സ്വന്തം ലേഖകന്‍
കണ്ണൂര്‍: മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ (എഎംവിഐ) നിയമനത്തിനായി നടത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉദ്യോഗാര്‍ത്ഥികളെ തിരുകിക്കയറ്റാന്‍ ശ്രമം നടക്കുന്നു. ഭരണതലത്തിലെ ഉന്നത രാഷ്ട്രീയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് അയോഗ്യരായ 67ഓളം പേരെ ലിസ്റ്റില്‍ തിരുകിക്കയറ്റാന്‍ പിഎസ്സി തീരുമാനിച്ചിരിക്കുന്നത്.
2015 ജൂലൈ 29ന് പ്രസിദ്ധീകരിച്ച എഎംവിഐ തസ്തികയിലേക്കുള്ള 1000പേരുടെ ചുരുക്കപ്പട്ടികയിലാണ് അനധികൃതമായും നിയമവിരുദ്ധമായും ഉദ്യോഗാര്‍ത്ഥികളെ തിരുകി ക്കയറ്റാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. 400പേരുടെ മെയിന്‍ ലിസ്റ്റും 600പേരുടെ സപ്ലിമെന്ററി ലിസ്റ്റുമായിരുന്നു പ്രസിദ്ധീകരിച്ചത്. ചുരുക്കപ്പട്ടികയില്പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും ശാരീരിക യോഗ്യതാ നിര്‍ണ്ണയവും ആഗസ്ത് മാസത്തില്‍ തന്നെ പൂര്‍ത്തിയായതാണ്. ഒക്ടോബര്‍ മാസത്തില്‍ അഭിമുഖം നടത്താനും തീരുമാനിച്ചതായിരുന്നു. ഇത്തരത്തില്‍ ലിസ്റ്റില്‍ നിന്ന് നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ മിക്കവാറും പൂര്‍ത്തിയായ ശേഷം ചുരുക്കപ്പട്ടികയിലേക്ക് 67പേരെ തിരുകിക്കയറ്റാനുള്ള പിഎസ്സിയുടെ നീക്കം നിലവിലുള്ള നിയമചട്ടങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയും മാനദണ്ഡങ്ങളും പ്രകാരം അപേക്ഷ ക്ഷണിച്ച് യോഗ്യതയില്ലാത്തവരെ ഒഴിവാക്കി പരീക്ഷ നടത്തി മെയിന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കാമെന്നിരിക്കെ നടത്തുന്ന തിരിമറി സംസ്ഥാന ഭരണത്തിലെ ഉന്നതരുടെ സഹായത്തോടെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പട്ടിക പ്രസിദ്ധീകരിച്ച് 3 മാസത്തിനുശേഷം ചുരുക്കപ്പട്ടികയിലുള്ളവരുടെ അവസരം നഷ്ടമാവുന്ന വിധത്തില്‍ ഉന്നത രാഷ്ട്രീയ സ്വാധീനത്തില്‍ പിന്വാതിലൂലൂടെ എഎംവിഐ തസ്തികയില്‍ അനര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരുകിക്കയറ്റാനുള്ള നീക്കത്തിനെതിരെ നിമനടപടികളിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: