ങ് 22ന് മഹാനവമി ദിവസം ക്ഷേത്ര നവരാത്രി മണ്ഡപത്തില്‍ നടക്കും. എംഎല്‍എ എം.എ. വാഹീദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിന് ട്രസ്റ്റ് പ്രസിഡന്റ് സി. മനോഹരന്‍നായര്‍ സ്വാഗതം പറയും. മഹാനവമി, വിജയദശമി ആഘോഷ ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. വിശിഷ്ട വ്യക്തികളെ ട്രസ്റ്റ് ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍ നിര്‍വഹിക്കും. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച മടവൂര്‍ വാസുദേവന്‍ നായര്‍(കഥകളി ആചാര്യന്), പ്രൊഫ. ഡോ ഹരിദാസ്(ആനയറ ലോര്‍ഡ്സ് ഹോസ്പിറ്റല്‍ ചെയര്മാന്), ഡോ സുഭദ്രാ നായര്‍ (ഗൈനക്കോളജിസ്റ്റ്), തിരുവല്ല പൊന്നമ്മ (ഓട്ടന്തുള്ളല് കലാകാരി) എന്നിവരെയാണ്ആദരിക്കുന്നത്. വിദ്യാരംഭദിനമായ 23ന് രാവിലെ 7.10 മുതല്‍ തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന് അനുജന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൂജാമണ്ഡപത്തില്‍ വിജയദശമി പൂജകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: