ആലപ്പുഴ: ചൈതന്യമഠം നാഗരാജ ആല്‍ത്തറ നശിപ്പിക്കാന്‍ നീക്കം. വെട്ടിക്കോട്ട് ആയില്യം നാളില്‍ ആരാധന നടത്തുന്ന ബോധിത്തറയാണ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. നൂറ്റാണ്ടുകളായി തീരദേശവാസികള്‍ ആരാധന നടത്തിവരുന്ന ആല്‍മരം ഭരണ- പ്രതിപക്ഷ എംഎല്‍എമാരുടെയും എംപിമാരുടെയും ഒത്താശയോടെ വെട്ടിനശിപ്പിക്കാനാണ് നീക്കം നടക്കുന്നത്.
കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് പുനരധിവാസം നടത്തേണ്ട സര്‍ക്കാര്‍ വികസനത്തിന്റെ പേരില്‍ ഹിന്ദുസമാജത്തിന്റെ ആരാധനാലയത്തെ നശിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണെന്ന് ആക്ഷേപമുയരുന്നു. ആല്‍മരത്തിന് ഹാനി ഉണ്ടാക്കുന്ന ഏതു പ്രവൃത്തിയും എന്തുവിലകൊടുത്തും നേരിടുമെന്ന് ബോധി വൃക്ഷ സംരക്ഷണ സമിതിയോഗം തീരുമാനിച്ചു.
ഇതോടനുബന്ധിച്ച് നടത്തുന്ന ആത്മീയ പ്രബോധയോഗത്തില്‍ മുന്നോടി ദേവസ്ഥാനം പ്രസിഡന്റ് എ.ആര്‍. ബാബു അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് ആര്‍. രുദ്രന്‍, ജില്ലാ സെക്രട്ടറി വി.ആര്‍എം. ബാബു, പ്രകൃതി ജീവനസംഘ് ഉണ്ണികൃഷ്ണന്‍, അരയ യോഗക്ഷേമസഭ മുന്നോടി ദേവസ്ഥാനം സെക്രട്ടറി എം. അജിത്കുമാര്‍, 760-ാം നമ്പര്‍ എസ്എന്‍ഡിപിയോഗം സെക്രട്ടറി പി.പി. സജീവന്‍, പി.പി. അനില്‍കുമാര്‍, വി.പി. മധു എന്നിവര്‍ സംസാരിച്ചു.
















