മണ്ണഞ്ചേരി: ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡില്‍ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിന്റെ സമീപം നിന്ന് ആരംഭിച്ച് ചെറിയ കലവൂര്‍ ക്ഷേത്രത്തിന്റെ സമീപം അവസാനിക്കുന്ന റോഡിന്റെ അവസ്ഥ പരിതാപകരം.
കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍, ബസ്സ്‌സറ്റാന്‍ഡ്, നാഷണല്‍ ഹൈവേ, മാര്‍ക്കറ്റ് എന്നീ നിത്യ ജീവിതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഇവിടുത്തെ ജനങ്ങള്‍ക്കു സഞ്ചരിക്കുവാന്‍ ഉള്ള ഏക റോഡാണിത്.
കലവൂര്‍ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം നിന്ന് റോഡ് ആരംഭിക്കുന്ന സ്ഥലം കോണ്‍ക്രീറ്റ് ചെയ്തിരിക്കുകയാണ്. കോണ്‍ക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് സൈക്കിളില്‍ പോലും യാത്ര ചെയ്യാന്‍ പോലും പറ്റാത്ത അത്ര ശോചനീയമാണ്. പ്രായമുള്ളവര്‍ കോണ്‍ക്രീറ്റ് റോഡില്‍ മറിഞ്ഞ് വീഴുന്നത് നിത്യ സംഭവമാണ്. ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ നിന്നും ഈ റോഡിനെയും വാര്‍ഡിനെയും അധികാരികള്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണ്. റോഡ് തുടങ്ങുന്ന ഭാഗത്ത് കോണ്‍ക്രീറ്റാണ് അത് കൊണ്ട് പൈപ്പിലൈന്‍ ഇടുവാന്‍ ബുദ്ധിമുട്ടാണ് എന്നിങ്ങനെ കാരണങ്ങള്‍ നിരത്തുന്നു. റോഡിന്റെ ഇപ്പോഴത്തെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ എംഎല്‍എ മുന്‍കൈ എടുക്കണമെന്ന് ആവശ്യമുയരുന്നു.
















