ഇരിട്ടി: ആറളം ഫാമിലെ തൊഴിലാളികള്‍ക്ക് മറ്റു ഫാമുകളിലെ തൊഴിലാളികള്‍ക്ക് നല്‍കുന്നതിന് സമാനമായ വേതനം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 10.01.2011 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആറളം ഫാമിലെ തൊഴിലാളികളുടെ വേതനം കേരള സര്‍ക്കാരിന്റെ മറ്റു ഫാമുകളിലെ തൊഴിലാളികളുടെ വേതനത്തിന് സമാനമായി 01.01.2010 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്കരിച്ചു ഉത്തരവായിരുന്നു. എന്നാല്‍ വേതന നിര്‍ണ്ണയത്തില്‍ തൊഴിലാളികളുടെ മുന്‍കാല സേവനം കണക്കിലെടുക്കാത്തതിനെതിരെ പ്രതിഷേധ മുയര്ന്നതിനാല് ഇവരുടെ മുന്‍കാല സേവനം കൂടി കണക്കിലെടുത്ത് കൊണ്ട് ഗ്രേഡ് അനുസരിച്ചുള്ള ശമ്പള സ്കെയില്‍ 27.06.2012 ലെ നിര്‍ദ്ദേശ പ്രകാരം ഉത്തരവായിരുന്നു.
ആറളം ഫാം മാനേജിംഗ് ഡയരക്ടറുടെ 09.02.2015 ലെ കത്ത് പ്രകാരം 01.01.2010 മുതല്‍ നടപ്പാക്കിയ വേതന പരിഷ്കരണത്തിന്റെ കാലാവധിയായ 5 വര്‍ഷം 31.12.2014 ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അടുത്ത വേതന പരിഷ്കരണത്തിന് തൊഴിലാളികള്‍ 01.01.2015 മുതല്‍ അര്‍ഹാരായതിനാല്‍ സര്‍ക്കാര്‍ ഉത്തരവ് 27.06.2012 പ്രകാരം കേരളാ സര്‍ക്കാര്‍ ഫാമുകളില്‍ നടപ്പാക്കിയ വേതന പരിഷ്കരണം അനുസരിച്ചുള്ള ഗ്രേഡ് ശമ്പള സ്കെയിലുകളും അനുബന്ധ അലവന്‍സുകളും ആറളം ഫാമിലെ തൊഴിലാളികള്‍ക്കും 01.01.2015 മുതല്‍ നല്കാന് ശുപാര്‍ശ ചെയ്തിരുന്നു. ഈ വിഷയത്തില്‍ ധനവകുപ്പിന്റെ അഭിപ്രായത്തിനായി ഫയല്‍ തന്നെ ഭരണ വകുപ്പില്‍ നിന്നും സമര്‍പ്പിച്ചിരുന്നു. പ്രസ്തുത വിഷയത്തില്‍ മന്ത്രിസഭയുടെ അംഗീകാരം നേടിയിട്ടുള്ള സാഹചര്യത്തില്‍ ഈ ഉത്തരവില്‍ ധനവകുപ്പിന് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ലെന്ന് ഭരണ വകുപ്പിനെ അറിയിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഈ വിഷയം വിശദമായി പരിശോധിച്ച് 01.01.2015 മുതല്‍ ശമ്പള പരിഷ്കരണത്തിന് ആറളം ഫാമിലെ ഫണ്ടില്‍ നിന്നും തൊഴിലാളികള്‍ക്ക് നല്കുവാനാണ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: