മാവേലിക്കര: ഇരുമുന്നണികളും മാറിമാറി ഭരിച്ചെങ്കിലും നഗരത്തിന്റെ അടിസ്ഥാന വിഷയങ്ങള്‍ക്ക് പോലും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് മാവേലിക്കര നഗരത്തിന്റെ ദുരവസ്ഥ. അവകാശവാദങ്ങള്‍ക്ക് പഞ്ഞമില്ലെങ്കിലും നഗരത്തിന്റെ അവസ്ഥ ഇന്നും പരാതാപകരം തന്നെ.
കഴിഞ്ഞ കൗണ്‍സിലിന്റെ തുടക്കത്തില്‍ എല്‍ഡിഎഫ്-13, യുഡിഎഫ്-13, ബിജെപി-2 എന്നതായിരുന്നു.
ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കിയെന്ന് ആരോപിച്ച് സിപിഎം കൗണ്‍സിലറെ പാര്‍ട്ടി നേതൃത്വം രാജിവയ്‌പ്പിച്ചു. തുടര്‍ന്ന് ഇവിടെ നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര അംഗം വിജയിക്കുകയും ചെയ്തു. ഇതോടെ എല്‍ഡിഎഫിന്റെ നില 12 ആയി.
യുഡിഎഫിനെ പുറത്താക്കാന്‍ ആദ്യം കൊണ്ടുവന്ന അവിശ്വാസം ബിജെപി വിട്ടുനിന്നതോടെ പരാജയപ്പെടുകയും എന്നാല്‍ ഏഴുമാസം മുന്‍പ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെ പാസാകുകയും എല്‍ഡിഎഫ് അധികാരത്തില്‍ എത്തുകയും ചെയ്തു. ഇക്കുറി ഭരണം പിടിക്കാനുള്ള ലക്ഷ്യത്തിലാണ് ഇരുമുന്നണികളും. എന്നാല്‍ ഇരു മുന്നണികള്‍ക്കും ഭീഷണിയായി നഗരസഭയിലെ ഭൂരിഭാഗം വാര്‍ഡുകളിലും ബിജെപി ശക്തമായ മത്സരമാണ് കാഴ്ചവയ്‌ക്കുന്നത്. നഗരസഭയില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നും നിര്‍ണ്ണായക ശക്തിയാകുമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇടതു വലതു മുന്നണികള്‍ക്ക് സീറ്റു നിര്‍ണ്ണയത്തില്‍ പ്രാഥമിക ഘട്ടം പോലും പിന്നിടാന്‍ സാധിക്കാത്ത അവസരത്തില്‍ ബിജെപി ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി മത്സര രംഗത്ത് വളരെ മുന്‍പിലാണ്.
സിപിഎം-10, കോണ്‍ഗ്രസ്-10, ബിജെപി-2, സിപിഐ-2, കേ.കോ(എം)-1, സിഎംപി-1, എല്‍ഡിഎഫ് (സ്വത)-1, സ്വതന്ത്രന്‍-1 എന്നതാണ് യുഡിഎഫ് 13, എല്‍ഡിഎഫ് 13 ബിജെപി രണ്ട് എന്നതാണ് നിലവിലെ കക്ഷിനില.
















