അമ്പലപ്പുഴ: അപൂര്‍വ്വ രോഗം ബാധിച്ച ബാലന്‍ കാരുണ്യമതികളുടെ സഹായം തേടുന്നു. തകഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഇരുമ്പുതറ വീട്ടില്‍ രാജേഷ്-രജിത ദമ്പതികളുടെ മകന്‍ പൃഥ്വിരാജ്(9) ആണ് അപൂര്‍വ്വരോഗത്തിന് അടിമയായിരിക്കുന്നത്.
അരയ്‌ക്ക് താഴെ മസിലിന്റെ കോശം നശിക്കുന്ന അപൂര്‍വ്വരോഗം പൃഥ്വിരാജ് ജനിച്ച നാള്‍മുതല്‍ ഉണ്ട്. ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ന്യൂറോവിഭാഗത്തിലെ ചികിത്സയിലാണ് കുട്ടി. നടക്കാനും ഇരിക്കാനും ബുദ്ധിമുട്ടനുഭവിക്കുന്ന പൃഥ്വിരാജ് നടക്കുമ്പോള്‍ വീഴും. എപ്പോഴും സഹായത്തിന് ഒരാള്‍ ഉണ്ടാവണം. കരുമാടി ഗവ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ പൃഥ്വിരാജ് രോഗം കാരണം സ്‌കൂളിലും പോകുന്നില്ല.
കൂലിപ്പണിക്കാരനായ രാജേഷിന് മകനു വേണ്ട ചികിത്സനല്‍കി രോഗം ഭേദമാക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം ചികിത്സ താങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്.
അഞ്ചുവര്‍ഷം മുന്‍പ് ഇഎംഎസ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീട്ടിലാണ് ഇളയമകള്‍ പൗര്‍ണമിയുമൊപ്പം താമസം. വെല്ലൂര്‍ ആശുപത്രിയില്‍ പൃഥ്വിരാജിന് മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്ന് അറിയാമെങ്കിലും ഇതിനുള്ള മാര്‍ഗ്ഗമില്ലാതെ ആശങ്കയിലാണ് ഈ കുടുംബം. കാരുണ്യമതികള്‍ കനിഞ്ഞാല്‍ പൃഥ്വിരാജ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരും.
















