തിരുവനന്തപുരം: ബഹിരാകാശരംഗത്തെ കണ്ടെത്തലുകളും പുരോഗതിയും രാജ്യത്ത് വിസ്മയകരമായ മാറ്റം സൃഷ്ടിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. തിരുവനന്തപുരത്ത് ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ബഹിരാകാശപദ്ധതികളും അവയുടെ പ്രയോജനങ്ങളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വനസംരക്ഷണം, കാലാവസ്ഥാ നിരീക്ഷണം, ടെലിവിഷന്‍ സംപ്രേഷണം തുടങ്ങി നിരവധിമേഖലകളില്‍ ബഹിരാകാശ പദ്ധതികളുടെ പ്രയോജനം അനുനിമിഷം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതിയ തലമുറയ്ക്ക് ബഹിരാകാശ വിജ്ഞാനം പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ അട്ടപ്പാടി, വയനാട് പോലുള്ള പിന്നാക്ക മേഖലകളിലെ 400 സ്കൂളുകളില്‍ ഐഎസ്ആര്‍ഒ ക്ലാസ് നടത്തുമെന്നും 500 വിദ്യാര്‍ഥികള്‍ക്ക് വിഎസ്എസ്സി സന്ദര്‍ശിക്കുവാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവും മികച്ച രീതിയില്‍ ബഹിരാകാശവാരം സംഘടിപ്പിക്കുന്ന സ്കൂളിന് ഐഎസ്ആര്‍ഒ അവാര്‍ഡ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. യുവാക്കള്‍ ശാസ്ത്രാഭിമുഖ്യ മനോഭാവം വളര്‍ത്തണമെന്നും വിഎസ്എസ്സി ഡോ ശിവന് പറഞ്ഞു. വിഎസ്എസ്സി, എല്എസ്സി, ഐഐസ്യു എന്നീ സ്ഥാപനങ്ങള്‍ വിമന്‍സ് കോളേജുമായി ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: