ചേര്‍ത്തല: നഗരഹൃദയത്തിലെ കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തിലെ ആറാട്ടുകുളം വൃത്തിഹീനമായി നശിക്കുന്നു. ദേവസ്വം ബോര്‍ഡ് ക്ഷേത്രക്കുളം ശുചീകരണത്തിന് നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. 50 സെന്റിലുള്ള കുളം പായല്‍ നിറഞ്ഞ അവസ്ഥയിലാണ്. സമീപത്തുള്ള റോഡില്‍ നിന്ന് മലിനജലം ഒഴുകി കുളത്തിലേക്കുന്നതിനാല്‍ കുളവും അഴുക്ക് നിറഞ്ഞ് ദുര്‍ഗന്ധം നിറഞ്ഞതായി. കുളത്തിലിറങ്ങിയാല്‍ ശരീരമാകെ ചൊറിഞ്ഞുതടിക്കുന്ന സ്ഥിതിയാണ്. കുളത്തിന് ചുറ്റും കാട് പിടിച്ചുകിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും വര്‍ദ്ധിച്ചിട്ടുണ്ട്. കുളത്തിന് സമീപമുള്ള ടൗണ്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രൂക്ഷഗന്ധം സഹിച്ചാണ് ക്ലാസ് മുറികളിലിരിക്കുന്നത്. കാട്ടില്‍ നിന്നുള്ള ഇഴജന്തുക്കള്‍ ക്ലാസിലേക്ക് കയറിവരുമോയെന്ന ഭയപ്പാടിലാണ് അദ്ധ്യാപകരും. ദേവീക്ഷേത്രത്തിന്റെ ആറാട്ടുകുളം വൃത്തിയായി സൂക്ഷിച്ച് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭക്തജനസമിതികള്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടികള്‍ ആയില്ല. രാത്രികാലങ്ങളില്‍ കുളവും പരിസരവും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. ഇതിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
















