തിരുവനന്തപുരം: കഴക്കൂട്ടംമുക്കോല ദേശീയപാതയിലെ നാലായിരത്തി എഴുന്നൂറോളം മരങ്ങളുടെ ഭാവി ഇന്ന് തീരുമാനിക്കും. പാത വികസിപ്പിക്കുമ്പോള്‍ മുറിച്ചുമാറ്റാതെ സംരക്ഷിക്കാന്‍ കഴിയുന്ന മരങ്ങള്‍ കണ്ടെത്താന്‍ ഇന്ന് ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചീഫ് ജനറല്‍ മാനേജര്‍ ചിന്ന റെഡ്ഡി, മരം സംരക്ഷണത്തിനുള്ള സംഘടനയുടെ പ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നാലായിരത്തി എഴുനൂറോളം മരങ്ങളില്‍ നല്ലപങ്കും മുറിച്ച് മാറ്റേണ്ടി വരും. ഇതില്‍ പത്ത് ശതമാനത്തോളം മരങ്ങള്‍ നിലനിര്‍ത്താനാകുമോ എന്ന പരിശോധനയാണ് ഇന്ന് നടക്കുന്നത്. സംരക്ഷിക്കാവുന്ന മരങ്ങള്‍ കണ്ടെത്തിയശേഷം മറ്റുള്ളവ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. നാല്‍പ്പത്തിയഞ്ച് മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്ന ഹൈവേയുടെ മീഡിയനില്‍ മരം വച്ചുപിടിപ്പിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി അനുവദിക്കില്ല. മീഡിയനില്‍ കുറ്റിച്ചെടികള്‍ മാത്രമെ നട്ടുപിടിപ്പിക്കാനാവൂ. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈനുകളും കെഎസ്ഇബി, ബിഎസ്എന്‍എല്‍ എന്നിവയുടെ ലൈനുകളും ഹൈവേ വികസനത്തിന്റെ ഭാഗമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. എണ്ണൂറ്റി അന്‍പത്തിനാല് കോടി രൂപയുടെ ഹൈവേ വികസനം സമയബന്ധിതമായി തീര്‍ക്കേണ്ടതുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: