പാനൂര്‍: ഒകെ.വാസുവിനും എ.അശോകനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റു നല്കാന് സിപിഎം തീരുമാനം. അതൃപ്തിയുമായി ഒരു വിഭാഗം രംഗത്ത്. കര്‍ഷക സംഘം നേതാക്കളായ പുതുസഖാക്കളെ കൂത്തുപറമ്പ് ബ്ലോക്ക്, ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിപ്പിക്കാനാണ് ജില്ലാകമ്മറ്റിയില്‍ ഏകദേശ ധാരണയായത്. എ.അശോകനെ ബ്ലോക്കിലേക്കും ഒകെ.വാസുവിനെ ജില്ലാപഞ്ചായത്തിലേക്കും മത്സരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ പാര്ട്ടിക്ഷണം ഒകെ.വാസു നിരാകരിച്ചതായാണ് ലഭ്യമാകുന്ന വിവരം. എ.അശോകനും പി.ജയരാജനും ചേര്‍ന്ന് ആസൂത്രിതമായി ഒകെ.വാസുവിനെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനുളള അടവുനയം കൂടിയാണ് സ്ഥാനാര്‍ത്ഥി ഓഫര്‍ എന്നും പറയപ്പെടുന്നുണ്ട്. ഇതിനിടെ സുധീഷ് മിന്നിയും സ്ഥാനാര്‍ത്ഥി മോഹവുമായി അഴീക്കോടന്‍ മന്ദിരത്തിലെത്തി ഇന്നലെ നേതാക്കളെ കണ്ട് മോഹമുണര്ത്തിച്ചെങ്കിലും പരിഗണിച്ചില്ലത്രേ.ഇതിനു പുറമെ കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയിലെത്തിയ പുതുസഖാക്കള്ക്ക് സീറ്റു നല്കുന്നതില് മുറുമുറുപ്പ് പാര്‍ട്ടിയില്‍ നിന്നുമുയര്‍ന്നിട്ടുണ്ട്. ബിജെപിയിലുളളപ്പോള്‍ നിരവധി സഖാക്കളുടെ ജീവന് പോകാന്‍ കാരണമായവരെ പരിഗണിച്ചാല്‍ രക്തസാക്ഷി കുടുംബങ്ങളില്‍ നിന്നും പ്രതിഷേധമുയരുമെന്ന് പാനൂര്‍, കൂത്തുപറമ്പ് ഏരിയാകമ്മറ്റിയി അഭിപ്രായപ്പെട്ടു. സീറ്റു നല്കുന്നെങ്കില് അശോകനെ പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരി വാര്‍ഡിലും ഒകെ.വാസുവിനെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ പൊയിലൂര്‍ വാര്‍ഡിലും മത്സരിപ്പിക്കണമെന്ന് പ്രബലവിഭാഗം പാര്‍ട്ടി നേതാക്കള്‍ പി.ജയരാജനോടാവശ്യപ്പെട്ടു. എന്നാല്‍ പ്രഖ്യാപനം അനിശ്ചിതത്വത്തിലായതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: