ചേര്‍ത്തല: ദേശീയപാതയില്‍ അനുദിനം അപകടങ്ങള്‍ വര്‍ദ്ധിച്ചിട്ടും പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മായിത്തറ, തിരുവിഴ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നടന്ന നാല്് അപകടങ്ങളിലായി മരിച്ചത് ആറ് പേര്, പരിക്കേറ്റത് എട്ടോളം പേര്‍ക്ക്. കഴിഞ്ഞ ദിവസം കാനറാബാങ്കിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് സൈക്കിള്യാത്രക്കാരന് മരിച്ചതാണ് അപകടപരമ്പരകളില്‍ ഒടുവിലത്തേത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 11-ാം വാര്‍ഡ് വെളുത്തേടത്ത് വെളി മണി(60) ആണ് മരിച്ചത്. അതിനു മുന്‍പ് അര്‍ദ്ധരാത്രിയിലുണ്ടായ അപകടത്തില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ മറ്റൊരു ലോറി ഇടിച്ച് തമിഴ്നാട് സ്വദേശിയും, റോഡ് മുറിച്ചുകടക്കുവാന് ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിടിച്ച് സമീപവാസിയും മരിച്ചത്. കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചത് ഇതേ സ്ഥലത്ത് തന്നെയായിരുന്നു.
ദേശീയപാത ചോരക്കളമാകുമ്പോഴും നടപടി സ്വീകരിക്കേണ്ട പോലീസ് ഉള്‍പ്പെടെയുള്ള അധികാരികള്‍ ഹെല്‍മെറ്റ് വേട്ടയിലാണ് താല്‍പ്പര്യം കാണിക്കുന്നതെന്ന് വ്യാപകമായി പരാതിയുണ്ട്. ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് മുതല്‍ തിരുവിഴ കവല വരെ രാത്രികാലങ്ങളില്‍ നിരവധി വാഹനങ്ങളാണ് പാര്‍ക്ക് ചെയ്യുന്നത്. അന്യസംസ്ഥാന ലോറികളാണിതിലധികവും. ദേശീയപാതയില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ അടുത്തെത്തുമ്പോഴാണ് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കണ്ണില്‍ പെടുന്നത്.
റോഡിന്റെ വീതിക്കുറവാണ് അപകടത്തിന് മറ്റൊരു കാരണം. എറണാകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ചേര്‍ത്തലവരെയുളള നാലുവരിപാതയില്‍ നിന്ന് ഇടുങ്ങിയ റോഡിലേക്ക് കടക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇതുസംബന്ധിച്ച് സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. വാഹനങ്ങള്‍ പെരുകിയതിന് അനുസരിച്ച് റോഡിന്റെ വികസനം സാദ്ധ്യമാക്കുവാന്‍ ഭരണസംവിധാനങ്ങള്‍ക്ക് കഴിയാത്തതും പോരായ്മ തന്നെ. ദേശീയപാതയില്‍ അശ്രദ്ധയോടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ പോലീസും, മോട്ടോര്‍ വാഹനവകുപ്പും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















