ആലപ്പുഴ: ശുചിത്വമാണ് വികസിത രാജ്യങ്ങളുടെ അടിസ്ഥാനശിലയെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ഗാന്ധിജയന്തി ജില്ലാതല വാരാഘോഷകമ്മിറ്റിയുടെയും ഗാന്ധി സ്മൃതി മണ്ഡപസമിതിയുടെയും വിവിധ ഗാന്ധിയന്‍ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്നുവന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല സമാപനം അമ്പലപ്പുഴ കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമ്പതോളം ഗാന്ധി ശില്പങ്ങള്‍ നിര്‍മിച്ച ശില്പി ബിജു ജോസഫിനെ കളക്ടര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ജില്ലാതല പ്രസംഗം, പെയിന്റിങ്, ഉപന്യാസ രചന, ക്വിസ് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും ദ്വിദിന ഗാന്ധി കലാസ്വാദന-പഠനക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ജില്ലാ കളക്ടര്‍ വിതരണം ചെയ്തു.
അമ്പലപ്പുഴ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഉമ്മന്‍ പി. സാജ് ആധ്യക്ഷ്യം വഹിച്ചു.
















