കരുവാരക്കുണ്ട്: ലീഗ്-കോണ്‍ഗ്രസ് ബന്ധം പൂര്‍ണ്ണമായി തകര്‍ന്നടിഞ്ഞിരിക്കുകയാണ് കരുവാരക്കുണ്ടില്‍. കേരള എസ്റ്റേറ്റ്, കരുവാരക്കുണ്ട് എന്നീ വില്ലേജുകളിലായി പരന്നുകിടക്കുന്ന പഞ്ചായത്തില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. കോണ്‍ഗ്രസില്ലാത്ത ഒരു മുന്നണിയാണ് ലീഗിന്റെ ലക്ഷ്യം. 1956 മുതല്‍ 2015 വരെ നീണ്ട അറുപത് വര്‍ഷത്തെ പഞ്ചായത്ത് ഭരണത്തില്‍ ലീഗ് തന്നെയായിരുന്നു അമരക്കാര്‍. ലീഗിനൊപ്പം അന്നുമുതല്‍ നിന്നിരുന്ന കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. എല്‍ഡിഎഫിലും ഭിന്നത മറനീക്കി പുറത്തുവരുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് ബിജെപിക്കായിരിക്കും. സമീപകാലത്തായി ബിജെപിയിലേക്ക് ധാരാളം പ്രവര്‍ത്തകര്‍ എത്തുന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. 18 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ബിജെപിയുടെ തീരുമാനം. പ്രദേശികതലത്തില്‍ സാമുദായിക സംഘടനകളുമായി ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കിടെ നൂറോളം പേരാണ് കരുവാരക്കുണ്ട് പഞ്ചായത്തില്‍ ബിജെപിയിലേക്ക് എത്തിയത്. ഇടത് വലത് മുന്നണികളുടെ പ്രീണനരാഷ്ട്രീയത്തില്‍ മനംമടുത്താണ് തങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ഇവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. പഞ്ചാത്ത് ഭരണത്തില്‍ ഒരു മാറ്റം വേണമെന്ന് തന്നെയാണ് നാട്ടുകാരുടെയും അഭിപ്രായം. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി മണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹികളടക്കം പഞ്ചായത്തിലെത്തും.
സ്വതന്ത്രന് ഉള്‍പ്പെടെ എട്ട് അംഗങ്ങളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. മുന്‍ധാരണയുടെ അടിസ്ഥാനത്തില്‍ രണ്ടര വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടെങ്കിലും ലീഗ് കൊടുത്തില്ല. ഇതേ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. നാള്‍ക്കുനാള്‍ പ്രശ്നം രൂക്ഷമാകുകയും യുഡിഎഫ് സംവിധാനം തകരാറിലാകുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലില്‍ കോണ്‍ഗ്രസ് ലീഗിനെതിരെ അവിശ്വാസം വരെ കൊണ്ടുവന്നു.
തെരഞ്ഞെടുപ്പ് അടുത്തതോടെ എല്‍ഡിഎഫിലും പൊട്ടിത്തെറികള്‍ ആരംഭിച്ച് കഴിഞ്ഞു. പ്രധാനകക്ഷികളായ സിപിഎമ്മും സിപിഐയും നേരിട്ട് പോരിനിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. സിറ്റിംഗ് സീറ്റ് സിപിഐക്ക് നിഷേധിച്ചതാണ് പ്രധാന കാരണം. ഒറ്റക്ക് മത്സരിക്കാനാണ് ഇപ്പോള്‍ ഇരുപാര്‍ട്ടികളുടെയും തീരുമാനം. കഴിയുന്ന എല്ലാ വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് സിപിഐ പ്രഖ്യാപിച്ചു. എല്ലാ പാര്‍ട്ടികളും പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു പൊതുസമ്മതനെയാണ് തിരയുന്നത്. കരുവാരക്കുണ്ട് പഞ്ചായത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന വാശിയിലാണ് ബിജെപി. മിക്ക വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പൂര്‍ത്തിയായി കഴിഞ്ഞു. ലീഗിന്റെ ദുര്‍ഭരണം തന്നെയാണ് ബിജെപി ഉയര്‍ത്തികാട്ടുന്ന പ്രധാന വിഷയം. പൂര്‍ത്തിയാകാത്ത ജലനിധി പദ്ധതി, ഗ്രാമീണ റോഡുകളുടെ ശോചനീയവസ്ഥ, അഴിമതി ഇതിനെല്ലാം ലീഗ് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: