സ്വന്തം ലേഖകന്‍
കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭ രൂപീകൃതമായി 20 വര്‍ഷം കഴിഞ്ഞിട്ടും എടുത്തു കാട്ടാവുന്ന വികസന നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാതെയാണ് നിലവിലുള്ള ഭരണ സമിതി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. നഗരസഭ രൂപീകൃതമായതുമുതല്‍ എല്‍ഡിഎഫ് ആണ് നഗരസഭാഭരണം കയ്യാളുന്നത്. നേരത്തെ കൂത്തുപറമ്പ് പഞ്ചായത്തായിരുന്നപ്പോഴും എല്‍ഡിഎഫ് ആയിരുന്നു ഭരണത്തില്‍. പഞ്ചായത്ത് മാറി നഗരസഭയായിട്ടും കാര്യമായ മാറ്റം കൂത്തുപറമ്പിലുണ്ടായിട്ടില്ലെന്ന് പ്രദേശം സന്ദര്‍ശിക്കുന്ന ആര്‍ക്കും പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാകും.
ദിനംപ്രതി നൂറുകണക്കിന് ബസ്സുകള്‍ കടന്നുപോകുന്ന കൂത്തുപറമ്പ് ബസ് സ്റ്റാന്റില്‍ ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള അടിസ്ഥാന സൗകര്യം പോലുമില്ല. ബസ് സ്റ്റാന്റ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കൂത്തുപറമ്പ്-തലശ്ശേരി റോഡിന് സമീപം ബസ് സ്റ്റാന്റിന് വേണ്ടി സ്ഥലം കണ്ടെത്തിയിട്ട് പത്ത് വര്‍ഷത്തിലധികമായെങ്കിലും ഇതുവരെയായി ഒരു സ്കെച്ച് പോലും തയ്യാറാക്കാന്‍ മുനിസിപ്പല്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ലക്ഷങ്ങള്‍ ബാങ്ക് വായ്പയെടുത്താണ് ബസ്സ്റ്റാന്റിന് വേണ്ടി സ്ഥലം വാങ്ങിയത്. ഇതിന്റെ പലിശയിനത്തില്‍ തന്നെ മുനിസിപ്പാലിറ്റിക്ക് ഭീമമായ ചെലവ് വന്നിട്ടുണ്ട്.
നേരത്തെ നഗരത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പച്ചക്കറി മാര്‍ക്കറ്റും മത്സ്യമാര്‍ക്കറ്റും പൊളിച്ചുമാറ്റിയാണ് അതേ സ്ഥലത്ത് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് പണിതത്. എന്നാല്‍ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തിട്ടും വ്യാപാരികള്‍ക്ക് ഇതുവരെയും തുറന്ന് കൊടുത്തിട്ടില്ല. നിര്‍മ്മാണപ്രവൃത്തി പൂര്‍ത്തിയാകുന്നതിന് മുമ്പേ ധൃതിപിടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയെക്കൊണ്ട് നഗരസഭാ അധികൃതര്‍ ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നുവെന്നാണ് നഗരത്തിലെ വ്യാപാരികള്‍ പറയുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ സ്ഥലം എംഎല്‍എ ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയത് നേരത്തെ തന്നെ വിവാദമായിരുന്നു. പുതിയ ഷോപ്പിംഗ് കോംപ്ലക്സ് പ്രവര്‍ത്തനത്തിന് തുറന്ന് കൊടുത്താലും മത്സ്യമാര്‍ക്കറ്റിന് സ്ഥലം കണ്ടെത്തുക പ്രയാസമായിരിക്കും.
ആധുനിക സൗകര്യമുള്ള ഒരു അറവുശാല വേണമെന്ന് കൂത്തുപറമ്പിലെ ജനങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. പരിസ്ഥിതി പ്രശ്നങ്ങളില്ലാത്ത അറവ് ശാലകള്‍ എല്ലാ നഗരസഭകളിലുമുണ്ടാകണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കേയാണ് കൂത്തുപറമ്പ് നഗരസഭയില്‍ ഇപ്പോഴും അശാസ്ത്രീയമായ ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നത്. അറവുശാലക്ക് പാലാപ്പറമ്പില്‍ സ്ഥലംകണ്ടെത്തി പണി ആരംഭിച്ചിരുന്നെങ്കിലും പാതിവഴിയില്‍ നിര്‍മ്മാണപ്രവൃത്തി നിലച്ചനിലയിലാണ്. ഏറ്റെടുത്ത സ്ഥലവും മുടക്കിയ ലക്ഷങ്ങളും പാഴായിപ്പോയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്തുകൊണ്ടാണ് നിര്‍മാണ പ്രവൃത്തി നിലച്ചതെന്ന് വിശദീകരിക്കാന്‍ അധികൃതരും തയ്യാറല്ല.
നഗരസഭാ പ്രദേശത്തെ അഴുക്കുചാല്‍ നിര്‍മ്മാണവും താളംതെറ്റിയ നിലയിലാണ്. ടൗണ്‍ സ്ക്വയറിനോട് ചേര്‍ന്ന് എലിപ്പറ്റച്ചിറ വഴിയാണ് കക്കൂസ് മാലിന്യമുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ഇറക്കി വിടുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന മാലിന്യപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മാര്‍ക്കറ്റിലും പരിസരപ്രദേശത്തുമുള്ള ഹോട്ടലുകളിലെ മാലിന്യവും കെട്ടിക്കിടക്കുന്ന അവസഥയാണ്.
പല പ്രദേശങ്ങളിലും സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്തതിനാല്‍ നഗരസഭയുടെ മിക്ക പ്രദേശവും രാത്രിയായാല്‍ പിന്നെ കൂരിരുട്ടിലാണ്. സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാത്തതും സ്ഥാപിച്ചവ ആവശ്യമായ അറ്റകുറ്റ പണിചെയ്ത് പരിപാലിക്കാത്തതുമാണ് ഇത്തരമൊരു ശോചനീയാവസ്ഥക്ക് കാരണം. ഇത്തരം ആവശ്യങ്ങള്‍ക്കായുള്ള എംഎല്‍എ ഫണ്ടും എംപി ഫണ്ടും ലാപ്സായി പോകുന്നതായും ആരോപണമുണ്ട്. കൂത്തുപറമ്പിനോട് ചേര്‍ന്ന് നില്ക്കുന്ന ചെറുപട്ടണമായ തൊക്കിലങ്ങാടിയില്‍ ഒരു കംഫര്‍ട്ട് സ്റ്റേഷനും ബസ് കാത്തിരിപ്പ് കേന്ദ്രവും വേണമെന്ന ആവശ്യവും നഗരസഭാ അധികൃതര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. നിരവധിയാളുകള്‍ ബന്ധപ്പെടുന്ന തൊക്കിലങ്ങാടിയെ അധികൃതര്‍ അവഗണിക്കുകയാണെന്ന പരാതിയുമുണ്ട്. കുടിവെള്ള പ്രശ്നത്തിന്റെയും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെതുമുള്പ്പടെ നിരവധി പ്രശ്നങ്ങള്‍ നഗരസഭയിലുണ്ട്. നിരവധി വര്‍ഷമായി നഗരസഭാ ഭരണം തുടര്‍ച്ചയായി കയ്യാളിയിട്ടും വികസന മുരടിപ്പ് മാത്രം ജനങ്ങള്‍ക്ക് സമ്മാനിച്ച് എല്‍ഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ വികസന അജണ്ട മുന്‍ നിര്‍ത്തിയാണ് ബിജെപിയുള്‍പ്പടെയുള്ള പ്രതിപക്ഷകക്ഷികള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: