തിരുവനന്തപുരം: ബഹിരാകാശത്തിലെ വിസ്മയകാഴ്ചകളും ചരിത്രനേട്ടങ്ങളും തുറന്നുകാട്ടി ഐഎസ്ആര്‍ഒ കനകകുന്നില്‍ സ്പെയ്സ് എക്സ്പോ ആരംഭിച്ചു.1988 ല്‍ വിക്ഷേപിച്ച ആദ്യ വിദൂര സംവേദന ഉപഗ്രഹമായ ഐ ആര് എസ് 1 എ മുതല്‍ 2013 ല്‍ വിക്ഷേപിച്ച സരള്‍ വരെ പ്രദര്‍ശനത്തിലുണ്ട്.
സ്പെയ്സ് ആപ്ലിക്കേഷന്‍,ത്രീഡി മാപ്പിംഗ്, ചലച്ചിത്ര പ്രദര്‍ശനം എന്നിവ എക്സ്പോയിലെ മുഖ്യ ആകര്‍ഷണമാണ്. ബഹിരാകാശം നിത്യജീവിതത്തില്‍ എന്ന ആമുഖമെഴുതി പൊതുജനങ്ങള്‍ക്കായി സൗജന്യ പ്രദര്‍ശനം ഒരുക്കുകയാണു ഐഎസ്ആര്‍ഒ ചന്ദ്രയാന്‍, ചൊവ്വ ദൗത്യം, മംഗള്യാന്,വരാനിരിക്കുന്ന ആദിത്യ തുടങ്ങി കഴിഞ്ഞ 28 ന് ലോഞ്ച് ചെയ്ത ആകാശ ജ്യോതിശാസ്ത്ര ഉപഗ്രഹമായ ആസ്ട്രോസാറ്റിന്റെ വരെ വിശേഷങ്ങള്‍ അറിയാന്‍ എക്സ്പോയില്‍ സൗകര്യമുണ്ട്. ഐഎസ്ആര്‍ഒയിലൂടെ കഴിഞ്ഞ 50 വര്‍ഷം ജനങ്ങള്‍ക്ക് ലഭിച്ച നേട്ടങ്ങളുടെ പട്ടികയും ഇവിടെ കാണാം.
ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ബഹിരാകാശ രംഗത്തെ ഗവേഷണഫലങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്രദമായി മാറിക്കഴിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ചിട്ടുളള സ്പെയിസ് എക്സ്പോ 2015 ന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ രംഗത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തളളാന് ഒരു ശക്തിക്കും കഴിയാത്തവിധം ഇന്ത്യ ഉയരങ്ങളിലേക്ക് പോയതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിഎസ്എസ്സി ഡയറക്ടര്‍ ഡോ കെ.ശിവന് അദ്ധ്യക്ഷനായിരുന്നു. കെ.മുരളീധരന് എംഎല്‍എ, മേയര്‍ കെ. ചന്ദ്രിക, ഡോ എ.കെ. അനില്‍കുമാര്‍, ഐഐഎസ്യു ഡയറക്ടര്‍ ഡോ പി.പി. മോഹന്‍ലാല്‍, വിഎസ്എസ്സി ചീഫ് കണ്ട്രോളര് എസ്.ആര്.വിജയമോഹനകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്നു മുതല്‍ രാവിലെ 10 മുതല്‍ രാത്രി ഒന്‍പതു വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രദര്‍ശനം കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: