സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബിജെപി ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുന്നതെവിടെ എന്നതിന് എതിരാളികള്‍ പോലും സമ്മതിക്കുന്നത് തിരുവനന്തപുരം എന്നാണ്. പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയില്‍ അദ്ഭുതം കാണിക്കും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും അരുവിക്കരയിലും നേടിയ രാഷ്ടീയവിജയം തന്നെയാണ് ഈ വിലയിരുത്തലിന് കാരണം. അതിന് അടിവരയിടുന്നതാണ് തദ്ദേശതെരഞ്ഞെടുപ്പിനായി ബിജെപി ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍. അരുവിക്കര തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ ആത്മവിശ്വാസം കുറച്ചൊന്നുമല്ല പാര്‍ട്ടിയെ പ്രവര്‍ത്തന സജ്ജമാക്കിയത്. ഒത്തുപിടിച്ചാല്‍ തിരുവനന്തപുരം കോര്പ്പറേഷന് ഭരണം പിടിക്കാമെന്ന വിശ്വാസം പ്രബലമായി. അതിനുള്ള ശക്തമായ സംഘടനാപ്രവര്‍ത്തനമായിരുന്നു പിന്നീട്.
മണ്ഡലങ്ങളെ സാധ്യതയുടെ അടിസ്ഥാനത്തില്‍ തിരിച്ചു. അനായാസം ജയിക്കാവുന്നവ, ജയിക്കാവുന്നവ, പ്രതീക്ഷിക്കാവുന്നവ, ബുദ്ധിമുട്ടുള്ളവ എന്നിങ്ങനെ തിരിച്ച മണ്ഡലങ്ങളുടെ ചുമതല ഓരോ മുതിര്‍ന്ന നേതാവിനു നല്‍കുകയും ചെയ്തു. സ്ഥാനാര്‍ഥികളെക്കുറിച്ച് മുന്‍കൂട്ടി തീരുമാനം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, ഇടവിട്ട വിലയിരുത്തലുകള്‍, രാഷ്ട്രീയ വിശദീകരണയോഗങ്ങള്‍ എന്നിവയൊക്കെ ക്രമബന്ധിതമായി നടന്നു. തെരഞ്ഞടുപ്പ് പ്രഖ്യാപിക്കും മുമ്പേ തിരുവനന്തപുരത്ത് സര്‍വ്വ സജ്ജമായ പാര്‍ട്ടി ബിജെപി മാത്രമായിരുന്നു.
തുടര്‍ന്നാണ് ആറില്‍ നിന്ന് അറുപതിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി നഗരസഭയില്‍ മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. നൂറ് അംഗ നഗരസഭയില്‍ ബിജെപിക്ക് ആറ് അംഗങ്ങളാണ് ഇപ്പോഴുള്ളത്. അത് അറുപതാക്കുക എന്നതാണ് മുദ്രാവാക്യം. അത് ഒരിക്കലും അസാധ്യമല്ലെന്ന് രാഷ്ടീയ കാലാവസ്ഥയും കണക്കുകളും ചൂണ്ടികാട്ടി വിലയിരുത്തുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ നഗരസഭയിലെ 64 വാര്‍ഡുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അതില്‍ കുറെ വോട്ടുകള്‍ രാജഗോപാലിന്റെ വ്യക്തിത്വത്തിന് കിട്ടിയ വോട്ടാണെങ്കിലും പുതിയ രാഷ്ടീയ കാലാവസ്ഥ നേട്ടം നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിയും. വിഴിഞ്ഞം പദ്ധതിയും കഴക്കൂട്ടം ബൈപ്പാസ് വികസനം എന്നിവയും ബിജെപിക്ക് വോട്ടു നേടിക്കൊടുക്കും. ഏറ്റവും ഒടുവില്‍ ഉരുത്തിരിഞ്ഞ രാഷ്ടീയ സാഹചര്യം ബിജെപിയുടെ പ്രതീക്ഷയ്ക്ക് കൂടൂതല്‍ ശക്തിപകരുന്നു.
ആറില്‍ നിന്ന് അറുപതിലേക്കെന്ന മുദ്രാവാക്യവുമായി ബിജെപി മുന്നേറുമ്പോള്‍ ഇരു മുന്നണികളും പ്രതിരോധത്തിലും പതര്‍ച്ചയിലുമാണ്. മുന്നര പതിറ്റാണ്ടായി ഭരണത്തിലിരിക്കുന്ന സിപിഎം ഭരണം നഷ്ടപ്പെട്ടു എന്ന ഉറപ്പോടെയാണ് മത്സരത്തിന് തയ്യാറാകുന്നത്. ഏറ്റവും മോശം എന്ന പേരുമായി ഭരണം ഒഴിയുന്ന മേയര്‍ക്കെതിരെ സിപിഎം എംഎല്‍എ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. നഗരത്തെ ചവറുകൂനയാക്കിയതും നഗരസഭയെ അഴിമതിയുടെ കേന്ദ്രമാക്കിയതും ഒഴിച്ചാല്‍ ഒന്നും ചെയ്യാനാകാത്ത മേയര്‍ മത്സരരംഗത്തുനിന്നുതന്നെ പേടിച്ചോടിയിരിക്കുകയാണ്. പല വാര്‍ഡുകളിലും നല്ല സ്ഥാനാര്‍ഥികളെ കിട്ടാനില്ലാതെ ഇടതുമുന്നണി വിഷമിക്കുന്നു എന്നത് അവരുടെ അവസ്ഥ വ്യക്തമാക്കുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതി ഭരണവും വര്‍ഗീയ പ്രീണനവും തിരുവനന്തപുരം നഗരസഭയില്‍ തിരിച്ചടി നല്‍കും. സിപിഎം ജയിക്കരുതെന്നു കരുതി നേരത്തെ കോണ്‍ഗ്രസിന് വോട്ടു ചെയ്തിരുന്ന വലിയൊരു വിഭാഗം ഇത്തവണ ബിജെപിക്കാവും വോട്ടിടുക. തീരദ്ദേശ പ്രദേശങ്ങളിലെ ചില സീറ്റുകളൊഴികെ ഒരിടത്തും സീറ്റ് ഉറപ്പെന്നു പറയാന്‍ യുഡിഎഫിനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: