വി.പി.ജിതേഷ്
പാനൂര്‍: ചെങ്കോട്ടകളില്‍ ഹൈന്ദവ ദേശീയതയുടെ കാഹളം മുഴക്കി ഹിന്ദുഐക്യവേദി പദയാത്രകള്‍. കണ്ണൂരിലെ 9 മുനിസിപ്പാലിറ്റി, 81 പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കാവികൊടിയേന്തി ആയിരങ്ങള്‍ പദയാത്രയില്‍ അണിനിരന്നു. നവംബര്‍ 2ന് ജില്ലയില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധതയ്ക്കും, നുണപ്രചരണത്തിനും ശക്തമായ താക്കീത് നല്കി, ജനങ്ങളില്‍ ആത്മവിശ്വാസം പടര്‍ത്തിയാണ് യാത്രകള്‍ ഗ്രാമനഗര വ്യത്യാസമില്ലാതെ പ്രയാണം ചെയ്തത്. പേരാവൂര്‍, പന്ന്യന്നൂര്‍ തുടങ്ങിയ ഏതാനും പഞ്ചായത്തുകളില്‍ വരും ദിവസങ്ങളില്‍ പദയാത്രകള്‍ നടക്കും. 10ന് പദയാത്രകള്‍ക്ക് സമാപനം കുറിക്കും. സെപ്തംബര്‍ 16 മുതല്‍ ആരംഭിച്ച പദയാത്രയ്ക്ക് പിന്നില്‍ എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സാമുദായിക സംഘടനകളും അണിനിരന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ തളിപ്പറമ്പ് കൂവോട്ടു സിപിഎം സംഘടിപ്പിച്ച ഘോഷയാത്രയില്‍ ആദ്ധ്യാത്മിക നവോത്ഥാന ആചാര്യന് ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റിയ നടപടിയില്‍ ഉയര്‍ന്ന ഹൈന്ദവ വികാരത്തിന്റെ ഔന്നത്യം ഏറെയായിരുന്നു. മുഴുവന്‍ സമൂഹവും പ്രതികരിച്ചതോടെ മാപ്പപേക്ഷയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു.കാലങ്ങളായി ഹിന്ദുത്വത്തിനു നേരെ സിപിഎം അനുവര്‍ത്തിച്ചു വരുന്ന കുത്സിത നീക്കമായിരുന്നു കൂവോട്ട് അരങ്ങേറിയത്. ഇതില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഈങ്ങയില്‍പീടികയിലെ ഗുരു പ്രതിമ തകര്‍ത്ത് ആര്‍എസ്എസിന്റെ തലയിലിടാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍എസ്എസിന്റെ പ്രാന്തീയ നേതാക്കളുടെ ആഹ്വാനത്തില്‍ ജില്ല മുഴുവന്‍ സിപിഎം നിലപാട് തുറന്നുകാട്ടി പദയാത്ര നടത്താന്‍ ഹിന്ദുഐക്യവേദി തയ്യാറായത്. ചെങ്കോട്ടകളില്‍ നേരു നിരത്തി നേതാക്കള്‍ പ്രസംഗിച്ചു. നിരവധി കേന്ദ്രങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ യാത്രയ്ക്ക് സ്വീകരണമൊരുക്കി.
പ്രസംഗം ശ്രവിക്കാന്‍ ആയിരങ്ങള്‍ അണിനിരന്നു. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ സിപിഎം ജനിതക സ്വഭാവം പുറത്തെടുക്കുകയും ചെയ്തു. ചൊക്ലി പഞ്ചായത്തില്‍ യാത്ര തടസപ്പെടുത്തുകയും ജാഥാലീഡര്‍ രണേഷിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ചിറ്റാരിപ്പറമ്പില്‍ റോഡില്‍ കല്ലും, മരങ്ങളും നിരത്തി പദയാത്ര തടയാന്‍ ശ്രമിച്ചു. മാലൂര്‍ തരിപ്പ ഭാഗത്ത് നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ ഉടുമുണ്ടു പൊക്കി കാണിച്ച സഖാക്കള്‍ സ്വന്തം സംസ്കാരം സംശയലേശമന്യേ തെളിയിച്ചു. കല്യാശേരി, പിണറായി എന്നിവിടങ്ങളിലും അസഹിഷ്ണുത സിപിഎം പ്രകടമാക്കി. ആര്‍എസ്എസ് നേതാക്കളായ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, വത്സന് തില്ലങ്കേരി, ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്, ശോഭാസുരേന്ദ്രന്, എന്‍ടിയു നേതാവ് സി.സദാനന്ദന് മാസ്റ്റര്‍, ഹിന്ദുഐക്യവേദി നേതാക്കളായ കുമ്മനം രാജശേഖരന്, കെപി.ശശികല, കെപി.ഹരിദാസ്, ആര്.വി.ബാബു, ഇ.എസ്.ബിജു, മാതൃസമിതി നേതാക്കളായ നിഷാസോമന്‍, ഓമന, മത്സ്യ പ്രവര്‍ത്തക സംഘം നേതാവ്.കെ.രാധാകൃഷ്ണന്, കേസരി മുഖ്യപത്രാധിപന്‍ എന്‍ആര്‍.മധു തുടങ്ങിയ സംഘപരിവാര്‍ നേതാക്കള്‍ വിവിധ പരിപാടികളില്‍ പ്രസംഗിച്ചു. സിപിഎമ്മിന്റെ നുണപ്രചരണങ്ങളെ പൊളിച്ചടക്കിയ വാക്ക്ധോരണികളാല് പദയാത്ര ഹൃദ്യമായി. സാമുദായിക സ്പര്‍ദ്ദ വളര്‍ത്താനും, ന്യൂനപക്ഷ പ്രീണനം നടത്താനും ജയരാജാധികള്‍ ജില്ലയില്‍ നടത്തിയ ഹിഡന്‍ അജഡകള്‍ പദയാത്രയില്‍ തുറന്നുകാട്ടി. അക്രമവും, ഹിന്ദുവിരുദ്ധതയും, ഗീബല്സീയന് നുണയ്ക്കുമെതിരെ പദയാത്രയില്‍ മുദ്രാവാക്യമുയര്‍ന്നു. തലശേരി കലാപത്തിലെ സിപിഎംപങ്ക്, എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ പെരുന്നാള്‍ തലേന്ന് സാമുദായിക കലാപമുണ്ടാക്കാന്‍ വെട്ടികൊന്നതുമെല്ലാം പരസ്യമാക്കപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് പരിപാടിയൊരുക്കി നിസ്ക്കാര പായവിരിച്ചതും, ഹിന്ദുവിന് ഗണപതിഹോമം നിഷേധിച്ചതും ഇന്ന് പാര്‍ട്ടിഗ്രാമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട് പദയാത്ര കടന്നു പോയ പാര്‍ട്ടി കേന്ദ്രങ്ങളില്‍ സിപിഎം വിശദീകരണ പൊതുയോഗങ്ങളും, മതേതരകൂട്ടായ്മയും സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ ജനവികാരമുയര്‍ത്താന്‍ ഹിന്ദുഐക്യവേദി പദയാത്രകള്‍ക്ക് സാധിച്ചു കഴിഞ്ഞൂവെന്നത് വ്യക്തമാക്കുന്നതാണ് സിപിഎം നീക്കം. സംഘപരിവാര്‍ നേതാക്കളായ സോഹന്‍ലാല്‍ ശര്‍മ്മ, കൊല്ലംമ്പറ്റ പ്രേമന്, കെ.രാജേഷ് തുടങ്ങിയ നേതാക്കളാണ് പദയാത്രയുടെ മുഖ്യസംഘാടകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: